
മുസ്ലിം പ്രീണനത്തിന്‍റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇസ്ലാം സമുദായത്തിലുള്ളവരെ സാംസ്കാരികമായി പുകഴ്ത്തിയും ഹിന്ദു മത വിശ്വാസം പിന്തുടരുന്നവരെ ഇകഴ്ത്തിയും പാഠം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാരോപിച്ച് ചില വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
പ്രചരണം
കേരളത്തിലെ സ്കൂളുകളിലെ പാഠപുസ്തകത്തിലെ പാഠം എന്നവകാശപ്പെട്ട് പുസ്തകത്തില്‍ നിന്നുള്ള ഒരു പേജിന്‍റെ ചിത്രമാണ് കൊടുത്തിട്ടുള്ളത്. രണ്ടു കാര്‍ട്ടൂണ്‍ ചിത്രങ്ങളാണ് പേജില്‍ കാണുന്നത്. ആദ്യത്തെ ചിത്രത്തില്‍ കട ശുചിത്വത്തോടെ സംരക്ഷിക്കുന്ന അസ്ലാമിനെ കാണാം. വൃത്തിഹീനമായ കടയുള്ള അപ്പന്‍ എന്ന വ്യാപാരിയെ തൊട്ടടുത്ത് കാണാം. ഇരുവരും മധുര പലഹാര കച്ചവടക്കാരാണെന്നും ആരുടെ കൈയ്യില്‍ നിന്നുമാണ് നിങ്ങള്‍ പലഹാരങ്ങള്‍ വാങ്ങുക എന്നുമാണ് ഇംഗ്ലിഷില്‍ സംവദിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍, അഭിമന്യു എന്നു പേരായ ചെറിയ കുട്ടി ഒരിക്കലും കൈകള്‍ കഴുകാറില്ലെന്നും അവന്‍റെ പല്ലുകള്‍ക്ക് മഞ്ഞ നിറമാണെന്നും വായയ്ക്ക് ദുര്‍ഗന്ധമാണെന്നും കൂടാതെ അലങ്കോലപ്പെട്ട മുടി അഭിമന്യു ഒരിക്കലും ചീകാറില്ലെന്നും അവന്‍റെ വസ്ത്രങ്ങള്‍ അഴുക്ക് പുരണ്ടതാണെന്നും പറയുന്നു.
കേരളത്തിലെ സ്കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പാഠമാണിത് എന്നവകാശപ്പെട്ട് ഇംഗ്ലിഷില്‍ നല്കിയിരിക്കുന്ന വിവരണമിങ്ങനെ: MusIim Aslam : Hygienic, we should buy sweets from his shop
-Hindu Appan : Unhygienic, nobody should buy his sweets
-Muslim Adil : Hygienic & has good habits
-Hindu Abhimanyu : Unhygienic, never takes bath, smells bad
This is what Kerala govt is teaching in their schools….. This is how commies brainwash the little kids… (മുസ്ലിം അസ്‌ലം: ശുചിത്വമുള്ളവൻ, അവന്‍റെ കടയിൽ നിന്ന് പലഹാരങ്ങൾ വാങ്ങണം
-ഹിന്ദു അപ്പൻ: വൃത്തിഹീനമായതിനാൽ ആരും അവന്‍റെ പലഹാരങ്ങൾ വാങ്ങരുത്
-മുസ്ലിം ആദിൽ: ശുചിത്വവും നല്ല ശീലങ്ങളും ഉണ്ട്
-ഹിന്ദു അഭിമന്യു: ശുചിത്വമില്ലായ്മ, ഒരിക്കലും കുളിക്കാറില്ല, ദുർഗന്ധം വമിക്കുന്നു
ഇതാണ് കേരള സർക്കാർ അവരുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നത്….. ഇങ്ങനെയാണ് കമ്മീഷൻ കൊച്ചുകുട്ടികളെ ബ്രെയിൻ വാഷ് ചെയ്യുന്നത്…)

എന്നാല്‍ ഇത് കേരള സര്‍ക്കാരിന്‍റെയോ സര്‍ക്കാര്‍ അംഗീകാരമുള്ള മറ്റ് പൊതുവിദ്യാലയങ്ങളിലെയോ പാഠ്യ പദ്ധതിയുടെ ഭാഗമല്ലെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.
വസ്തുത ഇതാണ്
കേരളത്തിലെ സര്‍ക്കാര്‍/പൊതുവിദ്യാലയങ്ങളില്‍ ഇങ്ങനെ ഒരു പാഠഭാഗം ഉള്ളതായി വാര്‍ത്തകളില്ല. വര്‍ഗീയം എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഇങ്ങനെയൊരു പാഠഭാഗം കേരളത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ ഉണ്ടായിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് വാര്‍ത്ത ആകുമായിരുന്നു. കേരള സര്‍ക്കാര്‍ മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലെ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ് ടൂ വരെയുള്ള പാഠ പുസ്തകങ്ങളുടെ പിഡിഎഫ് കോപ്പി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര വെബ്സൈറ്റില്‍ ലഭ്യമാണ്. പാഠഭാഗങ്ങള്‍ അതില്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
കൂടുതല്‍ വ്യക്തതക്കായി ഫാക്റ്റ് ക്രെസന്‍ഡോ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രെസ്സ് സെക്രട്ടറി രാജീവ് ഫാക്റ്റ് ക്രെസന്‍ഡോ പ്രതിനിധിക്ക് നല്‍കിയ വിശദീകരണം ഇങ്ങനെ: “സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു പാഠ ഭാഗം ഒരു ക്ലാസിലും ഉള്‍പ്പെടുത്തിയിട്ടില്ല. കേരള ഗവണ്‍മെന്‍റിന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണ്.”
ഇക്കാര്യം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ വിശദീകരണ കുറിപ്പ് നല്‍കിയിട്ടുണ്ട്. “ഇത് കേരള സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകം അല്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിത്. കേരളത്തിൽ ജീവിക്കുന്ന, കേരളത്തിൽ എത്തുന്ന ഏവർക്കും അറിയാം എത്രമാത്രം സാഹോദര്യത്തോടെയും സൗഹാർദ്ദത്തോടെയും ആണ് ഇവിടെ ജനങ്ങൾ കഴിയുന്നത് എന്ന്. വെറുപ്പിന്‍റെ കൂട്ടുകാർക്ക് ഇവിടെ സ്ഥാനം ഇല്ല. അതുകൊണ്ടാണ് വർഗീയ അജണ്ട കേരളത്തിൽ വിജയിക്കാത്തത്.”

പ്രചരിക്കുന്ന പാഠഭാഗം രണ്ടാമത്തെ ചിത്രത്തില്‍ environment studies (പരിസ്ഥിതി പഠനം) എന്നു എഴുതിയിട്ടുണ്ട്. ഇങ്ങനെ പാഠ ഭാഗവുമായി പരിസ്ഥിതി പഠന ടെക്സ്റ്റ്ബുക്കുകളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായില്ല. പാഠം എവിടെ നിന്നുള്ളതാണെന്ന് സ്വതന്ത്രമായി നിര്‍ണ്ണയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. മുസ്ലിം വര്‍ഗീയത നിറഞ്ഞ പാഠഭാഗം കേരള സര്‍ക്കാര്‍ സ്കൂളികളിലെയോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിത സ്കൂളുകളിലെയോ അല്ല. പ്രചരിക്കുന്ന പാഠഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ പാഠ്യ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. ഇക്കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മുസ്ലിം സമുദായത്തെ ശ്ലാഘിച്ചും മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ ഇകഴ്ത്തിയും സ്കൂളിലെ പാഠഭാഗം സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലേതല്ല, വസ്തുത അറിയൂ…
Fact Check By: Vasuki SResult: False
