വിവരണം

കൊറോണക്കാലത്ത് ശബളം മുടങ്ങുമ്പോൾ എന്തിനാണീ പി ആർ ധൂർത്ത്

—————

കേരള മുഖ്യമന്ത്രി എല്ലാ ദിവസവും

പത്രസമ്മേളനം നടത്തുന്നു. കേരളത്തിലെ ചാനൽകാരൊക്കെ ഡെയിലി ചാനലിൽ സ്വമേധയാ പോയിരുന്നു റെക്കോർഡ് ചെയ്ത് പുനസംപ്രേഷണം ചെയ്യുന്നു എന്നാണോ പലരുടെയും ധാരണ..

എന്നാൽ അതല്ല സത്യം..

ചാനലുകൾക്ക് കോടികൾ മേടിച്ച് എല്ലാരും ഒരു മണിക്കൂർ സ്പോൺസേർഡ് പ്രോഗ്രാം

സംസ്ഥാനം കത്തുമ്പോൾ ഒരാൾ പി ആർ നടത്തുന്നു എന്ന തലക്കെട്ട് നല്‍കി കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ എന്നിവ സംപ്രേഷണം ചെയ്ത ഒരു പരിപാടിയുടെ ചിത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ചില വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടും സഹിതം ഒരു പോസ്റ്റ് വൈറലായി പ്രചരിക്കുന്നുണ്ട്. അതായത് കൊറോണ ഭീതിയില്‍ ലോകം ആശങ്കയില്‍ കഴിയുന്ന നാളുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ദിവസവും നടത്തുന്ന പത്രസമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ കോടിക്കണക്കിന് പണം നല്‍കി ചാനലുകള്‍ പുനസംപ്രേഷണം ചെയ്യുന്നു എന്നതാണ് പോസ്റ്റിന്‍റെ അവകാശവാദം. ലൈവ് വാര്‍ത്തസമ്മേളനങ്ങള്‍ പിന്നീട് സ്പോണ്‍സേര്‍ഡ് പരിപാടിയായി പുനസംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്നതിന്‍റെ തെളിവാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്ക്രീന്‍ഷോട്ടെന്നും ഏഷ്യാനെറ്റ് ഫെയ്‌സ്ബുക്ക് പേജില്‍ സ്പോണ്‍സേഡ് പോസ്റ്റുകള്‍ ഇടുന്നതും ഇത്തരത്തിലാണെന്നുമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്ന വ്യക്തി ഉയര്‍ത്തുന്ന അവകാശവാദം. അഡ്വ. വീണ എസ് നായര്‍ എന്ന പേരിലുള്ള പേജിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 438ല്‍ അധികം റിയാക്ഷനുകളും 128ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളും സ്ക്രീന്‍ഷോട്ടുകളും-

Facebook PostArchived Link

എന്നാല്‍ പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ വാര്‍ത്ത ചാനലുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയാണോ എല്ലാ ദിവസവും കോവിഡ് 19 അവലോകനത്തിന് ശേഷം മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങള്‍ പുനസംപ്രേഷണം ചെയ്യുന്നത്? പോസ്റ്റിലെ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്ന സ്പോണ്‍സേ‍ഡ് പരിപാടി മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പുനസംപ്രേഷണം ചെയ്തതാണോ? ഏഷ്യാനെറ്റ് ന്യൂസ് ഫെയ്‌സ്ബുക്ക് പേജിലും സര്‍ക്കാര്‍ പണം നല്‍കിയാണോ സ്പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ നല്‍കുന്നത്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റിലെ ആരോപണങ്ങളില്‍ ഒരോന്നായി വസ്‌തുത അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് വെബ്‌ ഡെസ്‌കുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ഏഷ്യാനെറ്റ് മാര്‍ച്ച് 29 ഞായര്‍ ദിവസം സംപ്രേഷണം ചെയ്‌ത സ്പോണ്‍സേര്‍ഡ് പരിപാടി മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനമല്ലെന്നതാണ് വെബ്‌ഡെസ്‌കില്‍ നിന്നും ലഭിച്ച മറുപടി. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന നാം മുന്നോട്ട് എന്ന പരിപാടിയാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്‌തത്. ഇത് കഴിഞ്ഞ കുറെ നാളുകളായി മലയാളത്തിലെ എല്ലാ പ്രധാനപ്പെട്ട വാര്‍ത്ത ചാനലുകളും സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഇതോടെ വ്യക്തമായി. മാതൃഭൂമിയും, മീഡിയ വണ്ണും, 24 ന്യൂസും എല്ലാം സംപ്രേഷണം ചെയ്‌തത് ഇതെ പരിപാടി തന്നെയാണെന്നും അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. നാം മുന്നോട്ട് എന്ന ഈ പരിപാടിയുടെ ടൈറ്റില്‍ യൂ ട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോ‍ഡ് കണ്ടെത്താന്‍ കഴിഞ്ഞു. നാം മുന്നോട്ട് എന്ന യൂ ട്യൂബ് ചാനലിലാണ് പരിപാടിയുടെ എല്ലാ എപ്പിസോഡുകളും അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അവസാനം അപ്‌ലോഡ് ചെയ്തിരിക്കുന്ന 90-ാം എപ്പിസോഡ‍് സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങലെ കുറിച്ചുള്ളതാണ്. അതിജീവിക്കാം കരുതലോടെ എന്നതാണ് എപ്പിസോഡിന് നല്‍കിയിരിക്കുന്ന പേര്. മാര്‍ച്ച് 29ന് അപ്‌ലോഡ് ചെയ്‌തിരിക്കുന്ന എപ്പിസോഡിന്‍റെ തുടക്കം തന്നെ 0.37 സെക്കന്‍ഡുകള്‍ മുതല്‍ 01.32 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൊറോണ അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിന്‍റെ ഒരു ചെറിയ ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെ മാര്‍ച്ച് 29ന് അതായത് ഞായറാഴ്ച്ച തന്നെയാണ് നാം മുന്നോട്ട് പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്‌തത് എന്നതിന്‍റെ തെളിവാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്‌ത പരിപാടിയില്‍ മാര്‍ച്ച് 29 എന്ന ഡേറ്റ് വ്യക്തമായി കാണാന്‍ കഴിയുന്നത്. മാത്രമല്ല 29ന് കൊവിഡ് അവലോകനത്തിന് ശേഷം വാര്‍ത്ത സമ്മേളനം ഇല്ലായിരുന്നു. പകരം വാര്‍ത്ത കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

ഏഷ്യാനെറ്റ് ഫെയ്‌സ്ബുക്ക് പേജിലെ സ്പോണ്‍സേര്‍ഡ് പോസ്റ്റിനെ കുറിച്ചുള്ള പ്രതികരണത്തെ കുറിച്ചാണ് പിന്നീട് അന്വേഷിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വെബ്‌ഡെസ്ക്കുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്.

സാധാരണയായി നാല് പോസ്റ്റുകള്‍ ഇത്തരത്തില്‍ സ്പോണ്‍സേര്‍ഡ് പോസ്റ്റായി പങ്കുവയ്ക്കാറുണ്ട്. ഇത് വ്യക്തികളുടെ കയ്യില്‍ നിന്നോ അല്ലെങ്കില്‍ സര്‍ക്കാരിന്‍റെ കയ്യില്‍ നിന്നോ പണം വാങ്ങി നല്‍കുന്നതല്ല. അത് പേജിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കുമായി ചേര്‍നന്ന് കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.

നാം മുന്നോട്ട് 90-ാം എപ്പിസോഡ് യൂട്യൂബില്‍ (മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ പരിപാടിയുടെ തുടക്കത്തില്‍ കാണാം )-

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഏഷ്യാനെറ്റ് പുനസംപ്രേഷണം ചെയ്‌തു എന്ന് അവകാശപ്പെടുന്ന വാര്‍ത്ത സമ്മേളനത്തിന്‍റെ തീയതി വ്യക്തമായി കാണാം-

നിഗമനം

മലയാളം വാര്‍ത്ത ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സര്‍ക്കാരിന്‍റെ നാം മുന്നോട്ട് എന്ന പരിപാടിയുടെ ചിത്രങ്ങളാണ് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം പുനസംപ്രേഷണം ചെയ്യുന്ന എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ കോടികള്‍ മുടക്കി വാര്‍ത്ത ചാനലുകളില്‍ പുനസംപ്രേഷണം ചെയ്യുന്നുണ്ടോ?

Fact Check By: Dewin Carlos

Result: False