
വിവരണം
Sreejith R Kokkadan എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 28 ന് പോരാളി ഷാജി (Official) എന്ന ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് വെറും 13 മണിക്കൂറുകൾ കൊണ്ട് 2000 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. “എം പി യുടെ കാല്തൊട്ട് വണങ്ങുന്ന കോൺഗ്രസ് അടിമകൾ
ഉത്തരേന്ത്യയിൽ മാത്രം കണ്ടുവന്നിരുന്ന
അശ്ലീല കാഴ്ചകൾ…

archived link | FB post |
രമ്യ രഹിദാസ് ഇത് സാംസ്കാരിക കേരളത്തിന് നാണക്കേട്..” എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ആലത്തൂർ എംപി രമ്യ ഹരിദാസ് ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുംമതും കുറെ സ്ത്രീകൾ കൈയിൽ ഓരോ പാത്രവുമായെത്തി ഓരോരുത്തരായി അവരുടെ നെറ്റിയിൽ തിലകമണിയിക്കുന്നതും തിലം തൊടുവിച്ചവർ ഓരോരുത്തരായി രമ്യ ഹരിദാസിന്റെ കാലടികളിലേയ്ക്ക് കുനിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
പോസ്റ്റിൽ ആരോപിച്ചിരിക്കുന്നത് ഈ സ്ത്രീകൾ രമ്യ ഹരിദാസ് എംപിയുടെ കാലു തൊട്ടു വണങ്ങുകയാണ് എന്നാണ്. പോസ്റ്റിന് സമ്മിശ്രിതങ്ങളായ പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഈ ആരോപണം എത്രമാത്രം സത്യമുള്ളതാണ് എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ വീഡിയോ ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ സ്ത്രീകൾ രമ്യയുടെ കാൽ തൊട്ടു വണങ്ങുകയല്ല ചെയ്യുന്നതെന്ന് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. തങ്ങളുടെ കൈയ്യിലെ പാത്രത്തിലുള്ള വെള്ളം താഴെ ഒഴിക്കുവാനാണ് ഈ സ്ത്രീകൾ കുനിയുന്നത്. പോസ്റ്റിനു ലഭിച്ചിട്ടുള്ള കമന്റുകളിലും ഇക്കാര്യം വ്യക്തമാകുന്നുണ്ട്.
ഇതേ വീഡിയോ രമ്യ ഹരിദാസ് എംപിയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിൽ മുഴവനായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ തന്നെ വിജയിപ്പിച്ചതിന് രമ്യ എല്ലാവരോടും നന്ദി പറയുന്നത് കേൾക്കാം. അവരുടെ ഓരോരുത്തരുടെയും പ്രാർത്ഥനയുടെ ഫലമായിട്ടാണ് താൻ വിജയിച്ചതെന്ന് രമ്യ എടുത്തു പറയുന്നുണ്ട്. വീഡിയോയിൽ നിന്നും 2 മിനിറ്റ് മാത്രമുള്ള കാൽ തൊട്ടു വണങ്ങുന്നു എന്ന പ്രതീതി ഒറ്റ നോട്ടത്തിൽ ഉണ്ടാവുന്ന ദൃശ്യങ്ങൾ മാത്രമെടുത്താണ് പോസ്റ്റിന്റെ പ്രചരണം.
archived link | Ramyaharidas |
പാലക്കാട് ചില സ്ഥലങ്ങളിൽ തമിഴ് ആചാരങ്ങളാണ് ഇപ്പോഴും കൂടുതലായി പിന്തുടരുന്നത്. രമ്യ അവിടെ എത്തിയപ്പോൾ അവിടുത്തുകാർ തങ്ങളുടെ എംപിക്ക് നൽകിയ സ്വീകരണത്തിന്റെ ഭാഗമായിരുന്നു ഈ ചടങ്ങ്.
പാലക്കാട് മുൻ എംപി എംബി രാജേഷിന് ഇത്തരത്തിൽ സ്വീകരണം നൽകുന്നതിന്റെ വീഡിയോ മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ തന്റെ ഫെസ്ബുക്ക്പേജിൽ പോസ്റ്റ് ചെയ്തിരുന്നു. “#ഏതാണ്ട്_ഇതേ രീതിയിൽ ആലത്തൂർ MP രമ്യ ഹരിദാസിനെ നാട്ടുകാർ സ്വീകരിക്കുന്ന വീഡിയോ കണ്ട് രമ്യ ഹരിദാസ് എന്തോ വല്യ തെറ്റ് ചെയ്തു എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സഖാക്കൾ അറിയാൻ
….
ഇത് എന്താണ്, എന്ത് തരം ആചാരമാണ്, എവിടെയാണ് തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ പാലക്കാട്ടെ തോറ്റ MP രാജേഷിനെ സമീപിക്കേണ്ടതാണ്…
..” എന്ന വിവരണത്തോടെ നൽകിയ വീഡിയോയിൽ ഇതേ രീതിയിൽ ഒരു സ്ത്രീ മഞ്ഞൾ വെള്ളം കൊണ്ട് ആരതി ഉഴിഞ്ഞ ശേഷം കുനിഞ്ഞു നിലത്ത് ഒഴിച്ചു കളയുന്നതാണ് കാണാം.
archived link | K.SUDHAKARAN |
കൂടാതെ ഞങ്ങൾ കൂടുതൽ വ്യക്തതയ്ക്കായി രമ്യ ഹരിദാസിനോട് ഇതേപ്പറ്റി വിശദീകരണം തേടി.

ഞങ്ങൾ ഈ ആചാരത്തെപ്പറ്റി തിരുവനന്തപുരം പൂജപ്പുര എസ്ബിടി ബാങ്കിൽ നിന്നും ഡെപ്യൂട്ടി ജനറൽ മാനേജറായി വിരമിച്ച തമിഴ് വംശജയായ കെ. ഗിരിജയോട് അന്വേഷിച്ചിരുന്നു. ഗിരിജ ഞങ്ങളോട് പറഞ്ഞത് ഇത് തമിഴരുടെ ആരതി ഉഴിയൽ ചടങ്ങ് ആണെന്നാണ്. മഞ്ഞളും ചുണ്ണാമ്പും കുങ്കുമവും ചെന്ന വെള്ളം കലക്കി ആരതി ഉഴിഞ്ഞ ശേഷം തറയിൽ ഒഴുക്കിൽ കളയുന്നത് ദോഷങ്ങൾ അകറ്റാനാണ്. തമിഴ് ആചാരങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണിത്.”
കേരളകൌമുദി എന്ന മാധ്യമം വീഡിയോയിലെ അവകാശവാദം തെറ്റാണ് എന്ന് വ്യക്തമാക്കി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | keralakaumudi |
പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്. വീഡിയോയിൽ സ്ത്രീകൾ രമ്യ ഹരിദാസ് എംപിയുടെ കാൽ തൊട്ടു വണങ്ങുകയല്ല, മറിച്ച് രമ്യ വടകരപ്പടിയിലെ തമിഴ്നാട് അതിർത്തി ഗ്രാമത്തിലെത്തിയപ്പോൾ തമിഴ് ആചാര പ്രകാരം ചുണ്ണാമ്പും മഞ്ഞളും കുങ്കുമവും കലക്കിയ വെള്ളം ഉപയോഗിച്ച് ആരതി ഉഴിഞ്ഞശേഷം തറയിലൊഴിക്കാൻ സ്ത്രീകൾ കുനിയുന്നതിന്റെ ദൃശ്യങ്ങളാണിത്. ഇത് തെറ്റിധാരണ പരത്തുന്ന രീതിയിൽ സ്ത്രീകൾ രമ്യ ഹരിദാസിന്റെ കാൽ തൊട്ടു വണങ്ങുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം പൂർണ്ണമായും തെറ്റാണ്. സ്ത്രീകൾ ആലത്തൂർ എംപി രമ്യാ ഹരിദാസിന്റെ കാൽതൊട്ടു വണങ്ങുന്ന ദൃശ്യങ്ങളല്ല വീഡിയോയിൽ കാണുന്നത്. സ്വീകരണ വേളയിൽ രമ്യയ്ക്ക് ആരതി ഉഴിഞ്ഞ വെള്ളം തറയിൽ ഒഴിക്കാൻ സ്ത്രീകൾ കുനിയുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോ സൂക്ഷമമായി നോക്കിയാൽ എളുപ്പത്തിൽ ഇക്കാര്യം മനസ്സിലാകും. അതിനാൽ തെറ്റിദ്ധാരണ പരത്തുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Title:വോട്ടർമാരായ സ്ത്രീകൾ ആലത്തൂർ എംപിയുടെ കാൽ തൊട്ടു വണങ്ങിയോ..?
Fact Check By: Vasuki SResult: False
