സ്വീകരണത്തിനിടെ രാഹുല്‍ ഗാന്ധി മുസ്ലിം നാമധാരികളായ നേതാക്കളെ അവഗണിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടിയ ശേഷം വോട്ടര്‍മാരോട് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിയെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഷോള്‍ അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുസ്ലിം പേരുകാരായ നേതാക്കള്‍ ഷോള്‍ കഴുത്തില്‍ ചാര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി അത് അനുവദിക്കാതെ കൈയ്യില്‍ വാങ്ങുകയാണ് ഉണ്ടായത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ചില നേതാക്കളുടെ കൈയ്യില്‍ നിന്നും രാഹുല്‍ ഗാന്ധി ഷോള്‍ കൈയ്യില്‍ വാങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ ഗാന്ധിയുടെ മുസ്ലിം വിവേചനമാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മുസ്ലിം പേരുള്ളവർ ഷാൾ ഇട്ട് കൊടുക്കുമ്പോൾ എതിർക്കുന്നത് എന്താണ്.?🤔

വയനാട്ടിൽ പച്ചക്കൊടി അരയിൽ കെട്ടിച്ചത് പോലെ എന്തെങ്കിലുമാണോ.?”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ തിരഞ്ഞപ്പോള്‍ വീഡിയോ ജൂണ്‍ 12 ന് തെരെഞ്ഞെടുപ്പ് വിജയത്തിനു ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി വന്നിറങ്ങിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത് എന്നു വ്യക്തമായി. രാഹുല്‍ ഗാന്ധി ചില നേതാക്കളുടെ കൈയ്യില്‍ നിന്നും ഷോള്‍ വാങ്ങുന്നുണ്ട്. ചിലര്‍ നേരിട്ടു കൈയില്‍ കൊടുക്കുന്നുമുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ആദ്യം ഷോൾ അണിയിക്കുന്നത്. രമേശ് ചെന്നിത്തല രണ്ടാമത് അണിയിക്കുന്നു. ഏറെ തിടുക്കം കാണിക്കുന്ന രാഹുല്‍ ഗാന്ധി ഇവരുടെ കൈയ്യില്‍ നിന്നും ഡോള്‍ വാങ്ങാനായി കൈകള്‍ ഉയര്‍ത്തുന്നുണ്ട് എന്നുകാണാം. മൂന്നാമത് എം‌എം ഹസന്‍റെ കൈയ്യില്‍ നിന്നും രാഹുല്‍ ഷോള്‍ കൈയില്‍ വാങ്ങുന്നു. പിന്നീട് ഷാഫി പറമ്പില്‍ എം‌പി, കോഴിക്കോട് ഡി‌സി‌സി പ്രസിഡന്‍റ് അഡ്വ: കെ പ്രവീണ്‍ കുമാര്‍ ഇവരുടെ ഷോള്‍ രാഹുല്‍ കൈയിലാണ് വാങ്ങുന്നത്. തുടര്‍ന്ന് കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ്, മുസ്ലിം ലീഗ് നേതാവായ ടിവി അഷ്റഫലി എന്നിവര്‍ ഷോള്‍ കഴുത്തില്‍ അണിയിക്കുന്നുണ്ട്. മുസ്ലിം വിവേചനം അദ്ദേഹം കാണിച്ചില്ല എന്ന് ദൃശ്യങ്ങളില്‍ തന്നെ വ്യക്തമാണ്.

അഡ്വ: കെ പ്രവീണ്‍ കുമാറിന്‍റെ കൈയ്യില്‍ നിന്നും രാഹുല്‍ ഗാന്ധി ഷോള്‍ സ്വീകരിക്കുന്ന ചിത്രം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

archived link

ദൃശ്യങ്ങളുടെ ഒടുവില്‍ കൊല്ലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എ‌ഐ‌സി‌സി അംഗവുമായ അഡ്വ: ബിന്ദു കൃഷ്ണയെ കാണാം. കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ ബിന്ദു കൃഷ്ണയുമായി സംസാരിച്ചു. “തെറ്റായ പ്രചരണമാണ്. വര്‍ഗീയത ഉപയോഗിച്ച് വിഭാഗീയത ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. രാഹുല്‍ജി ചിലരുടെ ഷോള്‍ കൈയ്യില്‍ വാങ്ങി, ചിലര്‍ കഴുത്തില്‍ അണിയിച്ചു എന്നുള്ളത് ശരിയാണ്. ഒരുപാട് പേര്‍ സ്വീകരിക്കാന്‍ നില്‍ക്കുമ്പോള്‍ ഇതൊക്കെ സാധാരണമാണ്. അത് ജാതിയും മതവും ഒന്നും നോക്കീട്ടല്ല. സ്വീകരിക്കാന്‍ പി‌എം നിയാസ് നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഷോള്‍ ഇട്ടപ്പോള്‍ കഴുത്ത് നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. വ്യക്തിപരമായ യാതൊരു വേര്‍തിരിവുകളും അദ്ദേഹത്തിന്‍റെ പ്രവൃത്തിയില്‍ ഇല്ല. ഞാന്‍ തിളക്കമുള്ള മറ്റൊരു ഷോള്‍ ആണ് കൈയില്‍ പിടിച്ചത്, അത് അദ്ദേഹത്തെ പുതപ്പിക്കുകയാണ് ചെയ്തത്. എന്‍റെ സമീപം ജെബി മേത്തര്‍ ഉണ്ടായിരുന്നു, അവര്‍ ഷോള്‍ കഴുത്തിലാണിയിച്ചു. ഇതൊന്നും പ്രചരിക്കുന്ന ദൃശ്യങ്ങളിലില്ല.”

രാഹുല്‍ ഗാന്ധിയുടെ കഴുത്തില്‍ ഷോള്‍ അണിയിക്കുന്ന ചിത്രം ജെബി മേത്തര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

archived link

അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത്.

നിഗമനം

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്ന വേളയില്‍ മുസ്ലിം പേരുള്ളവരുടെ പക്കല്‍ നിന്നും ഷോള്‍ കഴുത്തില്‍ ഏറ്റുവാങ്ങാതെ കൈയില്‍ വാങ്ങി രാഹുല്‍ ഗാന്ധി മത വിവേചനം കാണിച്ചു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. ഷോള്‍ കൈയ്യില്‍ നല്‍കുകയും കഴുത്തില്‍ അണിയിക്കുകയും ചെയ്തവരില്‍ വിവിധ മതവിഭാഗത്തില്‍ പെട്ട നേതാക്കളുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരണം നല്‍കിയപ്പോള്‍ രാഹുല്‍ ഗാന്ധി മതവിവേചനം കാണിച്ചു എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്...

Fact Check By: Vasuki S

Result: MISLEADING