
വിവരണം
കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയർന്നുകേൾക്കുന്ന ഒരു ആവശ്യമാണ് പ്രായമേറിയ സാധാരണ ജനങ്ങള്‍ക്ക് സ്ഥിരമായ പെൻഷൻ പദ്ധതികൾ വേണമെന്നുള്ളത്.
മുമ്പ് സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമേഖല ജീവനക്കാര്‍ക്കും മാത്രമായിരുന്നു പെൻഷൻ. പിന്നീട് സ്വകാര്യ കമ്പനികളും പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ സർക്കാരിൻറെ വിവിധ ഇനം പെൻഷൻ പദ്ധതികൾ ഇപ്പോള്‍ നിലവിലുണ്ട്.
കൂടാതെ പല ഇൻഷുറൻസ് കമ്പനികളും പെൻഷൻ പദ്ധതികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിനിടെ ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ക്യാമ്പയിൻ നമ്മൾ കണ്ടു വരുന്നുണ്ട്. എല്ലാവർക്കും ഒരേ പെൻഷൻ നൽകണമെന്നാണ് ക്യാമ്പയിനിൽ ആവശ്യം ഉന്നയിക്കുന്നത്. അതായത് എല്ലാ ജനങ്ങള്‍ക്കും ഇക്കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: വൺ ഇന്ത്യ വൺ പെൻഷൻ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും തുല്യ പെൻഷൻ 60 വയസ്സിന് മുകളിലുള്ളവർക്ക് എല്ലാമാസവും 10000 രൂപ പെൻഷൻ പെൻഷൻ വിപ്ലവം നടത്താൻ ഒരുങ്ങി മോദി സർക്കാർ

60 വയസ്സിന് മുകളിലുള്ള എല്ലാ ഉള്ളവർക്ക് എല്ലാമാസവും 10000 രൂപ പെൻഷൻ നൽകാൻ മോദി സർക്കാർ ഒരുങ്ങുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.
എന്നാൽ ഈ വാർത്തയുടെ യാഥാർത്ഥ്യം മറ്റൊന്നാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വാർത്തയുടെ വസ്തുത താഴെ കൊടുക്കുന്നു.
വസ്തുത വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങൾ അറിയാൻ അന്വേഷണം നടത്തിയപ്പോൾ പ്രായമേറിയവർക്കുള്ള കേന്ദ്ര സർക്കാരിൻറെ ഒരു പദ്ധതിയെപ്പറ്റി വാർത്ത ലഭിച്ചു.
വാർത്ത ഇങ്ങനെയാണ്:
2017 ല്‍ ആരംഭിച്ച പ്രധാനമന്ത്രിയുടെ വയ വന്ദന യോജന എല്ലാമാസവും പ്രായമേറിയവര്‍ക്ക് പെൻഷൻ ഉറപ്പുനൽകുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ്സോ അതിൽകൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയുടെ പ്രയോജനങ്ങൾ ലഭിക്കും. പദ്ധതിയില്‍ ചേരാന്‍ പ്രായ നിബന്ധനയില്ല.
പിഎംഎംവിവൈ പദ്ധതി പ്രകാരം ഒരാൾക്ക് പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പോളിസിയുടെ കാലാവധി 10 വർഷമാണ്. മുതിർന്ന പൗരന്മാർക്ക് ടീമിൽ നിക്ഷേപിക്കുന്ന തുക അടിസ്ഥാനമാക്കി പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 7.4% വരുമാനം ഉറപ്പുനല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയെ അടിസ്ഥാനമാക്കി പ്രതിമാസം 1,000 രൂപ പെന്‍ഷന്‍ ലഭിക്കും. പരമാവധി പെന്‍ഷന്‍ തുക പ്രതിമാസം 10,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രതിവര്‍ഷം 12,000 രൂപ പെന്‍ഷനുവേണ്ടി 1,56,658 രൂപയായും 1,000 രൂപ പെന്‍ഷനുവേണ്ടി 1,62,162 രൂപയായും പ്രതിവര്‍ഷത്തേക്കുള്ള മിനിമം നിക്ഷേപം പരിഷ്‌കരിച്ചിട്ടുണ്ട്.

പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാർച്ച് 31വരെ നീട്ടിയതായി മെയ് 22ന് വാർത്ത വന്നിരുന്നു. ഈ വാർത്ത അടിസ്ഥാനമാക്കി ആകാം മുതിർന്നവർക്ക് പെൻഷൻ നൽകുന്നു എന്ന തരത്തിൽ പോസ്റ്റിലൂടെ വാർത്ത പ്രചരിപ്പിക്കുന്നത്.
ഈ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അല്ലാതെ 60 വയസ്സ് കഴിഞ്ഞവർക്ക് പതിനായിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതികൾ ഒന്നും ഇതുവരെ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടില്ല. പ്രധാനമന്ത്രി വയ വന്ദന യോജന പെൻഷൻ പദ്ധതി പങ്കാളിത്ത പദ്ധതിയാണ്. അങ്ങോട്ട് നൽകുന്ന പണത്തിന് ആനുപാതികമായി നിശ്ചയിച്ചിട്ടുള്ള തുകയാണ് പെൻഷനായി ലഭിക്കുക. അല്ലാതെ 10000 രൂപയുടെ സൌജന്യ പെന്‍ഷന്‍ പദ്ധതികള്‍ ഒന്നും വയോജനങ്ങള്‍ക്കായി ഇതുവരെ ആവിഷ്ക്കരിച്ചിട്ടില്ല.
പോസ്റ്റില്‍ നൽകിയിരിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാർത്തയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. 60 വയസ്സിന് മുകളിലുള്ളവർക്ക് എല്ലാമാസവും സൌജന്യമായി 10000 രൂപ പെൻഷൻ നൽകുന്ന പദ്ധതി മോദി സർക്കാർ ഇതുവരെ ആവിഷ്കരിച്ചിട്ടില്ല. മറ്റ് തരത്തില്‍ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണ്.

Title:60 വയസ്സ് കഴിഞ്ഞവർക്ക് 10000 രൂപ പെൻഷൻ നല്‍കാന്‍ മോദി സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്ത തെറ്റാണ്…
Fact Check By: Vasuki SResult: False
