
വിവരണം
എന്‍ഫോഴ്‌സ്മെന്‍റ് സ്വത്ത് കണ്ട് കെട്ടുന്നതില്‍ പ്രതിഷേധിച്ച് കോടിയേരി ഫാമിലി സമരത്തില്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 88ല്‍ അധികം റിയാക്ഷനുകളും 194ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ എന്‍ഫോഴ്‌സ്മെന്‍റ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കുടുംബവും പ്രതിഷേധിക്കുന്ന ചിത്രമാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സമൂഹമാധ്യമത്തില്‍ കൊടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ ഉറവിടമറിയാന്‍ ഞങ്ങള്‍ ഫെയ്‌സ്ബുക്കിലാണ് ആദ്യം ചിത്രം തികഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും തന്നെ യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. 2020 ഓഗസ്റ്റ് 23ന് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി താനും കുടുംബവും ഒരുമിച്ച പങ്കെടുത്ത സമരത്തിന്‍റെ ചിത്രമാണിതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹത്തിൽ കുടുംബ സമേതം ഞാനും പങ്കാളിയായി. മരുതംകുഴിയിലെ വീട്ടിൽ സമര മുദ്രാവാക്യങ്ങളുയർത്തി ഞങ്ങൾ പ്രതിഷേധിച്ചു.
ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും മരുമകൾ റിനീറ്റ ബിനീഷും പേരക്കുട്ടികൾ ഭദ്ര കോടിയേരിയും ഭാവ്നി കോടിയേരിയും എന്നോടൊപ്പം പ്രക്ഷോഭത്തിൽ പങ്കാളികളായി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം പ്രതിഷേധ സത്യാഗ്രത്തിന്‍റെ ഭാഗമായി പങ്കുവെച്ച ചിത്രം-
ബെംഗളുരു ലഹരിമരുന്ന് കേസ് പ്രതി അനൂപിന് ബിസിനസ് ആവശ്യത്തിനായി പണം നല്‍കിയെന്നും പിന്നീട് പണമിടപാട് കേരളത്തിലെ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെടുകയും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കോടിയേരി ബാലകൃഷ്ണന്‍റെ മകനും സിനിമതാരവുമായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതെ കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും സെപ്റ്റംബര്‍ അവസാനവാരവും ഒക്‌ടോബര്‍ ആദ്യവാരവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇതിനെ ആധാരമാക്കി ആക്ഷേപഹാസ്യ രൂപേണ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ ഇഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോടിയേരിയുടെ കുടുംബം പ്രതിഷേധിക്കുന്നു എന്ന പേരില്‍ ചിത്രം പങ്കുവെച്ചതാണെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഇത് ആക്ഷേപഹാസ്യമാണെന്ന് തിരിച്ചറിയാതെ ഒട്ടനവധിപേര്‍ പങ്കുവെച്ചതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
നിഗമനം
ബെംഗളുരു ലഹരിമരുന്ന് കേസ് പ്രതിയുമായി ബിനീഷ് കോടിയേരി നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ മുന്‍പ് ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആക്ഷേപഹാസ്യ രൂപേണ പങ്കുവെച്ച പോസ്റ്റാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇഡിയുടെ നടപടിക്കെതിരെ കോടിയേരിയുടെ കുടുംബം നടത്തിയ പ്രതിഷേധത്തിന്‍റെ ചിത്രമാണിതെന്ന് തെറ്റ്ദ്ധരിച്ച് പലരും ചിത്രം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓഗസ്റ്റില്‍ സിപിഎം സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്‍റ ചിത്രമാണിതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത് സറ്റയര്‍ അഥവ ആക്ഷേപഹാസ്യം മാത്രമാണെന്നാണ് ഞങ്ങളുടെ അനുമാനം.
Title:ഇഡിയുടെ നടപടിക്കെതിരെ കോടിയേരിയുടെ കുടുംബം നടത്തിയ പ്രതിഷേധമാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Satire


