FACT CHECK: ഡോ. ഇ. സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്…

പ്രാദേശികം | Local സാമൂഹികം

പ്രചരണം 

തിരുവനന്തപുരത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി അഞ്ചാമത്തെ മലയാളി ഡോ. ഇ. സോമനാഥ് സ്ഥാനമേല്‍ക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡോ. ഇ. സോമനാഥിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇതാണ്: “ISRO യുടെ പുതിയ ചെയര്‍മാനായി നിയമിതനാകുന്ന അഞ്ചാമത്തെ മലയാളി ആലപ്പുഴ തുറവൂര്‍ സ്വദേശി എസ്. സോമനാഥ്‌ സാറിന് അഭിനന്ദനങ്ങള്‍” 

അതായത് ഡോ. എസ്. സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി നിയമിതനായി എന്നാണ് പോസ്റ്റിലൂടെ നല്‍കുന്ന സന്ദേശം. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ മലയാളിയാണ് അദ്ദേഹമെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.

archived linkFB post

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചാരണമാണ് ഇതെന്നും നിലവില്‍ അദ്ദേഹം ഐ എസ് ആര്‍ ഒയില്‍ ഡയരക്ടരാണ് എന്നും കണ്ടെത്തി.

വസ്തുത ഇങ്ങനെ 

പോസ്റ്റിന് ഫേസ്ബുക്കില്‍ വന്‍ പ്രചാരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഈ പ്രചാരണത്തിന്റെ വസ്തുത കണ്ടെത്താന്‍ ഞങ്ങള്‍ ഐ എസ് ആര്‍ ഒയുടെ വെബ്‌സൈറ്റ് പരിശോധിച്ചു. നിലവില്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത് 2019 ല്‍ ചാര്‍ജ് ഏറ്റെടുത്ത ഡോ. കെ ശിവനാണ്. 

ഡോ. എസ്. സോമനാഥ് നിലവില്‍ വിക്രം സാരാഭായി സ്പേസ് സെന്‍ററിന്‍റെ ഡയറക്റ്ററാണ്.

ഈ ചുമതലയില്‍ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. പ്രചാരണവുമായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് പ്രമുഖ മാധ്യമങ്ങള്‍ 2019 ല്‍  ചില വാര്‍ത്തകള്‍ ലഭിച്ചു. ഡോ. എസ്. സോമനാഥ് ഐ എസ് ആര്‍ ഒ യുടെ പുതിയ ചെയര്‍മാന്‍ ആയേക്കും എന്നാണ് വാര്‍ത്തകള്‍  അറിയിക്കുന്നത്. 

mathrubhumi | archived link

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ വിക്രം സാരാഭായി സ്പേസ് സെന്‍ററുമായി ബന്ധപ്പെട്ടു. ഡോ. എസ്.സോമനാഥിന്‍റെ സെക്രട്ടറി ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഡോ. എസ്. സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാന്‍ ആയി നിയമിതനായി എന്നത് തെറ്റായ വാര്‍ത്തയാണ്. ഇങ്ങനെ ഇതുവരെ വിജ്ഞാപനം ഒന്നുംതന്നെ വന്നിട്ടില്ല.  എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രചരണം നടക്കുന്നത് എന്ന് അറിയില്ല. ഏതായാലും അദ്ദേഹം ഇപ്പോഴും വിക്രം സാരാഭായി സ്പേസ് സെന്‍ററിന്‍റെ ഡയറക്റ്ററാണ്. “

ഡോ. എസ്. സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാന്‍ ആയി നിയമിതനായിട്ടില്ലെന്നും അദ്ദേഹം നിലവില്‍ വിക്രം സാരാഭായി സ്പേസ് സെന്‍ററിന്‍റെ ഡയറക്റ്ററാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇതുവരെ മൂന്ന് മലയാളികളാണ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയിട്ടുള്ളത്. ഐ എസ് ആര്‍ ഒ വെബ്‌സൈറ്റില്‍  ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. നിലവില്‍ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാന്‍ ഡോ.കെ.ശിവനാണ്.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഡോ. എസ്.സോമനാഥ്‌ നിലവില്‍ വിക്രം സാരാഭായി സ്പേസ് സെന്‍ററിന്‍റെ ഡയറക്റ്ററാണ്. അദ്ദേഹം ഐ എസ് ആര്‍ ഒയുടെ ചെയര്‍മാന്‍ ആയി ഇതുവരെ നിയമിതനായിട്ടില്ല. ഇത്തരത്തില്‍ വരുന്നതെല്ലാം തെറ്റായ പ്രചാരണമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.