പാമ്പ് തക്കാളിയില്‍ വിഷം കൊത്തി ഇറക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വൈറല്‍ വീഡിയോയുടെ പിന്നിലെ വസ്‌തുത അറിയാം..
വിവരണം
പാമ്പ് ഉള്ള വീട്ടിൽ തക്കാളി വളർത്തരുത്.. തക്കാളി പച്ചയ്ക്ക് തിന്നാല്‍ മരണം വരെ സംഭവിക്കും ഈ വീഡിയോ കാണുക.. തുടങ്ങിയ അടക്കുറിപ്പുകള്‍ നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി വ്യാപമായി പ്രചരിക്കുന്നുണ്ട്. ഒരു പാമ്പ് ശക്തിയായി ചെടിയില്‍ നില്‍ക്കുന്ന തക്കാളിയില്‍ കടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പുകള്‍ പൊതുവെ ഇത്തരത്തില്‍ പച്ചക്കറികളില്‍ കടിക്കുമെന്നും അതുകൊണ്ട് കടിയേറ്റ പാടുകളുണ്ടോയെന്ന നോക്കിയ ശേഷം മാത്രമെ പച്ചക്കറികള്‍ ഭക്ഷണത്തിന് ഉപയോഗിക്കാവു എന്നുള്ള വാദങ്ങള്‍ കമന്‍റുകളിലും നിറയുന്നുണ്ട്. ഹലീല്‍ ദേവധനത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം -
Facebook Post | Archived Screen Record |
എന്നാല്‍ പാമ്പുകള്‍ ഇത്തരത്തില്‍ പച്ചറികളില്‍ കടിക്കാറുണ്ടോ? പാമ്പുകള്‍ പഴങ്ങളോ പച്ചക്കറികളോ ഭക്ഷണമാക്കാറുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കേരളത്തിലെ പാമ്പുകള്‍ - Snakes of Kerala ഗ്രൂപ്പിലാണ് ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അന്വേഷണം നടത്തിയത്. ഇതില്‍ നിന്നും പ്രചരിക്കുന്ന വീഡിയോയെ കുറിച്ചുള്ള യഥാര്‍ത്ഥ്യമറിയാന്‍ നിരവധി പേര്‍ ഇതെ കുറിച്ച് ഗ്രൂപ്പില്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി സംസ്ഥാന സംസ്ഥാന വനം വന്യജീവി വകുപ്പ് അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റീവ് ഓഫിസറായ മുഹമ്മദ് അന്‍വര്‍ യൂനസ് പങ്കുവെച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം നല്‍കിയ വിശദീകരണം ഇപ്രകാരമാണ് -
“കഴിഞ്ഞ ദിവസം ഈ വീഡിയോ പലവിധ അടിക്കുറിപ്പുകളോടെ പലയിടങ്ങളിൽ ഷെയർ ചെയ്ത് കണ്ടു.
വെറുതേ നടന്ന് പോകുന്ന, അല്ല ഇഴഞ്ഞ് പോകുന്ന പാമ്പ് നല്ലൊരു തക്കാളിപ്പഴം കണ്ടപ്പോൾ അതിൽ വീണ്ടും വീണ്ടും കടിച്ച് വിഷം കുത്തിനിറയ്ക്കുന്നു. അത് കഴിക്കുന്നയാൾ വിഷമേറ്റ് മരിക്കണം. അത് പക പോക്കുന്നതാണ്. അതിന് മനുഷ്യരോട് കടുത്ത ശത്രുതയുണ്ട്. കിളി കൊത്തിയതാണെന്ന് കരുതി കിട്ടിയ പഴങ്ങളൊക്കെ എടുത്ത് കഴിക്കരുത്. എന്നിങ്ങനെ പോകുന്നു അടിക്കുറിപ്പുകൾ. ഒരു പ്രേതബാധ ബിജിഎം കൂടി ആയാൽ സംഗതി ജോർ!!
Oman saw-scaled viper (Echis omanensis) എന്നയിനം പാമ്പാണ്. (ID കടപ്പാട്: Rajath Sasidharan ). മലയാളം പേര് എന്താന്ന് ചോദിക്കുന്നവരോട് "ഒമാനി ചുരുട്ടമണ്ഡലി" എന്ന് പറയുകയേ നിവൃത്തിയുള്ളൂ.
സംഗതി ഇതാണ്: ഒരു പലക കൊണ്ട് ആ ജീവിയുടെ നടുവിൽ കുത്തിപ്പിടിച്ചിട്ടുണ്ട്. വേദന കൊണ്ട് പുളയുന്ന ആ സാധുജീവി അടുത്ത് കണ്ട തക്കാളിയിൽ കടിക്കുന്നു, രക്ഷപ്പെടാനായി കുതറുന്നു. പലക പിടിച്ചുമാറ്റാൻ അതിന് കൈയോ കാലോ ഇല്ല. വായ കൊണ്ട് മാത്രം പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും കഴിയുന്ന ജീവികളാണ് പാമ്പുകൾ. ചുറ്റിവരിയാനുള്ള കഴിവിനെ വിസ്മരിക്കുന്നില്ല. വേദനിച്ചാൽ ഒന്നുറക്കെ കരയാൻ പോലും അവയ്ക്കാകില്ല.
ഇതൊക്കെയാണ് നിജം, ബാക്കിയെല്ലാം; അടിക്കുറിപ്പെല്ലാം പൊയ്!!”
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം -
Facebook Post |
അതായത് വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ പാമ്പിനെ ഒരു പലക കൊണ്ട് വാലിന് മുകളിലോട്ടുള്ള ഭാഗത്ത് കുത്തിപ്പിടിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. വേദന സഹിക്കാനാകാത്ത പാമ്പ് അടുത്തുള്ള ചെടിയില്‍ കടിക്കുന്നതാണ് യതാര്‍ത്ഥ്യം.
വീഡിയോ കീ ഫ്രെയിമില്‍ പാമ്പിനെ പലക കൊണ്ട് കുത്തിപ്പിടിക്കുന്നത് കാണാം -
പാമ്പുകള്‍ പച്ചക്കറിയും പഴവും കഴിക്കുമോ? ഇത്തരത്തില്‍ ശ്രമം നടത്താറുണ്ടോ? കേരളത്തിലെ പാമ്പുകള്‍ എന്ന ഗ്രൂപ്പിലെ മറ്റൊരു വിദഗ്ധന്‍ ഇതെ കുറിച്ച് ശാസ്ത്രീയമായ നല്‍കിയ പ്രതികരണം ഇപ്രകാരമാണ് -
പാമ്പ് തക്കാളി കഴിക്കുന്നതാണോ എന്നും പലരും ചോദിക്കുന്നുണ്ട്. അല്ല, പാമ്പുകൾ തക്കാളി എന്നല്ല ഒരു പച്ചക്കറിയും കഴിക്കില്ല. പാലും പഴങ്ങളും പാമ്പ് കഴിക്കില്ല. പാമ്പിന്റെ ആമാശയത്തിൽ പഴം, പച്ചക്കറി, പാൽ തുടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങൾ ദഹിപ്പിക്കാൻ വേണ്ട രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നില്ല. അതുകൊണ്ട് ഇതൊക്കെ പാമ്പിന്റെ അകത്തു ചെന്നാൽ ദഹിപ്പിക്കാനുള്ള കഴിവ് അതിന്റെ ആമാശയത്തിന് ഇല്ല.
പാമ്പുകളില്‍ സസ്യാഹാരികള്‍ ഇല്ല.എല്ലാ പാമ്പുകളും ജീവനുള്ള മാംസാഹാരമാണ് കഴിക്കുന്നത്.എന്നാലും ഗതികെട്ടാല്‍ അവ ചത്തതോ ചീഞ്ഞത് പോലുമോ തിന്നേക്കാം.കടിച്ചു ചവച്ചു തിന്നാനോ വലിച്ചു കുടിക്കാനോ പറ്റുന്ന രീതിയിലല്ല അവയുടെ വായയുടെ ഘടന. പാമ്പുകളുടെ പല ഇനങ്ങളും എലി, പ്രാണികൾ, മറ്റ് ചെറിയ സസ്തനികൾ എന്നിവയെയാണ് ഇരയാക്കുന്നത്, മറ്റുള്ളവ മീനുകൾ, ഉഭയജീവികൾ, പല്ലികൾ, പക്ഷികൾ എന്നിവയെ ഭക്ഷിക്കുന്നു.
സര്‍പ്പ ടീമിന്‍റെ പ്രതികരണം -
കൂടുതല്‍ ആധികാരികമായ സ്ഥരീകരണത്തിനായി സംസ്ഥാന വനം വന്യജീവി വകുപ്പിന്‍റെ സര്‍പ്പ എന്ന പാമ്പ് വിദഗ്ധരുടെ ആന്‍ഡ്രോയിഡ് ആപ്പില്‍ നിന്നും കൊല്ലം ജില്ലാ കോര്‍ഡനേറ്ററും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ ലിജു താജുദ്ദീനുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന വീഡിയോയില്‍ പാമ്പിനെ ഉപദ്രവിക്കുന്നത് കൊണ്ടുള്ള പ്രതികരണമാണ് കാണാന്‍ കഴിയുന്നത്. ഉരഗങ്ങള്‍ എന്ന് പാമ്പുകളെ വിശേഷിപ്പിക്കുന്നത് തന്നെ അവ ചെറുജീവികളെയും മറ്റും ഭക്ഷിക്കുന്നത് കൊണ്ടാണ്. പാമ്പുകള്‍ക്ക് ആക്രമിക്കാന്‍ കയ്യോ കാലുകളോ ഇല്ലായെന്നത് കൊണ്ട് അവയ്ക്ക് ആകെ കടിക്കുക എന്നത് മാത്രമാണ് ചെറുത്ത് നില്‍ക്കാന്‍ കഴിയുന്ന ഏക മാര്‍ഗം. പാമ്പുകള്‍ ഒരിക്കലും പച്ചക്കറി ഭക്ഷിക്കാനോ അതില്‍ കടിക്കാനോ ശ്രമിക്കാറില്ലായെന്നും ഭൂരിഭാഗം പാമ്പ് വര്‍ഗങ്ങളും അവയെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോഴാണ് കടിക്കുന്നതെന്നും അണലി, വെള്ളിക്കെട്ടന്‍ പോലെയുള്ള പാമ്പുകളാണ് പ്രകോപനങ്ങളില്ലാതെ ഉറങ്ങി കിടക്കുന്നവരെ കടിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും പ്രചരിക്കുന്ന വീഡിയോയിലെ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലായെന്നും അദ്ദേഹം പറഞ്ഞു.
നിഗമനം
പാമ്പിനെ ഒരു മനുഷ്യന്‍ തടി പലക കൊണ്ട് അനങ്ങാന്‍ പറ്റാത്ത അവസ്ഥിയില്‍ ആക്രമിക്കുമ്പോള്‍ വേദനകൊണ്ട് അടുത്തുള്ള തക്കാളി ചെടിയിലെ തക്കാളിയില്‍ കടിക്കുന്ന പാമ്പിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.