പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ മത സ്ഥാപനങ്ങളുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും പല രാഷ്ട്രീയ പാർട്ടികളും തേടാറുണ്ട്. കേരളത്തിൽ കോൺഗ്രസ്സും എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരേപോലെ മത്സരിക്കുമ്പോൾ സാമുദായിക വോട്ടുകൾ നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുസ്ലിം സമുദായത്തിലെ രണ്ട് പ്രബല വിഭാഗങ്ങളിലൊന്നായ കാന്തപുരം വിഭാഗത്തിന്റെ നേതാവും മുതിര്‍ന്ന ആചാര്യനുമായ കാന്തപുരം അബൂബക്കർ മുസ്ലിയാർ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പ്രസ്താവന നടത്തിയതായി ചില പ്രചരണങ്ങൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

അദ്ദേഹത്തിൻറെ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. കാന്തപുരം മുസ്ലിയാരുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന പ്രസ്താവന ഇങ്ങനെയാണ്: “സിപിഎം പ്രതിനിധികൾ കേന്ദ്രത്തിൽ പോയിട്ട് ഇന്ത്യ മുന്നണിക്ക് പിന്തുണ കൊടുക്കും എന്ന കാര്യത്തിൽ ഒരുറപ്പും ഇല്ല ഇന്ത്യ മുന്നണിയിലെ ഡി എഫ് നാണ് ഇപ്രാവശ്യം ഞങ്ങൾ പിന്തുണ നൽകുക കാന്തപുരം അബൂബക്കർ മുസ്ലിയാർ”.

FB postarchivd link

എന്നാൽ കാന്തപുരം മുസ്ലിയാരുടെ പേരിൽ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

പ്രചരണത്തെക്കുറിച്ച് കൂടുതൽ തിരഞ്ഞെങ്കിലും ഇത്തരത്തില്‍ ഒരു പ്രസ്താവന കാന്തപുരം മുസ്ലിയാര്‍ നടത്തിയതായി മാധ്യമ വാര്‍ത്തകളില്ല. സി‌പി‌എം നെ പിന്തുണക്കുന്ന മുസ്ലിം വിഭാഗമാണ് കാന്തപുരം വിഭാഗം. അവര്‍ യുഡിഎഫിന് പിന്തുണ നല്കിയാല്‍ അത് തീര്‍ച്ചയായും മാധ്യമ വാര്‍ത്ത ആകുമായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ തിരച്ചിലില്‍ വ്യാജ പ്രചരണമാണിതെന്ന് വിശദമാക്കി മര്‍കസ് സഖാഫാത്തി സുന്നിയയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ച കുറിപ്പ് കണ്ടെത്തി. “വ്യാജ അറിയിപ്പുകളിൽ വഞ്ചിതരാകരുത് -കാന്തപുരം

archived link

കോഴിക്കോട്: ആസന്നമായ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വ്യാജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയിൽപെട്ടു. അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവ തികച്ചും വ്യാജമാണെന്നും കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. പ്രസ്ഥാന ബന്ധുക്കളും പൊതു സമൂഹവും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.” എന്നാണ് കുറിപ്പ് വ്യക്തമാക്കുന്നത്.

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മര്‍ക്കസ് പബ്ലിക് റിലേഷന്‍സ് ജോയന്‍റ് ഡയറക്റ്റര്‍ ഷമീം കെകെയുമായി സംസാരിച്ചു. “കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ പ്രചരണത്തിനെതിരെ മര്‍ക്കസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് എഡിറ്റ് ചെയ്ത് വീണ്ടും വ്യാജ പ്രചരണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.”

2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഔദ്യോഗികമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 2024 ഫെബ്രുവരി 22ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇന്ത്യ മുന്നണിയെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായെങ്കിലും മുന്നണിയിൽ നിരവധി കക്ഷികൾ കൊഴിഞ്ഞുപോകുന്നത് ആശങ്കജനകമാണെന്നും ഇക്കാര്യത്തിൽ മുന്നണിയുടെ ഭാവി അറിഞ്ഞശേഷം തീരുമാനമെടുക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡി‌എഫിനെ പിന്തുണക്കുമെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്താവിച്ചതായി വ്യാജ പ്രചരണം നടത്തുകയാണ്.

നിഗമനം

പോസ്റ്റിലേത് വ്യാജ പ്രചരണമാണ്. കാന്തപുരം വിഭാഗം ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡി‌എഫ് മുന്നണിയെ പിന്തുണയ്ക്കുമെന്ന് പ്രസ്താവന നടത്തിയതായി വ്യാജ പ്രചരണം നടത്തുകയാണ്. മര്‍ക്കസ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണക്കുറിപ്പ് നല്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡിഎഫിന് പിന്തുണ നല്‍കുമെന്ന് കാന്തപുരം പറഞ്ഞതായി വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: False