
വിവരണം
Krishnakumar Vakapparambil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 2 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിട്ടുള്ളത് ഒരു പൊതു അറിയിപ്പാണ്. കേരളം പോലീസ് ആക്ട് 2011 ചാപ്റ്റർ 5 33(2) പ്രകാരം “പോലീസിന്റെ നടപടികൾ പൊതുജനത്തിന് വീഡിയോ എടുക്കാം, പോലീസ് അത് തടയാൻ പാടില്ല ” എന്ന വിവരമാണ് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.

archived link | FB post |
പോലീസിന്റെ പേരിൽ നിരവധി അറിയിപ്പുകൾ നമ്മൾ സാമൂഹിക മാധ്യമങ്ങളിൽ കാണാറുണ്ട്. ഇത്തരത്തിൽ പ്രചരിച്ചവയിൽ ഏതാനും പോസ്റ്റുകൾ ഞങ്ങൾ വസ്തുതാ പരിശോധനയ്ക്ക് എടുത്തിരുന്നു. വിശ്വസനീയമെന്ന് തോന്നുന്നവയും പൊതുജനങ്ങൾക്ക് ഉപകാരപ്രദവുമായ അറിയിപ്പുകൾ പങ്കുവച്ചവയുമായ പോസ്റ്റുകൾക്ക് പക്ഷേ പോലീസുമായി ദൗർഭാഗ്യവശാൽ യാതൊരു ബന്ധവുമില്ലായിരുന്നു. ഇതും അത്തരത്തിൽപ്പെട്ടതാണോ അതോ പോലീസ് ആക്റ്റിൽ ഇത്തരം ഒരു വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് നമുക്ക് തിരഞ്ഞു നോക്കാം..
വസ്തുതാ പരിശോധന
ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് സത്യമാണോ എന്നറിയാനായി പോലീസ് ആക്ട് 2011 പരിശോധിച്ചു നോക്കി. കേരളത്തിലെ പോലീസ് സേനയുടെ രൂപീകരണവും നിയന്ത്രണവും അധികാരങ്ങളും കർത്തവ്യങ്ങളും സംബന്ധിച്ച നിയമം ക്രോഡീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വേണ്ടിയുള്ള ആക്റ്റ് ആണിത്. പോലീസ് സേനയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പ്രത്യക്ഷത്തിൽ അറിയാത്തതായ നിയമങ്ങളെപ്പറ്റി ആക്റ്റിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാകുന്ന വ്യക്തിയോടും പൊതുജനങ്ങളോടും പോലീസ് ഉദ്യോഗസ്ഥർ എങ്ങനെയാണ് പെരുമാറേണ്ടത്, എന്തൊക്കെ സഹായങ്ങളാണ് പോലീസ് സ്റ്റേഷൻ വഴി വ്യക്തികൾക്ക് ലഭിക്കുക എന്നതിനെ പറ്റിയെല്ലാം വ്യക്തമായി ആക്റ്റിൽ വിവരിക്കുന്നു.
പോസ്റ്റിൽ നൽകിയിട്ടുള്ള നിയമവും ആക്ടിൽ വിവരിക്കുന്നുണ്ട്. എന്നാൽ ഒരു ഭേദഗതിയുണ്ട് എന്നുമാത്രം. ആക്ടിന്‍റെ പ്രസക്ത ഭാഗത്തിന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived link | slideshare |
അതിൽ നൽകിയിരിക്കുന്നത് ഇപ്രകാരമാണ് : ഒരു പോലീസ് ഉദ്യോഗസ്ഥനും ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്‍റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ പൊതുജനങ്ങളിൽ ആരെങ്കിലും നിയമവിധേയമായി എടുക്കുന്നതിനെ തടയാൻ പാടുള്ളതല്ല. അതായത് ആർക്കും എപ്പോഴും എങ്ങനെയും പോലീസ് നടപടികളുടെ വീഡിയോ എടുക്കാം എന്ന് നിയമം അർത്ഥമാക്കുന്നില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്.
അവയെപ്പറ്റി കൂടുതൽ അറിയാനായി സംസ്ഥാന പോലീസ് മീഡിയ സെൽ ഡെപ്യുട്ടി ഡയറക്റ്റർ പ്രമോദ് കുമാറുമായി ബന്ധപ്പെട്ടു. അദ്ദേഹം വകുപ്പിന്‍റെ വിശദാംശങ്ങള്‍ ഒന്നുകൂടി പഠിച്ച ശേഷം അറിയിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വിശദീകരണം ലഭിക്കുമ്പോള്‍ അത് ലേഖനത്തില്‍ ചേര്‍ക്കുന്നതാണ്. തിരുവനന്തപുരത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത് ഡ്യൂട്ടിയെ തടസ്സപ്പെടുത്തുന്ന രീതിയിലേയ്ക്ക് വീഡിയോ ചിത്രീകരണം മാറിയാല്‍ അവര്‍ക്ക് അതിനു മുകളില്‍ നടപടി എടുക്കാന്‍ സാധിയ്ക്കും എന്നാണ്.
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം അപൂർണ്ണമാണ്. പോലീസ് നടപടികൾ പൊതുജനങ്ങൾക്ക് ചില നിയമങ്ങള്‍ അനുസരിച്ചു മാത്രമേ ചിത്രീകരിക്കാൻ സാധിക്കുകയുള്ളു. പോലീസ് ആക്റ്റ് 2011 ൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ചിത്രീകരണം നടത്തുന്നവര്‍ നിയമ നടപടികൾ നേരിടേണ്ടി വരും.
നിഗമനം
പോസ്റ്റിൽ നൽകിയിട്ടുള്ള അറിയിപ്പ് പൂർണ്ണമായും ശരിയല്ല. പോലീസ് നടപടികളുടെ വീഡിയോ ഓഡിയോ റെക്കോർഡിങ് നിയമ വിധേയമായി മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു. അതായത് ആർക്കും നിരുപാധികം ഇവ റെക്കോർഡ് ചെയ്യാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരും.

Title:പോലീസ് നടപടികൾ പൊതുജനം വീഡിയോ എടുത്താൽ , പോലീസ് അത് തടയാൻ പാടില്ല എന്നാണോ നിയമം ..?
Fact Check By: Vasuki SResult: False
