അയ്യപ്പന്‍ വെറും വിശ്വാസം മാത്രമാണെന്നും കെട്ടുകഥയാണെന്നും എം.എ.ബേബി പറഞ്ഞോ?

രാഷ്ട്രീയം | Politics

വിവരണം

അയ്യപ്പന്‍ വെറും വിശ്വാസം പന്തളത്ത് ജീവിച്ചിരുന്നു എന്നത് കെട്ടുകഥ മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറി അംഗം എം.എ.ബേബി പറഞ്ഞു എന്ന തരത്തില്‍ കഴിഞ്ഞ ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ജനുവരി 27ന് ലക്ഷ്മി രവീന്ദ്രന്‍ എന്ന വ്യക്തി എം.എ.ബേബിയുടെ ചിത്രം ഉപയോഗിച്ച് ഇതെ വാചകങ്ങള്‍ എഴുതി ഒരു പോസ്റ്റര്‍ മാതൃകയില്‍ രൂക്ഷവിമര്‍ശനം മറുപടിയായി നല്‍കി ഒരു പോസ്റ്റും  പങ്കുവെച്ചിരുന്നു. പോസ്റ്റിന് ഇതുവരെ 584ല്‍ അധികം ഷെയറുകളും 247ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ എം.എ.ബേബി അയ്യപ്പനെ സംബന്ധിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? അദ്ദേഹത്തിന്‍റെ ചിത്രവും പേരും ഉപയോഗിച്ച് നടത്തുന്ന ഈ പ്രചരണത്തിന് പിന്നിലെ വസ്തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ സാമൂഹ്യമാധ്യമങ്ങളിലെ  പ്രചരണത്തെ കുറിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചു. ജനുവരി 28ന് അദ്ദേഹം പ്രചരണത്തെ കുറിച്ചുള്ള പ്രതികരണം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. തന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകളുടെ ചില സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് എം.എ.ബേബി പ്രതികരണക്കുറിപ്പ് എഴുതിയിരിക്കുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്-

“ശബരിമല അയ്യപ്പൻ വെറും വിശ്വാസം മാത്രം ആണെന്നും പന്തളത്ത് ജീവിച്ചിരുന്നു എന്നത് കെട്ട് കഥ ” ആണെന്നും ഞാൻ പറഞ്ഞതായി വാർത്ത ഉണ്ടാക്കി നവ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു .എന്നാൽ ഇത്തരം ഒരു കാര്യം ഞാൻ ഒരിടത്തും പറഞ്ഞിട്ടുള്ളതല്ല .എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുവാനുമാണ് ഈ പ്രചാരണം എന്നാണ് കരുതുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഈ വ്യാജ പ്രചാരണങ്ങൾക്കെതിരെ ഡി ജി പി യ്ക്ക് പരാതി നൽകിയിട്ടുണ്ട് .

ഫെയ്‌സ്ബുക്ക് പോസ്റ്റ്-

മാത്രമല്ല എം.എ.ബേബിക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ ഒന്നിലും അദ്ദേഹം പറഞ്ഞു എന്ന പറയുന്ന വാചകങ്ങളുടെ ഓഡിയോ-വീഡിയോ തെളിവുകള്‍ നല്‍കിയിട്ടില്ല. ഒരു മാധ്യമങ്ങളും ഇത്തരമൊരു പരാമര്‍ശം എം.എ.ബേബി നടത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Facebook PostArchived Link

നിഗമനം

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തന്നെ തന്‍റെ പേരില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബേബി തന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:അയ്യപ്പന്‍ വെറും വിശ്വാസം മാത്രമാണെന്നും കെട്ടുകഥയാണെന്നും എം.എ.ബേബി പറഞ്ഞോ?

Fact Check By: Dewin Carlos 

Result: False