
വിവരണം

Shani Samuel എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും മാർച്ച് 22 ന് പോരാളി ഷാജി (Official) എന്ന ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് ഇപ്രകാരമാണ്: “പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയാണെങ്കിൽ എൻഎസ്എസ് പിന്തുണയ്ക്കുമെന്നും സുരേന്ദ്രനാണെങ്കിൽ പിന്തുണ യുഡിഎഫിന് നൽകുമെന്നും എൻഎസ്എസ് പ്രസിഡണ്ട് സുകുമാരൻ നായർ പറഞ്ഞു ” സമാന പോസ്റ്റ് Chandran Nk എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 23 മുതൽ പ്രചരിപ്പിച്ചു വരുന്നു.
കേരളത്തിൽ നിലവിലെ മത-രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താൽ എൻഎസ്എസ് പോലുള്ള സംഘടനകളുടെ സ്വാധീനം തെരെഞ്ഞെടുപ്പ് സമയത്ത് നിർണായകമാണ്. ഈ അവസ്സരത്തിൽ എൻഎസ്എസ് പ്രസിഡണ്ട് ഇങ്ങനെ പ്രസ്താവിച്ചോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ പരിശോധന
ഈ പ്രസ്താവന സംബന്ധിച്ച് മാധ്യമങ്ങളിൽ എന്തെങ്കിലും വാർത്തകൾ വന്നിട്ടുണ്ടോ എന്ന് ഞങ്ങൾ തിരഞ്ഞു നോക്കി. യാതൊരു വാർത്തകളും വന്നിട്ടില്ല. ഓൺലൈൻ വാർത്താ പോർട്ടലുകളിലോ ചാനലുകളിലോ അച്ചടി മാധ്യമങ്ങളിലോ ഒന്നും ഇത്തരത്തിൽ യാതൊരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ല. തുടർന്ന് ഞങ്ങൾ കോട്ടയം ചങ്ങനാശ്ശേരിയിലുള്ള എൻഎസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ കംപ്യൂട്ടർ വിഭാഗത്തിൽ ഉദ്യോഗസ്ഥനായ സുരേഷിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇത്തരത്തിൽ ഒരു പ്രസ്താവനയും പ്രസിഡണ്ട് നടത്തിയിട്ടില്ല എന്നാണ്. ” ഇത്തരം നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ട്. പ്രസിഡണ്ട് ഇത്തരത്തിൽ എവിടെയും പറഞ്ഞിട്ടില്ല. എൻഎസ്എസ് എന്തെങ്കിലും അഭിപ്രായങ്ങളും പ്രസ്താവനകളും പങ്കു വയ്ക്കുന്നത് വാർത്താ സമ്മേളനങ്ങൾ വിളിച്ചിട്ടോ വെബ്സൈറ്റിൽ വാർത്താക്കുറിപ്പ് നൽകിയോ ആണ്. അല്ലാതെ വരുന്ന വാർത്തകൾ ഞങ്ങളുടേതല്ല.”
ഞങ്ങൾ പിന്നീട് എൻഎസ്എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചു. 2019 ഏപ്രിൽ 1 ന് എൻഎസ്എസ് പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ് താഴെ കൊടുക്കുന്നു.

archived link | NSS official |
എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര സിദ്ധാന്തമാണ് എൻഎസ്എസ് നയമെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും അതുതന്നെയാണ് എൻഎസ്എസ് പിന്തുടരുക എന്നും ഈശ്വര വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും സംരക്ഷണത്തിന് വിശ്വാസികളുടെ ഒപ്പം നിൽക്കാനാണ് തീരുമാനമെന്നും അതിൽ പറയുന്നുണ്ട്.
രാഷ്ട്രീയ പരമായി ആരെയും പിന്തുണയ്ക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതായി യാതൊന്നും വാർത്താക്കുറിപ്പിൽ ഇല്ല. അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണെന്നാണ്.
നിഗമനം
സുകുമാരൻ നായരുടെ പേരിൽ മുകളിൽ കൊടുത്തിട്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വഴി പ്രചരിപ്പിക്കുന്ന പ്രസ്താവന വ്യാജമാണ്. ഈ പ്രസ്താവന മറ്റു മാധ്യമങ്ങളിൽ വന്നിട്ടില്ല. കൂടാതെ എൻഎസ്എസ് ആസ്ഥാനം വാർത്ത നിഷേധിച്ചിട്ടുണ്ട്. അതിനാൽ ഈ വ്യാജ വാർത്ത മാന്യ വായനക്കാർ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ..
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:തെരെഞ്ഞെടുപ്പിൽ ശ്രീധരൻ പിള്ളയെ പിന്തുണയ്ക്കും സുരേന്ദ്രനെ പിന്തുണയ്ക്കില്ല.. എന്ന് സുകുമാരൻ നായർ പറഞ്ഞോ…?
Fact Check By: Deepa MResult: False
