രണ്ടു വനിതകൾ ഗോദയിൽ ഗുസ്തി മത്സരം നടത്തുന്ന വീഡിയോ പല പല വിവരണത്തോടെ കലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

വീഡിയോയിൽ നമുക്ക് രണ്ട് വനിതകൾ തമ്മിലുള്ള ഗുസ്തി മത്സരത്തിന്‍റെ ദൃശ്യങ്ങൾ കാണാം. റിങ്ങിൽ നിൽക്കുന്ന വനിത ആദ്യം പ്രേക്ഷകരെ നോക്കിയാണ് വെല്ലുവിളിക്കുന്നത്. വെല്ലുവിളി സ്വീകരിച്ച് കാവി നിറത്തിലെ ചുരിദാർ ധരിച്ച മറ്റൊരു വനിത റിങ്ങിലേക്ക് വരികയും ഇവർ തമ്മിൽ ആദ്യം വാദപ്രതിവാദവും പിന്നീട് ഗുസ്തി മല്‍സരവും നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഗോദയിൽ നിൽക്കുന്ന കറുത്ത നിറത്തിലെ വസ്ത്രം ധരിച്ച സ്ത്രീ പാകിസ്ഥാനിൽ നിന്നുള്ളതാണെന്നും വെല്ലുവിളി സ്വീകരിച്ച് ചെന്ന് ഗുസ്തി മത്സരത്തിൽ ഏർപ്പെട്ട് അവരെ തോൽപ്പിക്കുന്ന വനിത ഇന്ത്യക്കാരിയാണെന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ:” ദുബായിൽ നടന്ന വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാൻ വനിതാ ഗുസ്തി താരം ജേതാക്കളായി.

ഇന്ത്യൻ സ്ത്രീകളെ പരിഹസിച്ചുകൊണ്ട്, ഏതെങ്കിലും ഇന്ത്യൻ സ്ത്രീ തന്നോട് മത്സരിക്കുമോ എന്ന് വേദിയിൽ വെല്ലുവിളിച്ചു.

തമിഴ്‌നാട്ടിൽ നിന്നുള്ള കവിതാ വിജയലക്ഷ്മി എന്ന ഇന്ത്യൻ യുവതി, താൻ തയ്യാറാണെന്ന് പെട്ടെന്ന് കൈ പൊക്കി.

നമ്മുടെ അഭിമാനം കാത്തവൾ.

തുടർന്ന് കാണുക.

👍🏻👍🏻(അല്ലു അർജുൻ പറഞ്ഞപോലെ നിങ്ങൾ ഇന്ത്യകാരാണോ എന്നത് അല്ല നിങ്ങളുടെ ഉള്ളിൽ ഇന്ത്യ ഉണ്ടോ എന്ന് ഇതുകാണുമ്പോൾ കമന്റായി വരും )”

FB postarchived link

എന്നാൽ തെറ്റായ പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിൽ കാണുന്നത് യഥാർത്ഥ ഗുസ്തി മത്സരമല്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

വീഡിയോ നിരീക്ഷിച്ചാൽ ഗോദയുടെ വശങ്ങളിലെ ഗാലറിയിൽ CWE എന്ന് എഴുതിയിട്ടുള്ളത് കാണാം. CWEയുടെ അര്‍ഥം കോണ്ടിനെന്‍റല്‍ വ്രെസ്റ്റ്ലിംഗ് എന്‍റര്‍റ്റെന്‍മെന്‍റ് എന്നാണ്. അമേരിക്കയിലെ പ്രശസ്ത വേള്‍ഡ് വ്രെസ്റ്റ്ലിംഗ് എന്‍റര്‍റ്റെന്‍മെന്‍റ് (WWE)യിലെ ഇന്ത്യന്‍ താരം ദി ഗ്രേറ്റ് ഖാലിയാണ് ഈ സ്ഥാപനത്തിന്‍റെ സ്ഥാപകന്‍. WWEയുടെ ഇന്ത്യന്‍ പതിപ്പാണ് CWE.

WWE ഗുസ്തിയുടെയും തിയറ്ററിന്‍റെയും ഒരു മിശ്രിത രൂപമാണ്. ഇതില്‍ ഗുസ്തിക്കാര്‍ പല കഥപാത്രങ്ങളെ അവതരിപ്പിക്കും. ഇതിനെ ഗിമ്മിക്ക് എന്ന് പറയും. ഒരു ഗുസ്തി മല്‍സരം നടക്കുന്നതിന് മുമ്പേ രണ്ട് ഗുസ്തികാര്‍ തമ്മില്‍ എങ്ങനെ ശത്രുത ഉണ്ടാവുന്നു എന്ന് കാണിക്കുന്ന ചെറിയ നാടകങ്ങളുണ്ടാകും. ഇതിനെ സ്റ്റോറിലൈന്‍ എന്ന് പറയും. സ്റ്റോറിലൈനിന്‍റെ അവസാനം ഈ രണ്ട് ഗുസ്തിക്കാരും മല്‍സരത്തില്‍ ഏര്‍പ്പെടും. CWEയും ഇതേ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ വീഡിയോയില്‍ കാണുന്നത് യഥാര്‍ത്ഥ ഗുസ്തി മല്‍സരമല്ല.

വീഡിയോയില്‍ കാണുന്ന രണ്ട് ഗുസ്തിക്കാരികളും ഇന്ത്യക്കാരികള്‍ തന്നെയാണ്. പാകിസ്ഥാനിലെ ഗുസ്തിക്കാരി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വനിതയുടെ യഥാര്‍ത്ഥ പേര് സരബ്ജീത് കൌര്‍ എന്നാണ്. സരബ്ജീത് പഞ്ചാബിയാണ്. അവരുടെ റിംഗിലെ പേര് ബി.ബി. ബുള്‍ ബുള്‍ എന്നാണ്. സരബ്ജീത് ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രൊ റേസ്ലരാണ്. അവരുടെ പഞ്ചാബിയില്‍ ഒരു അഭിമുഖം നമുക്ക് താഴെ കാണാം.

യഥാര്‍ത്ഥത്തില്‍ കവിത ദേവി എന്ന മറ്റൊരു വനിതാ പ്രൊഫഷണല്‍ ഗുസ്തിക്കാരിയാണ്. വൈറ്റ്ലിഫ്റ്റിങ്ങിലും പവര്‍ലിഫ്റ്റിങ്ങിലും താരമായിരുന്ന കവിത WWEയില്‍ ഗുസ്തി മല്‍സരം കാഴ്ച വയ്ക്കുന്നു.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന രണ്ടും ഗുസ്തിക്കാരികളും ഇന്ത്യക്കാര്‍ തന്നെയാണ്. 2016ല്‍ CWE എന്ന ഗുസ്തി ക്ലബ്ബിന്‍റെ പ്രമോയുടെ ഭാഗമായുള്ള അവതരണത്തിന്‍റെ ദൃശ്യങ്ങളാണ് ഇന്ത്യക്കാരി പാകിസ്ഥാനി ഗുസ്തിക്കാരിയെ റിംഗില്‍ പരാജയപ്പെടുത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:“പാകിസ്താനിയെ ഗോദയില്‍ തറപറ്റിച്ച് ഇന്ത്യന്‍ ഗുസ്തിക്കാരി..?” വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ...

Written By: Vasuki S

Result: False