തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചോ… വീഡിയോയുടെ സത്യമറിയാം…

False രാഷ്ട്രീയം | Politics സാമൂഹികം

തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഒരു സംഘം ആളുകള്‍ കൂടിച്ചേര്‍ന്ന് ഒരാളെ ഉപദ്രവിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസുകാര്‍ ഇടപെട്ട് ഇവരെ പിടിച്ച് മാറ്റന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ച് ഡിഎംകെ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ തൃച്ചി കോടതി പരിസരത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ രംഗരാജന്‍ നരസിംഹനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും  ഹൈദരാബാദില്‍ രണ്ടു കൊല്ലം മുമ്പ് നടന്ന പ്രതിഷേധ പ്രകടനത്തില്‍ നിന്നുള്ള ഈ  ദൃശ്യങ്ങള്‍ക്ക് രംഗരാജന്‍ നരസിംഹനുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനാണ് (Temple Activist) രംഗരാജന്‍ നരസിംഹന്‍. ക്ഷേത്രങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് പരാതിപ്പെട്ടതിന് ഡിഎംകെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് തിരഞ്ഞപ്പോള്‍ ഇത് തെറ്റായ പ്രചാരണമാണെന്ന് വ്യക്തമാക്കി 2023 ജനുവരി മൂന്നിന് രംഗരാജന്‍ നരസിംഹന്‍ ഔദ്യോഗിക എക്‌സ് പേജില്‍ ഒരു വിശദീകരണം നല്‍കിയതായി കണ്ടെത്തി. 

2022ല്‍ ട്രിച്ചി കോടതിയില്‍ വച്ച് രണ്ട് അഭിഭാഷകര്‍ തന്നെ മര്‍ദ്ദിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. തന്നെ ഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ദൃശ്യങ്ങളുടെ പശ്ചാത്തലം സൂക്ഷ്മമായി നോക്കിയാല്‍ കോടതി പരിസരമല്ല എന്ന് വ്യക്തമാകും. ലോറികളും നിരവധി വാഹനങ്ങളും കണ്ടാല്‍ ഇത് തിരക്കേറിയ റോഡാണെന്ന് വ്യക്തമാകും. ചിലര്‍ ശബരിമല ഭക്തരുടെ പോലെ കറുപ്പ് വസ്ത്രങ്ങളാണ്‌  ധരിച്ചിട്ടുള്ളത്. വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ” അയ്യപ്പനെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ബൈരി നരേഷ് അറസ്റ്റിൽ ” എന്ന തലക്കെട്ടില്‍ എന്‍ടിവി തെലുഗ് എന്ന ചാനല്‍ 2022 ഡിസംബര്‍ 30ന് പങ്കുവച്ച വീഡിയോ ലഭിച്ചു.  

കൂടുതല്‍ തിരഞ്ഞപ്പോള്‍  പല തെലുഗു ചാനലുകളും 2022ല്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടു. എത്തീസ്റ്റ് അസോസിഷേന്‍ (Atheits Association) പ്രസിഡന്‍റ്  ബൈരി നരേഷ് അയ്യപ്പസ്വാമിയെ പറ്റി അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി വിഎച്ച്പിയും മറ്റ് ഹിന്ദു സംഘടനകളും നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യമാണിത്. 2022 ഡിസംബര്‍ 31ന് ബൈരി നരേഷിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി രംഗരാജന്‍ നരസിംഹന്‍ വീഡിയോ പങ്കുവച്ചിരുന്നു:

നിഗമനം 

തമിഴ്നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് 2022ല്‍ അയ്യപ്പ സ്വാമിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തെച്ചൊല്ലി ബൈരി നരേഷിനെതിരെ ഹൈദരാബാദില്‍ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ ആണ്. രംഗരാജന്‍ നരസിംഹനുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചോ… വീഡിയോയുടെ സത്യമറിയാം…

Fact Check By: Vasuki S  

Result: False

Leave a Reply