വി‌ഐ‌പി-സ്കൈ ബാഗ് നിര്‍മ്മാതാക്കള്‍ ലവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന പരസ്യവുമായി രംഗത്ത്  എന്നു പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ ഉപയോഗിച്ച്…   

Altered

‘ലവ് ജിഹാദ്’ അവകാശവാദങ്ങളുമായി അടുത്തിടെ സോഷ്യൽ മീഡിയയിൽ നിരവധി ആരോപണങ്ങൾ വരുന്നുണ്ട്. പ്രമുഖ ബാഗ് നിര്‍മ്മാതാക്കളായ വിഐപി ഇൻഡസ്ട്രീസ്  ലാവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന ഒരു പരസ്യം മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം 

‘വി‌ഐ‌പി ബാഗ് സ്കൈബാഗ്’ സ്യൂട്ട്കേസുകളുടെ ദൃശ്യങ്ങൾക്കൊപ്പം ഒരു ഹിന്ദു യുവതിയും ഒരു മുസ്ലീം പുരുഷനും തമ്മിലുള്ള പ്രണയകഥയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന സീനുകളില്‍ ഹിന്ദു യുവതിയുടെ നെറ്റിയിലെ പൊട്ട് നീക്കം ചെയ്യുന്നതും ദാവണി മാറ്റി ധരിക്കാന്‍ ഇസ്ലാം മതാചാര പ്രകാരമുള്ള വേഷം സമ്മാനിക്കുന്നതും കാണാം. സ്കൈ ബാഗുകളുടെ ലോഗോയോടെയാണ് വീഡിയോ അവസാനിക്കുന്നത്.

https://archive.org/details/screencast-www_facebook_com-2024_09_28-12_16_16

FB postarchived link

ലൗ ജിഹാദിനെ പിന്തുണച്ച് സ്യൂട്ട്കേസ് നിർമ്മാതാക്കള്‍ പരസ്യം നൽകിയെന്ന അവകാശവാദം വ്യാജവും വർഗീയവുമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്  

ഞങ്ങള്‍ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍  വിഐപി ബാഗ്സ് X അക്കൗണ്ട് വഴി വൈറൽ സന്ദേശങ്ങളോട് പ്രതികരിക്കുന്ന പ്രസ്താവന ലഭിച്ചു. വിഐപി, സ്കൈബാഗ് ബ്രാൻഡ് പേരുകൾ ദുരുപയോഗം ചെയ്ത് കമ്പനിയുടെ അറിവോ സമ്മതമോ ഇല്ലാതെ വികസിപ്പിച്ചെടുത്ത അനധികൃത പരസ്യമാണിതെന്ന് ഊന്നിപ്പറയുന്നു. പരസ്യത്തിന് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. 

“വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മൈക്രോ ബ്ലോഗിംഗ് സൈറ്റുകളിലും ഒരു നിശ്ചിത വ്യാജവും ക്ഷുദ്രകരവും നികൃഷ്ടവുമായ പരസ്യം പ്രചരിക്കുന്നുണ്ടെന്ന് വിഐപി ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ പരസ്യത്തിന്‍റെ സ്രഷ്ടാവ് നിയമവിരുദ്ധമായി VIP, Skybags ബ്രാൻഡ് നാമങ്ങൾ ഉപയോഗിക്കുകയും ഞങ്ങളുടെ കമ്പനിയുടെയും ബ്രാൻഡ് പേരുകളുടെയും പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.

വിഐപി ഇൻഡസ്ട്രീസ് ഈ പരസ്യം നൽകിയിട്ടില്ല കൂടാതെ ഈ പരസ്യം ഇട്ട വ്യക്തിയുമായി യാതൊരു ബന്ധവുമില്ല. വിഐപി ഇൻഡസ്ട്രീസ് അതിൻ്റെ പേരും വ്യാപാരമുദ്രകളും അനധികൃതമായി ഉപയോഗിച്ചതിന് പോലീസിൽ പരാതി നൽകി.

ഞങ്ങളുടെ ബ്രാൻഡിലുള്ള തുടർച്ചയായ പിന്തുണയ്ക്കും വിശ്വാസത്തിനും ഞങ്ങളുടെ ഉപഭോക്താക്കളോടും പങ്കാളികളോടും ഞങ്ങൾ നന്ദി പറയുന്നു.”

ചില ബിസിനസ് മാധ്യമങ്ങള്‍ വി‌ഐ‌പി ഇന്‍ഡസ്ട്രീസിന്‍റെ വിശദീകരണം ആധാരമാക്കി റിപ്പോര്‍ട്ട്  നല്‍കിയിട്ടുണ്ട്. 

പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമറിയാന്‍ തിരഞ്ഞപ്പോൾ, ഇതിലെ ദൃശ്യങ്ങള്‍ സുമി റാഷിക്ക്, വിഷ്ണു കെ വിജയന്‍ (ഇരുവരും മലയാള സിനിമ-സീരിയല്‍ അഭിനേതാക്കള്‍) എന്നിവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. 

വൈറലായ വീഡിയോയുടെ ഷൂട്ടിനിടെ പകർത്തിയ ചിത്രങ്ങളാണിത്. മലയാളം സീരിയലുകളിലെ അഭിനേത്രിയും നർത്തകിയുമാണെന്ന് സുമിയുടെ പ്രൊഫൈൽ പറയുന്നു. വിഡിയോയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ നടൻ വിഷ്ണു കെ വിജയനെ ടാഗ് ചെയ്തിട്ടുണ്ട്.

‘സൂഫിയും സുജാതയും’ എന്ന സിനിമയില്‍ നിന്നുള്ള ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ ‘സ്കൈബാഗുകൾ’ എന്നതിനെക്കുറിച്ച് പരാമർശമില്ല. മാത്രമല്ല, വി‌ഐ‌പി ബാഗുകളുടെ പരസ്യങ്ങള്‍ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ കൊടുത്തിട്ടുണ്ട്.  വീഡിയോയിൽ സ്കൈബാഗുകളുടെ ലോഗോ അവസാനത്തിലോ വീഡിയോയിലെവിടെയോ വൈറൽ വീഡിയോയിൽ കാണുന്നതുപോലെയോ ഇല്ല.

നിഗമനം 

വിഐപി ബാഗുകൾ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന പരസ്യം പുറത്തിറക്കിയെന്ന് അവകാശപ്പെടാൻ വൈറൽ വീഡിയോ എഡിറ്റ് ചെയ്തതാണ്. ഹിന്ദു യുവതിയെ മുസ്ലിം മതപരിവര്‍ത്തനത്തിലേക്ക് നയിക്കുന്ന സന്ദേശമുള്ള പരസ്യത്തിന്  വിഐപി-സ്കൈബാഗുകളുമായി യാതൊരു ബന്ധവുമില്ല. മലയാള സിനിമയിലെ ഒരു ഗാനത്തിന്‍റെ പുനരാവിഷ്ക്കരണമായി മലയാള സിനിമ-സീരിയല്‍ താരങ്ങള്‍ ചിത്രീകരിച്ച ഒരു വീഡിയോ എടുത്ത് സ്കൈ ബാഗ്സ് ലോഗോ ചേര്‍ത്ത് എഡിറ്റ് ചെയ്തു നിര്‍മ്മിച്ച വീഡിയോ ആണിത്.