പ്രതികൂല ജീവിത സാഹചര്യങ്ങളോട് സ്വന്തം ഇച്ഛാശക്തി കൊണ്ട് പോരാടി ജീവിതവിജയം കൈവരിച്ച സ്ത്രീകളുടെ ജീവിതകഥകൾ എക്കാലത്തും വൈറലാകാറുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ ജീവിതവിജയത്തെ കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥയാണ് നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യുന്നത്.

പ്രചരണം

പ്രചരിക്കുന്ന പോസ്റ്റില്‍ രണ്ടു ചിത്രങ്ങളാണുള്ളത്. ആദ്യത്തെ ചിത്രത്തിൽ കല്ലുകൾ തലയിലേന്തി ഒക്കത്ത് കുട്ടിയെയും എടുത്ത് അമ്മിക്കല്ല് വിൽപ്പനയ്ക്ക് പോകുന്ന ഒരു സ്ത്രീയുടെ ചിത്രമാണുള്ളത്. രണ്ടാമത്തെ ചിത്രത്തിൽ പോലീസ് യൂണിഫോം അണിഞ്ഞ മകനോടൊപ്പം ചിരിച്ചുകൊണ്ട് ഇരിക്കുന്ന മറ്റൊരു സ്ത്രീയുടെ ചിത്രമാണ്. അമ്മിക്കല്ല് വില്പനക്കാരിയായിരുന്ന സ്ത്രീ കഠിനപ്രയത്നത്തിലൂടെ പഠിച്ചു പാസായി പോലീസ് ജോലിയിൽ പ്രവേശിച്ചു എന്ന് സൂചിപ്പിച്ച ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അമ്മിക്കല്ലും ആട്ടുകല്ലും ഉണ്ടാക്കി വിൽക്കുന്നതിനിടയിൽ പഠിച്ചു പാസായി പോലീസ് ആയ അമ്മ”

FB postarchived link

എന്നാൽ ഇത് രണ്ടും രണ്ട് സ്ത്രീകളാണെന്നും ഇവര്‍ തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ

ഞങ്ങളുടെ മറാത്തി ടീം ഇതേ ചിത്രത്തെ കുറിച്ച് 2020 ഒക്ടോബർ മാസം ഫാക്റ്റ് ചെക്ക് നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു ചിത്രത്തിൽ പോലീസ് യൂണിഫോമിൽ കാണുന്ന സ്ത്രീ പത്മശില തിര്‍പുഡെ ആണ്.

തലയിൽ അമ്മിക്കല്ലും കൈകളിൽ ഒരു കൊച്ചുകുഞ്ഞുമായി അതിജീവിക്കാൻ പാടുപെടുന്ന ചിത്രം അവരുടേതാണോ എന്നറിയാൻ ഫാക്റ്റ് ക്രെസെൻഡോ പദ്മശില തിർപുഡെയെ ബന്ധപ്പെട്ടു. ഈ ഫോട്ടോ തന്‍റെതല്ലെന്ന് അവര്‍ വ്യക്തമാക്കി. ജീവിതത്തിൽ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അമ്മിക്കല്ലും അമ്മിയും വിറ്റിട്ടില്ലെന്ന് അവര്‍ വിശദീകരിച്ചു.

യശ്വന്ത്റാവു ചവാൻ ഓപ്പൺ യൂണിവേഴ്സിറ്റി പദ്മശിലയുടെ വിജയഗാഥ നൽകിയിട്ടുണ്ട്.

ഡെയ്‌ലി മഹാരാഷ്ട്ര ടൈംസിന്‍റെ വെബ്‌സൈറ്റിലും ഒരു റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ഈ ഫോട്ടോ തന്‍റെതല്ലെന്ന് വ്യക്തമാക്കി അസിസ്റ്റന്‍റ് പോലീസ് ഇൻസ്‌പെക്ടറായ തിർപുഡെയുടെ രംഗത്ത് വന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

archived link

പത്മശിലയുടെ പ്രണയ വിവാഹത്തിന് കുടുംബം പിന്തുണച്ചില്ലെന്നും ജോലി സമ്പാദിക്കാനുള്ള പഠനത്തിനായി ഒരുപാട് പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യേണ്ടി വന്നതായി പത്മശില പറഞ്ഞു.

2013 പോലീസ് ട്രെയിനിങ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭര്‍തൃമാതാവും കുടുംബവുമൊത്ത് പകർത്തിയ ചിത്രം എഡിറ്റ് ചെയ്തെടുത്തു തെറ്റായ വിവരണം ചേർത്ത് പ്രചരിപ്പിക്കുകയാണെന്ന് പത്മശില വ്യക്തമാക്കി. തന്‍റെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അമ്മിക്കല്ലുമായി നിൽക്കുന്ന സ്ത്രീയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു.

പ്രചരിക്കുന്ന ചിത്രത്തിലെ അമ്മിക്കല്ല് വിൽക്കുന്ന സ്ത്രീ ആരെന്നനറിയാൻ ഞങ്ങൾ വീണ്ടും റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. 'സിന്ദഗി ഇമേജസ്' എന്ന ഫേസ്ബുക്ക് പേജില്‍ 2017 ജൂലൈ മാസത്തില്‍ സമാന ചിത്രം പങ്കുവച്ചിട്ടുള്ളതായി കണ്ടു.

സുരേഷ് ഗുണ്ടേട്ടി (Suresh Gundeti) എന്ന തെലുങ്കാന ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. സുരേഷ് ഗുണ്ടേട്ടി പകര്‍ത്തിയ ചിത്രമാണിത്. ചിത്രത്തിന് ഒപ്പം തെലുങ്കില്‍ നല്കിയ വിവരണം ഇങ്ങനെ: “എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു...

ഈ ഫോട്ടോയിലെ സഹോദരി തെലങ്കാനയിലെ ജഗിത്തല ജില്ലയിലെ കൊരുത്‌ല പട്ടണത്തിൽ നിന്നുള്ളതാണ്. അതിനിടയിൽ അവൾ പോലീസ് ഓഫീസറായി എന്നൊരു കഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതെല്ലാം കെട്ടിച്ചമച്ച കഥയാണ്.

ഇന്നലെ കോരുതലിൽ ഇവരെ കണ്ടെത്തിയപ്പോള്‍ ഒരു സങ്കടം അറിഞ്ഞു... ഫോട്ടോ എടുത്ത് ഏകദേശം രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ...

ഒക്കത്തുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് പനി വന്ന് അമ്മയെ വിട്ടുപിരിഞ്ഞു. പണമുണ്ടായിരുന്നെങ്കിൽ ആശുപത്രിയിൽ പോയി കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് അവർ എന്നോട് പറഞ്ഞുകൊണ്ടിരുന്നു...”

സുരേഷ് ഗുണ്ടേട്ടിയുടെ ഫേസ്‌ബുക്ക് പേജിൽ വൈറല്‍ ചിത്രത്തിന്‍റെ ഒരു പെന്‍സില്‍ സ്‌കെച്ച് നല്കിയിട്ടുണ്ട്.

പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ ചിത്രത്തില്‍ അമ്മിക്കല്ല് വില്‍പ്പനക്കാരിയായ സ്ത്രീയും പോലീസുകാരിയുടെ വേഷത്തിലുള്ള സ്ത്രീയും ഒരാളല്ല, രണ്ടുപേരാണ്. പോലീസ് വേഷത്തിലുള്ള പദ്മശില തിര്‍പുഡെ മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. തെലങ്കാനയിലെ ജഗിത്തല ജില്ലയിലെ കൊരുത്‌ല എന്ന സ്ഥലത്തു നിന്നുള്ളതാണ് അമ്മിക്കല്ല് വില്‍പ്പനക്കാരിയായ സ്ത്രീ. ഇവര്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചിത്രത്തിലെ അമ്മിക്കല്ല് വില്‍പ്പനക്കറിയും പോലീസുകാരിയും ഒരാളല്ല, രണ്ടുപേരാണ്, സത്യമറിയൂ...

Written By: Vasuki S

Result: False