
വിവരണം
കഴിഞ്ഞ ദിവസം കേരളം മുഴുവൻ സ്തംഭിച്ചുപോയ ഒരു വാർത്തയാണ് തിരുവല്ലയിൽ ഒരു യുവാവ് തന്റെ പ്രണയം നിരസിച്ച പെൺകുട്ടിയെ നിർദ്ദാക്ഷിണ്യം പെട്രോൾ ഒഴിച്ചു തീ കൊളുത്തി എന്നുള്ളത്. തിരുവല്ല ടൗണിനുള്ളിൽ ജനസാന്ദ്രമായ സമയത്തു നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തുള്ള കടയിൽ നിന്നും ലഭിച്ചത് സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു. സാമൂഹിക മാധ്യമങ്ങളിലെല്ലാം സംഭവത്തെ അവലംബിച്ച് നിരവധി വാർത്തകളാണ് ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് പെൺകുട്ടിയെ പ്രട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച അജിൻ രജി മാത്യു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നുള്ള പ്രചാരണം. സ്മിത ജയമോഹൻ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ” പിണറായിയുടെ ഭരണത്തിന് വീണ്ടും ഒരു പൊൻതൂവൽ..നവോദ്ധാനം ഉണ്ടാക്കാൻ DYFIയുടെ I SISമോഡൽ കൊലപാതകം…” എന്നിങ്ങനെയുള്ള വിവരണങ്ങളുമായി ഏതാനും ചിത്രങ്ങളും ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് ഇത്തരത്തിലുള്ള ഒന്നാണ്. ഇതിന്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം
വസ്തുതാ പരിശോധന
സംഭവം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഞങ്ങൾ അവിടെയാണ് ആദ്യം അന്വേഷണം നടത്തിയത്. അവിടെ നിന്നും ലഭിച്ച വിവരങ്ങൾ ഇതാണ് : ഇതൊരു രാഷ്ട്രീയ കൊലപാതക ശ്രമമല്ല. അതുകൊണ്ടുതന്നെ പ്രതിയുടെ രാഷ്ട്രീയം ഞങ്ങൾക്ക് അന്വേഷിക്കേണ്ട കാര്യമില്ല. എങ്കിലും ഇതുവരെ പ്രതി അജിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നു ആരും ആരോപണം ഉന്നയിച്ചിട്ടില്ല. ഈ ആരോപണം തെറ്റാണെന്നു തോന്നുന്നു.“
കൂടാതെ ഞങ്ങൾ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ മനുവിനോട് സംസാരിച്ചിരുന്നു. മനു പറയുന്നത് ഇപ്രകാരമാണ് : ” ഈ സംഭവം ഉണ്ടായ അന്നുതന്നെ പത്തനംതിട്ട ഡിവൈഎഫ്ഐ പ്രസ്താവന ഇറക്കിയിരുന്നു. പ്രതിക്ക് ഞങ്ങളുടെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. പ്രതി പാർട്ടി പ്രവർത്തകനാണെന്നു തെളിയിക്കാൻ ഈ ഈ വ്യാജവാർത്ത നൽകിയവരുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടോ..? വീണ ജോർജ് എംഎൽഎ കഴിഞ്ഞ പ്രളയ കാലത്ത് പത്തനംതിട്ട സന്ദർശിച്ച സമയത്തെ ഒരു ചിത്രം ഉപയോഗിച്ചാണ് അവർ ആരോപണം ഉന്നയിക്കുന്നത്. വിഐപികളുടെ കൂടെ നിന്ന് സെൽഫിയെടുക്കാൻ ഇങ്ങനെ പലരും വരാറുണ്ട്. അവരെല്ലാം പാർട്ടി പ്രവർത്തകരാകണമെന്നില്ല.“
തുടർന്ന് ഞങ്ങൾ ഡിവൈഎഫ്ഐ പത്തനംതിട്ട അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വിശദീകരണം പരിശോധിച്ചു. അത് താഴെ കൊടുക്കുന്നു :
എംഎൽ എ വീണാ ജോർജിന്റെ കൂടെ നിന്ന് അജിൻ റെജി മാത്യു എടുത്ത സെൽഫിയും ഇതിടൊപ്പം വൈറലാകുന്നുണ്ട്. ഇ ചിത്രം അജിൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
അജിന്റേത് എന്ന പേരിൽ മേല്പറഞ്ഞ പോസ്റ്റിൽ ബനിയനും ട്രൗസറുമിട്ട് പരേഡിൽ പങ്കെടുക്കുന്ന രൂപത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം മുഹമ്മദ് ഷാഫി തവയിൽ എന്നയാളുടേതാണ്. ഈ വിവരം ഞങ്ങൾക്ക് ലഭിച്ചത് പ്രസ്തുത പോസ്റ്റിനു ലഭിച്ച കമന്റുകളിൽ നിന്നുമാണ്. ഷാഫിയുടെ ഫേസ്‌ബുക്ക് പേജിലേക്കുള്ള സൂചനകൾ അവിടെ നിന്നും ലഭിച്ചിരുന്നു. ഷാഫി തന്റെ ഫേസ്‌ബുക്ക് പേജിൽ ഇതിനെതിരെ പ്രതികരണം നടത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
കൂടാതെ പ്രമുഖ വർത്തമാന പത്രങ്ങളിലോ വാർത്താ പോർട്ടലുകളിലോ പ്രതിയുടെ രാഷ്ട്രീയ ചായ്‌വിനെക്കുറിച്ച് യാതൊരു സൂചനകളുമില്ല. പ്രതിയുടെ ഫേസ്‌ബുക്ക് പേജ് ഞങ്ങൾ പരിശോധിച്ചു. അതിലും അയാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്നു എന്നതിന് യാതൊരു തെളിവുകളുമില്ല.
കൂടാതെ പെൺകുട്ടി മരിച്ചു എന്ന രീതിയിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. പെൺകുട്ടി മരിച്ചിട്ടില്ല. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടൊപ്പം പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയിട്ട് മരിച്ചുപോയി എന്ന പ്രതീതിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയമപരമായി കുട്ടിയുടെ ചിത്രം പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.
അജിന് ഡിവൈഫ്എഫ്‌ഐ ബന്ധം ഇല്ലെന്നു തെളിയിക്കാൻ താഴെ പറയുന്ന വസ്തുതകൾ പര്യാപ്തമാണ്.
1.പോലീസ് ഉദ്യോഗസ്ഥന്റെ സംഭാഷണത്തിൽ അജിന്റെ രാഷ്ട്രീയ പശ്‌ചാത്തലം വിഷയമല്ല എന്ന് പറയുന്നുണ്ട്.
2 ഡിവൈഎഫ്ഐ അവരുടേതായ വിശദീകരണം പരസ്യമായി നൽകിയിട്ടുണ്ട്.
3. ഇതോടൊപ്പം നൽകിയിട്ടുള്ള ചിത്രം വ്യാജമാണ്.
4.അജിന്റെ ഡിവൈഎഫ്ഐ ബന്ധത്തിന് ബലം നൽകുന്ന യാതൊരു തെളിവുകളും ആരോപണം ഉന്നയിച്ചവർ നൽകിയിട്ടില്ല.
ഞങ്ങളുടെ അന്വേഷണ പ്രകാരം ഇ പോസ്റ്റ് വ്യാജമാണ്.
നിഗമനം
തിരുവല്ലയിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ കേസിലെ പ്രതി അജിൻ റെജി മാത്യു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. ഇതിലെ ആരോപണങ്ങൾ തെറ്റും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കായി മറ്റൊരാളുടെ ചിത്രം പോലും വ്യാജമായി ഉപയോഗിച്ചിരിക്കുന്നു. ഇത്തരം പോസ്റ്റുകളോട് സൂക്ഷ്മമായ വിലയിരുത്തലുകൾക്കു ശേഷം മാത്രം പ്രതികരിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:തിരുവല്ലയിൽ പെൺകുട്ടിയെ തീ കൊളുത്തിയ കേസിലെ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണോ…?
Fact Check By: Deepa MResult: False
