
വിവരണം
കണ്ണൂർ പഴയങ്ങാടി മാടായിപ്പാറയിൽ പക്ഷികൾ തീർത്ത മനോഹരമായ കാഴ്ച.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ആയിരക്കണക്കിന് പക്ഷികളുടെ കൂട്ടും പല ആകൃതിയില്‍ പറന്ന് ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഈ വീഡിയോ. കരുനാഗപ്പള്ളി സന്തോഷ് എന്ന വ്യക്തി ജനുവരി ഒന്ന് പങ്കുവെച്ചിരിക്കുന്ന ഈ വീഡീയോയ്ക്ക് ഇതുവരെ 2,400ല്‍ അധികം ഷെയറുകളും 467ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ യഥാര്‍ഥത്തില്‍ പക്ഷിക്കൂട്ടം പറന്ന് ഉയരുന്ന ഈ വീഡിയോ കണ്ണൂര്‍ മടായിപ്പാറയിലാണോ? അതോ മറ്റെവിടെങ്കിലും നിന്നുമുള്ള വീഡിയോ മടായിപ്പാറ എന്ന പേരില്‍ പ്രചരിക്കുന്നതാണോ? വസ്‌തുത എന്തെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഒരോ ഫ്രെയ്മുകളും സ്ക്രീന്‍ഷോട്ട് ആക്കിയ ശേഷം റിവേഴ്‌സ് സെര്‍ച്ച് ചെയ്തപ്പോള്‍ ഡെഡ്‌ലൈന്‍ ന്യൂസ് എന്ന ഇംഗ്ലണ്ടിലെ ഒരു വാര്‍ത്ത പോര്‍ട്ടലില്‍ നല്‍കിയ വീഡിയോയുമായി ചിത്രം പൊരുത്തപ്പെട്ടു. വൈബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കണ്ണൂരിലെ മടായിപ്പാറയിലെ പക്ഷിക്കൂട്ടമെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്ന വീഡീയോയുടെ യഥാര്‍ഥ വീഡിയോയും അതേ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ടും കണ്ടെത്താന്‍ കഴിഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 61-കാരനായ സൈമണ്‍ വാട്ടേഴ്‌സ് ഇംഗ്ലണ്ടിലെ സഫോക്ക് എന്ന സ്ഥലത്തെ ആര്‍എസ്‌പിബി മിന്‍സ്‌മിയര്‍ നേച്ചര്‍ റിസര്‍വ് എന്ന പ്രദേശത്ത് നിന്നും പകര്‍ത്തിയ അത്ഭുതക്കാഴ്ച്ചയെ കുറിച്ചാണ് ഡെഡ്‌ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 40,000ത്തില്‍ അധികം സ്റ്റാര്‍ലിങ് പക്ഷികളുടെ കൂട്ടം പറക്കുന്ന വീഡിയോയുടെ അപൂര്‍വ്വക്കാഴ്ച്ചയാണ് സൈമണ്‍ വാട്ടേഴ്‌സ് പകര്‍ത്തിയതെന്നും വാര്‍ത്തയില്‍ വിശദമാക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ കണ്ണൂര്‍ മടായിപ്പാറ എന്ന പേരില്‍ പങ്കുവെച്ചിരിക്കുന്ന അതെ വീഡിയോയുടെ യഥാര്‍ഥ വീഡിയോ വാര്‍ത്തിയോടൊപ്പം ചേര്‍ത്തിട്ടുമുണ്ട്.
റിവേഴ്‌സ് സെര്‍ച്ച് റിസള്‍ട്ട്-
ഡെഡ്‌ലൈന്‍ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട്-
സൈമണ്‍ വാട്ടേഴ്‌സ് എന്ന വ്യക്തിയാണ് ഈ വീഡിയോ പകര്‍ത്തിയതെന്നത് വാര്‍ത്തിയില്‍ പരാമര്‍ശിച്ചിട്ടുള്ളത് കൊണ്ട് യൂ ട്യൂബില്‍ സൈമണ്‍ വാട്ടേഴ്‌സ് എന്ന പേര് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ യൂ ട്യൂബ് ചാനലും കണ്ടെത്താന്‍ കഴിഞ്ഞു. അതില്‍ Starling Murmuration at RSPB Minsmere – 17 Feb 2018 എന്ന പേരില്‍ ഫെബ്രുവരി 19ന് അദ്ദേഹം ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ വീഡിയോയുടെ തുടക്കത്തിലെ ഏതാനം സെക്കന്‍റുകള്‍ ക്രോപ്പ് ചെയ്താണ് സൈമണ്‍ വാട്ടേഴ്‌സ് യൂ ട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു പക്ഷെ വീഡിയോയുടെ തുടക്കത്തില്‍ ഒരു വ്യക്തിയെ ഫ്രെയ്‌മില്‍ കാണാന്‍ കഴിയും. അത് ഒഴിവാക്കാന്‍ വേണ്ടിയാകാം ക്രോപ്പ് ചെയ്തിരിക്കുന്നത്.
സൈമണ്‍ വാട്ടേഴ്‌സ് യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ-
നിഗമനം
ഇംഗ്ലണ്ടിലെ സഫോക്ക് എന്ന സ്ഥലത്ത് രണ്ട് വര്‍ഷം മുന്‍പ് ഒത്തുകൂടിയ പക്ഷിക്കൂട്ടത്തിന്‍റെ വീഡിയോയാണ് കണ്ണൂരിലെ മടായിപ്പാറയാണെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:Fact Check : പതിനായിരക്കണക്കിന് പക്ഷിക്കൂട്ടം പറന്ന് ഉയരുന്നത് കണ്ണൂരിലെ മടായിപ്പാറയിലാണോ?
Fact Check By: Dewin CarlosResult: False
