ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുകയാണ് ഇരു വിഭാഗത്തിലുമായി ഏതാണ്ട് 1300 ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. പിഞ്ചുകുട്ടികളെ പോലും മൃഗീയമായി കൊല്ലുന്ന വീഡിയോകളും ചിത്രങ്ങളും കണ്ട് സ്തംഭിച്ച് നിൽക്കുകയാണ് ലോകം. ഇസ്രയേൽ സൈനികരെ ഹമാസ് പ്രവർത്തകർ തുരത്തി ഓടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

ഒന്നു രണ്ട് സൈനികർ ഒരാളെ ഓടിക്കുന്ന ദൃശ്യങ്ങളാണ് തുടക്കത്തിൽ കാണുന്നത്. എന്നാൽ വലിയ ഒരു വിഭാഗം ആളുകള്‍ തിരിച്ചോടി വരുന്നതും വലിയ കല്ലുകള്‍ പെറുക്കി സൈനികര്‍ക്ക് നേരെ എറിയുന്നതും പ്രതിരോധം നഷ്ടപ്പെട്ട സൈനികർ പ്രാണരക്ഷാർത്ഥം പിന്തിരിഞ്ഞു ഓടുന്നതുമാണ് പിന്നീട് കാണുന്നത്. നിലവിൽ നടക്കുന്ന യുദ്ധത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ആണിത് എന്ന് സൂചിപ്പിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. “എടപ്പാൾ ഓട്ടത്തിന്റെ സ്മരണകൾ അയവിറക്കുന്ന ഇസ്രായേൽ ഓട്ടം...…”

FB postarchived link

എന്നാൽ ഇത് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഇന്ത്യയിൽ സാമൂഹ്യ മാധ്യമങ്ങൾ തിരഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും. ഇസ്രയേൽ അനുകൂലികളും ഫലസ്തീന്‍ അനുകൂലികളും രണ്ടു തട്ടിൽ നിന്നുകൊണ്ട് യുദ്ധത്തിൽ ഇരു രാജ്യങ്ങളുടെയും നേട്ടങ്ങൾ മത്സരബുദ്ധിയോടെ പങ്കുവെക്കുകയാണ്. ഇങ്ങനെ പങ്കുവെച്ചവയിൽ ചിലത് നിലവിലെ യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോയും അത്തരത്തിൽ ഒന്നുതന്നെയാണ്.

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ വീഡിയോ രണ്ടുവർഷം മുമ്പ് മുതൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണെന്ന് വ്യക്തമായി.

അന്വേഷണത്തിൽ 2014 ജൂലൈ 16 ന് യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.

ഇസ്രായേൽ സൈന്യം ആയുധങ്ങളുമായി വന്നപ്പോൾ പാലസ്തീനികൾ കല്ലുകളുമായി നേരിട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാൽ ഈ വീഡിയോയെ കുറിച്ച് വാർത്താ റിപ്പോർട്ടുകൾ ഒന്നും ലഭ്യമായില്ല. 2021 മെയ് മാസം പാലസ്തീനെ അനുകൂലിക്കുന്ന ചില ഫേസ്ബുക്ക് ഉപയോക്താക്കൾ ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഏതായാലും നിലവിലെ യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014 ജൂലൈ മുതൽ ഇൻറർനെറ്റിൽ പ്രചരിക്കുന്നതാണ് ഈ വീഡിയോ. നിലവിലെ ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഇസ്രയേല്‍ സൈനികരെ തുരത്തി ഓടിക്കുന്ന ഹമാസ് യോദ്ധാക്കള്‍’ – പ്രചരിക്കുന്നത് പത്തുവര്‍ഷം പഴക്കമുള്ള വീഡിയോ...

Written By: Vasuki S

Result: Misleading