
സഭ്യതയുടെ എല്ലാ അതിരുകളും ലംഘിച്ച് 21 കാരൻ തൻ്റെ അമ്മയുടെ അമ്മയെ കല്യാണം കഴിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വാർത്ത വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു യുവാവും ഒരു വയസായ സ്ത്രീയും കഴുത്തിൽ മാല ധരിച്ച് നിൽക്കുന്നതായി കാണാം. നമുക്ക് ഒരു X പോസ്റ്റും കാണാം. പോസ്റ്റിൽ ഹിന്ദിയിൽ പറയുന്നത് ഇങ്ങനെയാണ്: “ഹരിയാനയിലെ 21 വയസായ മുഹമ്മദ് ഇർഫാൻ എന്ന യുവാവ് തൻ്റെ മുത്തശ്ശിയെ വിവാഹം കഴിച്ചു. സുൽത്താന ഖാത്തൂൻ എന്നാണ് ഈ യുവാവിൻ്റെ മുത്തശ്ശിയുടെ പേര്, ഭർത്താവ് മരിച്ചത്തിന് ശേഷം ഖാത്തൂൻ ഒറ്റപ്പെട്ടിരുന്നു. പേരകുട്ടിയായ ഇർഫാൻ മുത്തശ്ശിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അങ്ങനെ ഇവർ അടുത്തു.ബന്ധങ്ങൾ ഒന്നും നോക്കാതെ ഇർഫാൻ തൻ്റെ മുത്തശ്ശിയെ വിവാഹം കഴിച്ചു.” പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“ സഭ്യതയുടെ എല്ലാ അതിരുകളും ലംഘി ച്ച്.. 21 കാരൻ തൻ്റെ അമ്മയുടെ അമ്മയെ കല്യാണം കഴിച്ചതായി കലിംഗ ടിവി റിപ്പോർട്ട് ചെയ്യുന്നു. ( ലിങ്ക് കമൻ്റ് ബോക്സിൽ ) ഹരിയാനയിലെ 21 കാര നായ മുഹമ്മദ് ഇർഫാനാണ് തൻ്റെ അ മ്മൂമ്മയായ സുൽത്താന ഖാത്തുണിനെ കല്യാണം കഴിച്ചത്.. ഭർത്താവിൻ്റെ മരണ ശേഷം ഒറ്റയ്ക്കായ സുൽത്താനയെ സഹായിക്കാനും പരിച രിയ്ക്കാനും ഇർഫാൻ എത്തിയിരുന്നു. തുടർന്ന് പ്രേമബന്ധത്തിലാകുകയും കൂടാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിയ്ക്കുകയും ചെയ്തു. ഇനി മുതൽ ഇർഫാൻ്റെ അമ്മ തൻ്റെ മക നെ അച്ഛാ എന്ന് വിളിയ്ക്കണം. കൂടാതെ ഇർഫാൻ്റെ അച്ഛനും. ഇതൊക്കെ കാണാ നും കേൾക്കേണ്ടിയും വരുന്നല്ലല്ലോ ഈശ്വരാ.. ”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ പോസ്റ്റിൽ പറയുന്ന കലിംഗ ന്യൂസിൻ്റെ വാർത്ത പരിശോധിച്ചു. പോസ്റ്റിൽ കാണുന്ന X പോസ്റ്റിൽ പറയുന്ന വിവരങ്ങൾ തന്നെയാണ് ഈ വാർത്തയിലും റിപ്പോർട്ട് ചെയ്യുന്നത്. ഈ സംഭവം ഹരിയാനയിൽ എവിടെയാണ് നടന്നത് എങ്ങനെയാണ് നടന്നത് തുടങ്ങിയ യാതൊരു വിവരങ്ങളും ഈ വാർത്തയിൽ ഇല്ല. ഇതേ പോലെ വണ്‍ ഇന്ത്യ ഹിന്ദിയും ഇതേ X പോസ്റ്റും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ വാർത്ത പ്രചരിപ്പിക്കുന്നത്.
പോസ്റ്റ് കാണാൻ – Facebook | Archived
ഞങ്ങൾ ഹരിയാനയിലെ പ്രാദേശിക മാധ്യമങ്ങളും ദേശിയ മാധ്യമങ്ങളും പരിശോധിച്ചു പക്ഷെ എവിടെയും ഇങ്ങനെയൊരു വിവാഹത്തിനെ കുറിച്ച് ഒരു വിവരവും കണ്ടെത്തിയില്ല. 21 ജൂൺ 2025ന് രാവിലെ 4 മണിക്ക് അരുൺ കോസ്‌ലി എന്നൊരു വ്യക്തിയാണ് ആദ്യം ഈ വാർത്ത പോസ്റ്റ് ചെയ്തത്. ഇയാൾ ഇതേ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഈ വാർത്ത തെറ്റാണെന്ന് X യൂസറുകൾ ചൂണ്ടിക്കാണിച്ചപ്പോൾ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷെ ഇയാളുടെ ട്വീറ്റ് ആർകൈവ് ചെയ്തിരുന്നു. ഈ പോസ്റ്റ് നിങ്ങൾക്ക് താഴെ കാണാം.
നമുക്ക് പോസ്റ്റിൽ കാണുന്ന പോസ്റ്റും ഈ പോസ്റ്റിൻ്റെ കോപ്പിയാണ്. ഈ പോസ്റ്റും 21 ജൂൺ 2025നാണ് ചെയ്തത് അതായത് കലിംഗ ന്യൂസിൻ്റെ റിപ്പോർട്ടിനെ കാലും 3 ദിവസം മുൻപ്.
ഈ ചിത്രങ്ങളെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ ഞങ്ങൾക്ക് Desi Chhora 2.0 എന്ന യുട്യൂബ് ചാനലിൽ ലഭിച്ചു. ഈ വീഡിയോ 20 നവംബർ 2022നാണ് പ്രസിദ്ധികരിച്ചത്. വീഡിയോ പ്രകാരം രോഹിത് എന്ന 21 വയസുകാരൻ 52 വയസായ തൻ്റെ പ്രൊഫസർ ശാന്തിയെ വിവാഹം കഴിക്കുന്നു.
Archived
ഈ വീഡിയോ സ്ക്രിപ്റ്റഡ് ആണ്. 0.23 സെക്കൻഡിന് ഒരു ഡിസ്ക്ലെയിമർ വീഡിയോയിൽ കാണുന്നുണ്ട്. ഈ ഡിസ്ക്ലെയിമർ പ്രകാരം ഈ വീഡിയോ പൂർണമായും സ്ക്രിപ്റ്റഡാണ്, യാഥാർഥ്യമല്ല. ഈ ചാനലിൽ മിക്കവാറും വീഡിയോകൾ ഇത് പോലെ സ്ക്രിപ്റ്റഡാണ്.
ഡിസംബർ 2022ൽ ആൾട്ട് ന്യൂസ്, ബൂം അടക്കം പല ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ ഈ വീഡിയോ വെച്ച് നടത്തുന്ന വ്യാജപ്രചരണം പൊളിച്ചിരുന്നു. അന്നും ദേശിയ മാധ്യമങ്ങൾ ഈ വീഡിയോയുടെ യാഥാർഥ്യം മനസിലാക്കാതെ ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.
നിഗമനം
സഭ്യതയുടെ എല്ലാ അതിരുകളും ലംഘിച്ച് 21 കാരൻ തൻ്റെ അമ്മയുടെ അമ്മയെ കല്യാണം കഴിച്ചു എന്ന വാർത്തക്ക് യാതൊരു അടിസ്ഥാനമില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സ്ക്രിപ്റ്റഡ് വീഡിയോയുടെ അടിസ്ഥാനത്തിൽ 21 വയസായ മുസ്ലിം യുവാവ് തൻ്റെ 52കാരി മുത്തശ്ശിയെ വിവാഹം കഴിച്ചുവെന്ന് വ്യാജപ്രചാരണം
Written By: Mukundan KResult: False
