തിളങ്ങുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് സിനിമാ ആസ്വാദകരിലെ പുത്തൻ തലമുറയിൽ പോലും ആരാധകരെ നേടിയെടുത്ത ബോളിവുഡ് നായിക വഹീദ റഹ്മാന്, ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച് 2021-ലെ ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് നൽകുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ സെപ്റ്റംബർ 26-ന് പ്രഖ്യാപിക്കുകയുണ്ടായി.

തുടര്‍ന്ന് വഹീദ റഹ്മാന് ആശംസകളും അഭിനന്ദങ്ങളും അറിയിയിച്ചുകൊണ്ട് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വഹീദയുടെ ചിത്രങ്ങളും സിനിമാ ഗാനങ്ങളുടെ വീഡിയോകളും നിരവധി പങ്കുവയ്ക്കുന്നുണ്ട്. വഹീദ റഹ്മാന്‍ തന്‍റെ 75 മത്തെ വയസ്സിലും ചുറുചുറുക്കോടെ നൃത്തം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

‘ആജ് ഫിർ ജീനേ കാ തമന്ന ഹേ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം മനോഹരമായി ചുവടു വയ്ക്കുന്ന പ്രായമായ സ്ത്രീയുടെ വീഡിയോ ആണ് ദൃശ്യങ്ങളിലുള്ളത്. ബോളിവുഡ് നടി വഹീദ റഹ്മാനാണ് ഇതെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ

അടിക്കുറിപ്പ് ഇങ്ങനെ പറയുന്നു, “At her age of 85, Waheeda Rehman is dancing with same grace and elegance....

അപ്നാ ദിൽ ഹേ ആവാരാ

ന ജാനേ കിസ് പേ ആയേഗാ...

ദേവാനന്ദിന്റെ നായകൻ അനുരാഗിയാവുമ്പോൾ നിരാകരിക്കുന്ന നായികയാകുന്ന വഹീദ മനസിൽ പതിഞ്ഞത് ആ ഗാനത്തോടൊപ്പമാണ്..

വഖ്ത് നെ കിയാ ക്യാ ഹസീ സിതം

തും രഹേ ന തും

ഹം രഹേ ന ഹം...

വഹീദ റഹ്മാൻ ഉള്ളിലിരുന്നു പാടിക്കൊണ്ടിരിക്കുന്ന എത്രയോ പാട്ടുകൾ...

അവർക്ക് ലഭിച്ച ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ദാദാ സഹേബ് ഫാൽകെ പുരസ്‌കാരത്തിൽ ഞാൻ ആനന്ദിക്കുന്നു....😍💜 ......”

FB postarchived link

എന്നാല്‍ ദൃശ്യങ്ങളിലെ നര്‍ത്തകി വഹീദ റഹ്മാനല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2022 ജനുവരി 2-ന് YouTube-ൽ അപ്‌ലോഡ് ചെയ്‌ത ഇതേ ഡാൻസ് വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. സുനില അശോക് എന്ന നര്‍ത്തകിയുടെ മയൂഖ എന്ന ചാനലാണ് ഇത് അപ്‌ലോഡ് ചെയ്തത്. "മയൂഖ - ആജ് ഫിർ ജീനേ കി തമന്ന ഹേ (ഡാൻസ് കവർ)" എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

ഈ സൂചന ഉപയോഗിച്ച് സുനില അശോക് എന്നു തിരഞ്ഞപ്പോള്‍ mayookha_sunila എന്ന ഇൻസ്റ്റാഗ്രാം പേജില്‍ ഇതേ നൃത്തം സെപ്റ്റംബർ 26 ന് അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. വഹീദ റഹ്മാൻ എന്ന് തെറ്റിദ്ധരിക്കപ്പെട്ടുവെന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.

“ഇന്ന് രാവിലെ ഉണർന്നത് എന്‍റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സന്ദേശങ്ങളുടെ കുത്തൊഴുക്കിലാണ്. 'ആജ് ഫിർ ജീനേ കി തമന്ന ഹേ' എന്ന എന്‍റെ വീഡിയോ വഹീദ റഹ്മാന്‍റെ ഡാൻസ് വീഡിയോ ആയി വൈറലായതായി അറിഞ്ഞു! 😅

വഹീദ റഹ്മാനുമായി താരതമ്യപ്പെടുത്തിയതിൽ ഞാൻ അഭിമാനിക്കുന്നു, എന്‍റെ കാഴ്ചക്കാരിൽ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹത്തിലും അഭിനന്ദനങ്ങളിലും ഞാൻ മതിമറന്നുപോയി!😊

മയൂഖയ്ക്ക് ഒരു പ്രധാന സന്ദേശം മാത്രമേയുള്ളൂ - നിങ്ങളുടെ പ്രായം പരിഗണിക്കാതെ നിങ്ങളുടെ അഭിനിവേശം പിന്തുടരുക. മറ്റെന്തിനേക്കാളും സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും ഉറവിടമാണിത്”

റിട്ടയർമെന്‍റിന് ശേഷമുള്ള സൂപ്പർസ്റ്റാർ എന്ന ബജാജ് അലയൻസ് ലൈഫിന്‍റെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെ ആധാരമാക്കി സുനില അശോക് ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട മറ്റൊരു വീഡിയോയും ഞങ്ങൾ കണ്ടെത്തി. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം താൻ നൃത്തം പുനരാരംഭിച്ചതിനെക്കുറിച്ച് സുനില സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

വൈറലായ ഡാൻസ് വീഡിയോയിലുള്ളത് സുനില അശോകാണ്, ബോളിവുഡ് നടി വഹീദ റഹ്മാനല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സുനില അശോകിന്‍റെയും വഹീദ റഹ്മാന്‍റെയും ചിത്രങ്ങള്‍ ശ്രദ്ധിക്കുക:

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം:

Video Of A Woman Dancing To A Bollywood Song Viral As Actress Waheeda Rehman

നിഗമനം

വീഡിയോയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള വിവരണം തെറ്റാണ്. ദൃശ്യങ്ങളിലെ നര്‍ത്തകി ബോളിവുഡ് നടി വഹീദ റഹ്മാനല്ല, മുൻ അധ്യാപികയും നർത്തകിയുമായ സുനില അശോകാണ്. വഹീദ റഹ്മാനുമായി വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വീഡിയോയിലെ നര്‍ത്തകി ബോളിവുഡ് നായിക വഹീദ റഹ്മാനല്ല, സത്യമിതാണ്...

Written By: Vasuki S

Result: False