
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിൽ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെടുത്തി ഒരു ബൈക്ക് റാലിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമിക സംഘടനകളുമായി ബന്ധപ്പെട്ട പതാകകൾ റാലിയില്‍ കാണാം.
പ്രചരണം
ബൈക്കുകളും കാറുകളും വിവിധ പതാകകളുമായി റാലി നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയാണ് വീഡിയോ കാണിക്കുന്നതെന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: ”
#രാജ്യത്തെ ഞെട്ടിക്കുന്ന ദൃശ്യം…!!
#ഇത്_പാകിസ്ഥാനിൽ അല്ല, ഇത് മഹാരാഷ്ട്രയിലെ അകോല യിൽ ആണ്…
#അവരുടെ #കൈയ്യിലെ_കൊടികൾ നോക്കൂ. #പലസ്തീൻ_ഇറാൻ_ഇറാഖ്, #ഐസിസ്_ഹിസ്ബുള്ള എന്നിവയുടെ പതാകകളാണ് അവ…! ഒരൊറ്റ ഇന്ത്യൻ പതാക പോലുമില്ല….
മതേതര മഹാരാഷ്ട്രയുടെ പടിഞ്ഞാറ് അകോലയിലെ #കോൺഗ്രസ്_പാർട്ടിയുടെ സ്ഥാനാർത്ഥി സാജിദ് ഖാൻ മസ്താൻ ഖാൻ എന്നയാളുടെ തിരഞ്ഞെടുപ്പ് റാലിയാണ് ഇത്…!!”
എന്നാൽ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി വീഡിയോയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
ഇതേ വീഡിയോ ഹരിയാനയുടെ പേരില്‍ കഴിഞ്ഞ മാസം പ്രചരിപ്പിച്ചിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സ്‌ക്രീൻഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് തിരയൽ നടത്തി ഞങ്ങൾ അന്വേഷണം ആരംഭിച്ചു. 2024 ഒക്ടോബർ 1 ന് ഇതേ ദൃശ്യങ്ങള്‍ ഒരു യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് കണ്ടു. അടിക്കുറിപ്പ് അനുസരിച്ച്, വീഡിയോ മഹാരാഷ്ട്രയിലെ ലാത്തൂരിലെ മീലാദ്-ഉൻ-നബി ഘോഷയാത്രകളിൽ നിന്നുള്ളതാണ്.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2024 സെപ്റ്റംബർ 20-ന് യുട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ഒരു വ്ലോഗ് ലഭിച്ചു. വീഡിയോയുടെ അതേ റാലി തന്നെയാണ് വീഡിയോയിലുള്ളത്. മറ്റൊരു ആംഗിളില്‍ നിന്നും ചിത്രീകരിച്ചതാണ് എന്ന വ്യത്യാസം മാത്രമേയുള്ളൂ.
വീഡിയോയിൽ ഒരു കറുത്ത കാറും സൺറൂഫിലൂടെ ഒരു ഫ്ലാഗ് പിടിച്ചിരിക്കുന്ന വ്യക്തിയെയും കാണാം. മീലാദ്-ഉൻ-നബിയോടനുബന്ധിച്ച് നടക്കുന്ന റാലിയാണ് വീഡിയോ കാണിക്കുന്നത് എന്നാണ് അടിക്കുറിപ്പ്. രണ്ട് സ്‌ക്രീൻഷോട്ടുകളും തമ്മിലുള്ള താരതമ്യം താഴെ കാണാം.
കൂടാതെ 2024 സെപ്റ്റംബർ 19-ന് ലാത്തൂര്‍ ന്യൂസ് ഔദ്യോഗിക യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോ റിപ്പോർട്ട് ലഭിച്ചു. അടിക്കുറിപ്പ് ഇങ്ങനെ, “ലാതൂർ മധ്യേ ഈദ് മിലാദുന്നബി ചീ ബൈക്ക് റാലി | ഈദ് മീലാദ് റാലി ലാത്തൂർ | ലാത്തൂർ ന്യൂസ് ഒഫീഷ്യൽ”
കൂടാതെ, ലാത്തൂർ മീലാദ്-ഉൻ-നബി റാലിയിൽ നിന്നുള്ളതാണെന്ന് സൂചിപ്പിച്ച അതേ ബൈക്ക് റാലിയിൽ നിന്നുള്ള മറ്റ് വീഡിയോകളും ഞങ്ങൾ കണ്ടെത്തി. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ ലാത്തൂർ പോലീസുമായി ബന്ധപ്പെട്ടു. നബി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് റാലിയുടെ ഭാഗമാണ് ഈ ഘോഷയാത്രയെന്ന് ലാത്തൂർ പോലീസ് ഇൻസ്പെക്ടർ പ്രേംപ്രകാശ് മരോത്റാവു മാക്കോട് പറഞ്ഞു. “ഈദ് ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് റാലിയുടെ ഭാഗമായാണ് ജാഥ. സെപ്റ്റംബർ 19-ന് ഈദ്-ഇ-മിലാദ്. ഗണേഷ് വിസർജനും ഈദ്-ഉം ആയി ലാത്തൂരിൽ സാമൂഹിക സൗഹാർദ്ദമുണ്ട്. അതിനാൽ, എല്ലാ വർഷവും ഹിന്ദു, മുസ്ലീം സമുദായങ്ങൾ റാന്‍ഡ് ആഘോഷങ്ങളും അംഗീകരിക്കുന്നു. ഇവിടെ ഘോഷയാത്ര നടത്തുന്നതിന് പ്രത്യേക ദിവസങ്ങളുണ്ട്. ഈ വർഷവും ആദ്യത്തെ ഗണേഷ് വിസർജനം സെപ്തംബർ 17 നും തുടർന്ന് 19 ന് ബൈക്ക് റാലിയും നടത്തി”
ലാത്തൂർ മഹാരാഷ്ട്ര മീലാദുന്നബി ബൈക്ക് റാലിയിൽ നിന്നുള്ളതാണ് വൈറലായ വീഡിയോയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. ദൃശ്യങ്ങളിലുള്ളത് മഹാരാഷ്ട്രയിലെ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കോൺഗ്രസ് റാലിയല്ല, മഹാരാഷ്ട്രയിലെ ലാത്തൂരിൽ മിലാദുന്നബിയോടനുബന്ധിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19 ന് നടത്തിയ ബൈക്ക് റാലിയാണിത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മഹാരാഷ്ട്രയില്‍ ഈദ് ദിന റാലിയുടെ വീഡിയോ വര്‍ഗീയ തലങ്ങളോടെ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
