മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു എന്ന അറിയിപ്പ് തെറ്റാണ്…

False Social

ഇന്ത്യൻ റെയിൽവേ മുമ്പ് മുതിർന്ന പൗരന്മാർക്ക് നല്‍കി വന്നിരുന്ന  യാത്രാ ഇളവുകൾ ഇടയ്ക്ക് പിന്‍വലിച്ചിരുന്നു. ഇളവുകള്‍  പുനസ്ഥാപിച്ചുവെന്ന അവകാശവാദത്തോടെ ചില കുറിപ്പുകള്‍  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

തീർഥാടനത്തിനും ചികിത്സയ്ക്കുമെല്ലാം ട്രെയിനിൽ യാത്ര ചെയ്യുന്ന 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും 58 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കുമുള്ള യാത്ര ഇളവുകളെ കുറിച്ചാണ് അറിയിപ്പില്‍ പറയുന്നത്. യാത്രാ ഇളവുകള്‍ക്ക് അര്‍ഹരായ മുതിര്‍ന്ന പൌരന്മാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ള അറിയിപ്പാണ് കുറിപ്പിലുള്ളത്. കുറിപ്പ് ഇങ്ങനെ: “കേന്ദ്ര സർക്കാർ മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രാ ഇളവുകൾ പ്രഖ്യാപിച്ചു*

1. 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള പുരുഷ മുതിർന്ന പൗരന്മാർക്ക് ഇളവ്.

2. 58 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീ മുതിർന്ന പൗരന്മാർക്ക് ഇളവ് പ്രായം

3. പുരുഷന്മാർക്ക് ട്രെയിൻ യാത്രാ നിരക്കിൽ 40% കിഴിവ്.

4. സ്ത്രീകൾക്ക് ട്രെയിൻ നിരക്കിൽ 50% കിഴിവ്.

5. മെയിൽ/എക്സ്പ്രസ്/രാജധാനി/ശതാബ്ദി/ജൻ ശതാബ്ദി/ഡുറോണ്ടോ പോലുള്ള റെയിൽവേയുടെ ഏത് ക്ലാസ് പാസഞ്ചർ ട്രെയിനുകളിലും ഈ ഇളവ് ലഭ്യമാണ് –

6. റെയിൽവേ ടിക്കറ്റുകൾ/അല്ലെങ്കിൽ എല്ലാ ജനറൽ ടിക്കറ്റുകളും ബുക്ക് ചെയ്യുമ്പോൾ പ്രായ തെളിവ് ആവശ്യമില്ല.

7. എന്നിരുന്നാലും, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ റെയിൽവേ ടിക്കറ്റ് വെരിഫിക്കേഷനായി (ടിസി) പ്രായ തെളിവായി പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത കത്ത് ഹാജരാക്കേണ്ടത് നിർബന്ധമാണ്.

8. മുതിർന്ന പൗരന്മാർക്ക് ഏത് ടിക്കറ്റ്/റിസർവേഷൻ ഓഫീസിൽ നിന്നോ ഓൺലൈനായോ ട്രെയിൻ ടിക്കറ്റുകൾ വാങ്ങാം.

9. റെയിൽവേയിലെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) പ്രകാരം, സ്ലീപ്പർ ക്ലാസിൽ 6 ബെർത്തുകളും AC-3, AC-2 എന്നിവയിൽ 3 ബെർത്തുകളും മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും വേണ്ടി നീക്കിവച്ചിരിക്കുന്നു.

*ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പറുകളും ഗ്രൂപ്പുകളും പങ്കിടുക, എല്ലാവരെയും അറിയിക്കുക..!*

രാജധാനി/ഡുറോന്റോയിൽ റിസർവേഷനായി 4-ൽ കൂടുതൽ ബെർത്തുകൾ റിസർവ് ചെയ്യും.

മുതിർന്ന പൗരന്മാർക്കും രോഗികളായ യാത്രക്കാർക്കും ഭിന്നശേഷിയുള്ള യാത്രക്കാർക്കും വീൽചെയറുകൾ സൗജന്യമായി നൽകും.

കൂടാതെ, മുതിർന്ന പൗരന്മാർക്ക് ഒരു ഗൈഡ് (അംഗീകൃത പോർട്ടർ) ആവശ്യമുണ്ടെങ്കിൽ, അവർ പ്രത്യേക ഫീസ് നൽകേണ്ടിവരും.

ചില പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ, രോഗികൾക്കും വികലാംഗർക്കും മുതിർന്ന പൗരന്മാർക്കും റെയിൽവേ ആധുനിക ബാറ്ററിയിൽ പ്രവർത്തിക്കുന്ന വീൽചെയറുകൾ സൗജന്യമായി നൽകും.

പല പ്രധാന റെയിൽവേ സ്റ്റേഷനുകളിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും രോഗബാധിതരായ ട്രെയിൻ യാത്രക്കാർക്കും പ്രത്യേക യാത്രി മിത്ര സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു പാസഞ്ചർ ട്രെയിൻ പുറപ്പെട്ടതിനുശേഷം, മുകളിൽ പറഞ്ഞ ഇളവുകൾക്കായി നീക്കിവച്ചിരിക്കുന്ന ലോവർ ബെർത്തുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ, ശേഷിക്കുന്ന ബെർത്തുകൾ മറ്റ് എല്ലാ ജനറൽ യാത്രക്കാർക്കും നൽകാവുന്നതാണ്, മുതിർന്ന പൗരന്മാർ, വികലാംഗർ, വെയിറ്റിംഗ് ലിസ്റ്റിലുള്ള ഗർഭിണികൾ എന്നിവർക്ക് പ്രഥമ പരിഗണന നൽകുന്നു. റെയിൽവേ ടിക്കറ്റ് പരിശോധന.

*മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ പ്രധാന വിവരങ്ങളും എല്ലാ റെയിൽവേ യാത്രക്കാരെയും അറിയിക്കാൻ അഭ്യർത്ഥിക്കുന്നു, ആവശ്യമുള്ളവർ അത് പ്രയോജനപ്പെടുത്തണം.*”

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കുറിപ്പില്‍ പറയുന്നതുപോലെ ഇളവുകള്‍ പുനസ്ഥാപിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്  

സാമൂഹ്യ മാധ്യമങ്ങളില്‍ സമാന സന്ദേശം മുന്‍ വര്‍ഷങ്ങളിലും പ്രചരിച്ചിട്ടുണ്ട്. കോവിഡിന് മുൻപ് ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകിയിരുന്നു. എന്നാൽ, 2020 മാർച്ചിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ റെയില്‍വേ മന്ത്രാലയം  എടുത്തുമാറ്റുകയുണ്ടായി. ആനുകൂല്യം പുനസ്ഥാപിക്കണമെന്ന് യാത്രക്കാരും ജനപ്രതിനിധികളും പലതവണ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഫലം നേടിയിട്ടുണ്ടായില്ല. 

ഇന്ത്യന്‍ റെയില്‍വേ ഇളവുകൾ പുനസ്ഥാപിക്കുന്നതായി പ്രഖ്യാപനമുണ്ടായാല്‍ ദേശീയ മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും അത് വാർത്തയാകുമായിരുന്നു. ചികിത്സയ്ക്കു പോകുന്ന രോഗികൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, തുടങ്ങിയവർക്കുള്ള ഇളവുകൾ പുനസ്ഥാപിച്ചതായി റെയില്‍വേ വെബ്സൈറ്റില്‍ അറിയിപ്പുണ്ട്. എന്നാൽ മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും യാത്രാ  ഇളവുകള്‍ പുനസ്ഥാപിച്ചതായി അറിയിപ്പുകളില്ല. 2025 ജൂണില്‍ അപ്ഡേറ്റ് ചെയ്തിട്ടുള്ള രേഖയാണ് സൈറ്റിൽ നൽകിയിട്ടുള്ളത്. മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള വനിതാ യാത്രക്കാർർക്കും ഗർഭിണികൾക്കുമാണ് ലോവർ ബെർത്തിൽ നിലവില്‍ മുൻഗണനയുള്ളത്. 

നിഗമനം 

മുൻപ് മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന യാത്രാ ഇളവുകൾ റെയിൽവേ പുനസ്ഥാപിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന അറിയിപ്പ് തെറ്റാണ്. നിലവില്‍ മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു എന്ന അറിയിപ്പ് തെറ്റാണ്…

Fact Check By: Vasuki S 

Result: False

Leave a Reply