മന്ത്രി കെ.ടി.ജലീല്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടുണ്ടോ? വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

ജലീൽ ഒന്നര മണിക്കൂർ സ്വപ്നയെ 26-06-2020 ൽ രാത്രി 10 മണിക്ക് ശേഷം വിളിച്ച് കൺസ്യൂമർ ഫെഡിനുള്ള ഫുഡ് കിറ്റ് ഏർപ്പാടാക്കി.

ഇതേ കാര്യത്തിന് ഇത്തരം ദീർഘമായ 8 കോളുകൾ വേറെയുമുണ്ട്.

195 മിനുട്ട് ആണ് ഒരു ദിവസം സംസാരിച്ചത് അപ്പോൾ മൂന്നേകാൽ മണിക്കൂർ സംസാരിച്ചു 10 മണിക്ക് ശേഷം.

മോദിജിയും ഗൂഗിൾ CEO സുന്ദർ പിച്ചെയും 20 മിനിട്ട് കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച് 75000 കോടി രൂപയുടെ നിക്ഷേപം ഏർപ്പാടാക്കി. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി.ജലീല്‍ 195 മിനിറ്റ് അതായത് മൂന്ന് മണിക്കൂറില്‍ അധികം സമയം രാത്രി പത്ത് മണിക്ക് ശേഷം വിളിച്ചിട്ടുണ്ടെന്നതാണ് പോസ്റ്റിലെ അവകാശവാദം. ഫോണ്‍ ദൈര്‍ഘ്യവും നമ്പറും മറ്റും അടങ്ങിയ ലിസ്റ്റ് സഹിതമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജിജോ ജോണ്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 45ല്‍ അധികം റിയാക്ഷനുകളും 20ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫോണ്‍ വിളികളുടെ പട്ടികയില്‍ ദൈര്‍ഘ്യം രേഖപ്പെടുത്തിയരിക്കുന്നത് മിനിറ്റുകളില്‍ തന്നെയാണോ? അങ്ങനെയെങ്കില്‍ സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി.ജീലീല്‍ മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട പട്ടികയിലെ ദൈര്‍ഘ്യം എന്ന കോളത്തില്‍ നല്‍കിയിരിക്കുന്ന സംഖ്യയാണ് പലപ്പോഴും ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. യഥാര്‍ത്ഥത്തില്‍ ദൈര്‍ഘ്യം അടയാളപ്പെടുത്തിയിരിക്കുന്ന സംഖ്യ മിനിറ്റിലാണോ സെക്കന്‍ഡിലാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കൊച്ചി സിറ്റി പോലീസിലെ സൈബര്‍ വിദഗ്ധനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി പേരുടെ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ വന്ന പട്ടികയില്‍ ഡ്യൂറേഷന്‍ അഥവ ദൈര്‍ഘ്യമെന്ന കോളത്തില്‍ നല്‍കിയിരിക്കുന്നത് സെക്കന്‍ഡുകളുടെ കണക്കിലാണ്. മിനിറ്റുകളാണെന്നത് തെറ്റായ വിവരമാണെന്നും അദ്ദേഹം പറഞ്ഞു.

അതായത് 2020 ജൂണ്‍ 23ന് രാവിലെ 9.50ന് 54 സെക്കന്‍ഡുകള്‍ എന്നതാണ് ഏറ്റവും കുറഞ്ഞ സമയം മന്ത്രി കെ.ടി.ജലീല്‍ സ്വപനാസുരേഷുമായി സംസാരിച്ചിരിക്കുന്നത്. ഏറ്റവും കൂടിയ സമയം ജൂണ്‍ 25ന് രാത്രി 10.08ന് ശേഷം 195 സെക്കന്‍ഡുകള്‍, അതായത് ഏകദേശം മൂന്നര മിനിറ്റുകള്‍ മാത്രമാണ് ജലീല്‍ ഫോണില്‍ സംസാരിച്ചിരിക്കുന്നതെന്നാണ് ഫോണ്‍ കോളുകളുടെ പട്ടികയില്‍ നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ വിവരം. 195 സെക്കന്‍ഡുകളും എന്നത് 195 മിനിറ്റുകളാണെന്നും അതായത് മൂന്ന് മണിക്കൂറിലധികം രാത്രി 10 മണിക്ക് ശേഷം വിളിച്ചു എന്ന് തെറ്റായി വ്യാഖ്യാനിക്കും വിധമാണ് പോസ്റ്റില്‍ അവകാശവാദം ഉന്നയിച്ചതും.

നിഗമനം

195 സെക്കന്‍ഡുകള്‍, അതായത് മൂന്നര മിനിറ്റ് ദൈര്‍ഘ്യമാണ് 195 മിനിറ്റാണെന്ന് വ്യാഖ്യാനിച്ച് മണിക്കൂറിന്‍റെ കണക്കില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാമെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മന്ത്രി കെ.ടി.ജലീല്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടുണ്ടോ? വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False