വിവരണം

ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു കുട്ടിയുടെ ചിത്രമാണിത്. കുട്ടിയെ പറ്റി നല്‍കിയിരിക്കുന്ന വിവരം ഇതാണ്: “ഈ പെൺകുഞ്ഞ്‌ മംഗലാപുരത്ത്‌ തമിഴ്‌ നാടോടികളോടൊപ്പം കണ്ടെത്തിയയതാണ്‌,ഇപ്പോൾ പോലീസ്‌ നാടോടികളേ കസ്റ്റടിയിലെടുത്ത്‌ ചോദ്യം ചെയ്യുന്നുണ്ട്‌,കുൻഞ്ഞിന്റെ ചിത്രം എല്ലാവരും ഷേർ ചെയ്യുക.”

archived linkFB post

അതായത് നാടോടികള്‍ തട്ടിക്കൊണ്ടു പോയ ഈ കുഞ്ഞിനെ മംഗലാപുരത്ത് നിന്നും പോലീസ് ഇപ്പോള്‍ കണ്ടെത്തി എന്നാണ് പോസ്റ്റിലെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പറയാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം പാകിസ്ഥാനിലെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കണ്ടെത്താന്‍ സാധിച്ചു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നിന്നും ഈ പെണ്‍കുട്ടിയെ കാണാതായി എന്നും കണ്ടു കിട്ടുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട് ഫോണ്‍ നമ്പര്‍ സഹിതമാണ് ചിത്രം നല്‍കിയിരുന്നത്. പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2019 ജൂണ്‍ മാസത്തിലാണ്. അതായത് ഒരു വര്‍ഷത്തിലധികം കാലമായി പോസ്റ്റ് നല്‍കിയിട്ട് എന്നര്‍ത്ഥം.

എന്നാല്‍ ഇതേ ഫോണ്‍ നമ്പര്‍ മറ്റൊരു കുട്ടിയെ കാണാതായി എന്നാ വാര്‍ത്തയോടൊപ്പം നല്‍കിയിട്ടുള്ളതായി ഒരു ട്വിറ്റര്‍ യൂസര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ കുട്ടിയുടെ ചിത്രം ഇന്ത്യയിലെ വിവിധ ഭാഷകളിലും ലോകത്തെ പല രാജ്യങ്ങളിലും ഓരോരോ സ്ഥലങ്ങളില്‍ നിന്നും കാണാതായി എന്നാ വിവരണത്തോടെ ഒന്നര വര്‍ഷമായി പ്രചരിച്ചു പോരുന്നുണ്ട്.

കൂടാതെ മരിയ ജോസ് എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇതല്ല എന്ന വിശദീകരണത്തോടെ സ്പാനിഷ് ഭാഷയിലെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഈ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പെടുത്തിയിട്ടുണ്ട്.

archived link

തമിഴ് ഭാഷയില്‍ ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് 2019 ജൂലൈ മാസം ഞങ്ങളുടെ തമിഴ് ടീം വാര്‍ത്തയുടെ മുകളില്‍ വസ്തുത അന്വേഷണം നടത്തിയിരുന്നു.

ഈ പെണ്‍കുട്ടി എവിടെ നിന്നുള്ളതാണ്, യഥാര്‍ത്ഥത്തില്‍ കുട്ടിയെ കാണാതായിട്ടുണ്ടോ എന്നിങ്ങനെയുള്ളവയെ പറ്റി ആധികാരികതയുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ഏതായാലും ഈ ചിത്രം ഒന്നര വര്‍ഷമായി പ്രചരിക്കുന്ന ചിത്രമാണ് എന്ന് വ്യക്തമാണ്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഈ പെണ്‍കുട്ടിയുടെ ചിത്രം ഒന്നര വര്‍ഷമായി പലയിടത്തു നിന്നും കാണാതായി എന്ന വിവരണത്തോടെ ലോകമെമ്പാടും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Avatar

Title:ചിത്രത്തിലെ കുട്ടിയെ മംഗലാപുരത്ത് നാടോടികളോടൊപ്പം കണ്ടെത്തി എന്ന പ്രചരണം തെറ്റാണ്...

Fact Check By: Vasuki S

Result: False