
ചെറിയ തോട്ടിൽ കുറുകെ കടക്കാനായി നിർമ്മിച്ച ഒരു ചെറിയ ചങ്ങാടം ഉദ്ഘാടന ദിവസം തന്നെ തലകീഴായി മറിഞ്ഞു യാത്രക്കാര്‍ വെള്ളത്തിൽ വീണ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ വ്യാപകമായി പ്രചരിച്ചിരുന്നത് നിങ്ങൾ കണ്ടു കാണും.
പ്രചരണം
കയറില്‍ പിടിച്ചു വലിച്ച് കൈതോടിന് കുറുകെ സഞ്ചരിക്കാന്‍ നാലു വീപ്പകളുടെ മുകളില്‍ പ്ലാറ്റ്ഫോം ഒരുക്കി നിര്‍മ്മിച്ച ചങ്ങാടത്തിന്‍റെ ഉല്‍ഘാടനമാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. ചെറിയ ചങ്ങാടത്തിന് താങ്ങാവുന്നതിലേറെ ആളുകള്‍ കയറിയതും ചങ്ങാടം തലകീഴായി മറിഞ്ഞ് എല്ലാവരും വെള്ളത്തില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. തോടിന് ആഴമില്ലാത്തതിനാല്‍ ആളപായമൊന്നും ഉണ്ടായില്ല. തമാശരൂപേണയാണ് എല്ലാവരും വീഡിയോ പങ്കുവച്ചത്. ഈ ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന വിവരണത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. “MP ഫണ്ടിൽ നിന്നും രമ്യാ ഹരിദാസ്… 7 ലക്ഷം ചിലവാക്കി 🤔
അല്ലെങ്കിൽ ഇനി ഞാൻ പറഞ്ഞു എന്ന് വേണ്ട…. നിങ്ങൾ കണ്ടു നോക്ക് അവസാനഭാഗം ഒരിക്കലും വിട്ടുകളയരുത് 🤔”
എവിടെയാണ് സംഭവം നടന്നതെന്നും ആരാണ് ചങ്ങാടം നിര്‍മ്മിച്ചതെന്നും ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ രമ്യ ഹരിദാസ് എംപിയുടെ പേര് തെറ്റിദ്ധരിപ്പിക്കാനായി സംഭവത്തോടൊപ്പം കൂട്ടിചേര്‍ത്തതാണ് എന്നു വ്യക്തമായി.
വസ്തുത ഇതാണ്
വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ മാധ്യമ ങ്ങൾ സംഭവത്തെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു മാധ്യമ ലേഖനങ്ങൾ പ്രകാരം സംഭവം നടന്നത് ആലപ്പുഴ കരുവാറ്റയിലാണ്.

ചങ്ങാടം മറിഞ്ഞത് കരുവാറ്റയിൽ ആണെന്ന് വ്യക്തമാക്കി നിരവധി പേർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
കരുവാറ്റ പഞ്ചായത്തിലാണ് സംഭവം നടന്നത് എന്ന സൂചന ലഭിച്ചതോടെ ഞങ്ങൾ കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് സുരേഷ് നോട് സംസാരിച്ചു. ഞങ്ങളുടെ പ്രതിനിധിയോട് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “സംഭവം നടന്നത് ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലുള്ള ചെമ്പുതോട്ടിലാണ്. അക്കരെയുള്ളത് എന്‍റെ വാര്‍ഡാണ്, അതായത് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡ്. ഇക്കരെയിലേത് വൈസ് പ്രസിഡന്‍റിന്‍റെതും. ഇരുകരകളിലുമുള്ള ഏതാനും വീട്ടുകാര്‍ക്ക് അക്കരെയിക്കരെ കടക്കാനായി അവര്‍ തന്നെ പിരിവെടുത്ത് നിര്‍മ്മിച്ചതാണ് ചങ്ങാടം. ഉല്‍ഘാടനത്തിന് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും കൂടി ഉണ്ടാവണമെന്ന അഭ്യര്‍ത്ഥന പ്രകാരം ചെന്നതാണ് ഞങ്ങള്‍. ചങ്ങാടത്തിന്‍റെ കപ്പാസിറ്റിക്ക് മുകളില്‍ ആളുകള്‍ കയറിയതോടെ ചങ്ങാടം മറിയുകയാണുണ്ടായത്. ചങ്ങാടത്തിന്‍റെ നിര്‍മ്മാണഫണ്ട് പൂര്‍ണ്ണമായും അവിടുത്തെ വീട്ടുകാരുടേതാണ്. പഞ്ചായത്തിന്‍റെ ഒരു രൂപ പോലും അതിലില്ല. രമ്യ ഹരിദാസ് എംപിയുടെ പേര് വെറുത്തെ വലിച്ചിടുകയാണ്.”
സംഭവത്തെ കുറിച്ച് മനോരമ ന്യൂസ് ചെയ്ത വാര്‍ത്ത താഴെ കാണാം:
രമ്യ ഹരിദാസ് എംപിയുടെ മണ്ഡലം പാലക്കാട് ആലത്തൂരാണ്. സംഭവം നടന്ന കരുവാറ്റ ആലപ്പുഴ മണ്ഡലത്തിലാണ്. തന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ രമ്യ ഹരിദാസ് എംപി ഫേസ്ബുക്ക് പേജില്‍ പ്രചരണത്തെ അപലപിച്ച് കുറിപ്പ് നല്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറല്‍ ദൃശ്യങ്ങളിലെ, തോടിന് കുറുകെ കടക്കാനുള്ള ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമ പഞ്ചായത്തിലാണ് സംഭവം നടന്നത്. രമ്യ ഹരിദാസ് എംപിയുമായി കരുവാറ്റയില്‍ നടന്ന സംഭവത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വൈറല്‍ വീഡിയോയിലെ തലകീഴായി മറിഞ്ഞ ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതെന്ന് വ്യാജ പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…
Written By: Vasuki SResult: False
