മൈതാനത്ത് സംഘടിപ്പിച്ച പതാക ഉയർത്തല്‍ പരിപാടിയിൽ ബുർഖ ധരിച്ച ഒരു സ്ത്രീ, യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സല്യൂട്ട് സ്വീകരിച്ച് കടന്നു വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ബൂര്‍ഖ ധരിച്ച സ്ത്രീ കർണാടക സംസ്ഥാനത്തെ കലക്ടറാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു.

പ്രചരണം

കണ്ണുകള്‍ ഒഴികെ ബാക്കി ശരീര ഭാഗങ്ങള്‍ മുഴുവന്‍ ബൂര്‍ഖ ഉപയോഗിച്ച് മറച്ച സ്ത്രീ പോലീസ് ഉദ്യോഗസ്ഥനോടൊപ്പം മൈതാനത്തേയ്ക്ക് വരുന്നതും തുറന്ന വാഹനത്തില്‍ കയറി സല്യൂട്ട് സ്വീകരിച്ച് സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ബാംഗ്ലൂരില്‍ മുസ്ലിം വിഭാഗത്തില്‍ പെട്ട കലക്റ്റര്‍ ആണിതെന്ന് വിവരണത്തില്‍ അവകാശപ്പെടുന്നു. കൂടാതെ വര്‍ഗീയമായ മാനങ്ങള്‍ നല്‍കിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. “ശ്രദ്ധാലുവായിരിക്കുക

ഹിന്ദുക്കളുടെ ഒരു തെറ്റായ വോട്ട്. നമ്മുടെ രാഷ്ട്രo ഇസ്ലാമിക ഭരണത്തിലേക്ക് ഇന്ത്യയെ തള്ളിവിടും, കർണ്ണാടകയിൽ ഹിന്ദുക്കൾ കോൺഗ്രസിന് ഓട്ടു ചെയ്തതു വഴി അത് സംഭവിച്ചു കഴിഞ്ഞു, ദ്വജ വന്ദനവേളയിൽ ബുർഗ്ഗധരിച്ച് ഒരു ലേഡികളക്ടർ,

പരേഡിൻ്റെ പരിശോധനാ സമയത്തും അവൾ ധരിച്ചിരിക്കുന്നത് ഹിജാബ്,

ഫ്രാൻസിലും ഇങ്ങനെയാണ് ആരംഭിച്ചത്, പലഫ്രഞ്ചുകാരും ഇത് വിശ്വാസമാണെന്നാണ് ആദ്യംകരുതി പിന്നെ പണി കിട്ടിയപ്പോഴാണ് കാര്യം മനസ്സിലായത് അതുകൊണ്ട് ഹിന്ദുക്കളോട് വോട്ടു കുത്തുബോൾ ശ്രദ്ധിച്ചു ചെയ്യുക പിന്നെ നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല. ജാഗ്രത പാലിക്കുക.”

FB postarchived link

എന്നാല്‍ ഈ വീയിയോ ദൃശ്യങ്ങളില്‍ കാണുന്നത് കര്‍ണ്ണാടകയില്‍ നിന്നുള്ള കളക്റ്റര്‍ അല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ദൃശ്യങ്ങള്‍ ജമ്മു കാശ്മീരില്‍ നിന്നുള്ളതാണ്.

വസ്തുത ഇങ്ങനെ

വീഡിയോ ശ്രദ്ധാപൂർവം നിരീക്ഷിച്ചപ്പോൾ, 77 മത് സ്വാതന്ത്ര്യദിന ബാനറിൽ ‘കിഷ്ത്വാർ’ എന്ന പേരും ‘ചൗഗാൻ ഗ്രൗണ്ട്, കിഷ്ത്വാർ’ എന്ന പേരും തിരിച്ചറിയാൻ കഴിഞ്ഞു. ഈ സൂചന ഉപയോഗിച്ച്, വീഡിയോയുടെ പ്രധാന ഫ്രെയിമുകളിലൊന്ന് ഞങ്ങൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ മുൻസിഫ് ദിനപത്രത്തിന്‍റെ ഒരു വീഡിയോ റിപ്പോർട്ട് ലഭിച്ചു.

"ബുർഖ ധരിച്ച വിസി ഡിഡിസി പതാക ഉയർത്തുന്നതിന്‍റെ വീഡിയോ, സ്വാതന്ത്ര്യദിന പരേഡ് പരിശോധിക്കുന്നു, വൈറലാകുന്നു" എന്നാണ് അടിക്കുറിപ്പ്. റിപ്പോർട്ട് പ്രകാരം “കിഷ്ത്വാർ ജില്ലയിൽ നടന്ന 77-ാം സ്വാതന്ത്ര്യദിനാഘോഷം ദേശീയ അഭിമാനമാണ്. എന്നിരുന്നാലും, ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ പ്രസ്ഥാനങ്ങൾക്കിടയിൽ ബുർഖയും ഹിജാബും ധരിച്ച് ജില്ലാ വികസന കൗൺസിൽ വൈസ് ചെയർപേഴ്‌സൺ സൈമ പർവീൺ ത്രിവർണ്ണ പതാക ഉയർത്തിയതോടെ സംഭവം അപ്രതീക്ഷിത വഴിത്തിരിവായി.

കൂടുതൽ തിരഞ്ഞപ്പോള്‍, ജമ്മു കശ്മീർ ആസ്ഥാനമായുള്ള പ്രാദേശിക മാധ്യമമായ ഫാസ്റ്റ് ന്യൂസ് ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ ദൈര്‍ഘ്യമുള്ള പതിപ്പ് ഞങ്ങൾ കണ്ടെത്തി. " ജില്ലാ വികസന കൌണ്‍സില്‍ വൈസ് ചെയർപേഴ്‌സൺ സൈമ പർവീൺ ലോണ്‍, കിഷ്ത്വാർ ചൗഗാൻ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തി, കൂടാതെ ചരിത്രത്തിലാദ്യമായി വൈസ് ചെയർപേഴ്‌സൺ സൈമ പർവീൺ ഹിജാബ് ധരിച്ചാണ് കിഷ്ത്വറിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തത്" എന്ന് വിവരണം പറയുന്നു.

കിഷ്ത്വാർ ജില്ലാ ഭരണകൂടത്തിന്‍റെ ഫേസ്ബുക്കില്‍ പരിപാടിയുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കിഷ്ത്വറിലെ ചൗഗാൻ ഗ്രൗണ്ടിൽ ജില്ലാ വികസന കൌണ്‍സില്‍ വൈസ് ചെയർപേഴ്സൺ സൈമ പർവീൺ ലോണിന്‍റെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യദിനാഘോഷം എന്നാണ് അടിക്കുറിപ്പിൽ പറയുന്നത്.

കിഷ്ത്വാർ ജില്ലയിലെ സീനിയർ പോലീസ് സൂപ്രണ്ടിന്‍റെ ട്വിറ്റർ ഹാൻഡിലിൽ കിഷ്ത്വറിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ചില ചിത്രങ്ങളും വീഡിയോകളും കൊടുത്തിട്ടുണ്ട്. ഹിജാബ് ധരിച്ച സ്ത്രീയെ ഇതിലും കാണാം. കിഷ്ത്വറിലെ ചൗഗൻ മൈതാനിയിൽ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതായി അനുബന്ധ വിവരണങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഇതിനുശേഷം ഞങ്ങൾ കിഷ്ത്വാർ സീനിയർ പോലീസ് സൂപ്രണ്ട് ഖലീൽ പോസ്വാളുമായി ബന്ധപ്പെടുകയും ഈ വനിതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അദ്ദേഹം വിശദമാക്കിയത് ഇങ്ങനെ: “ഈ അവകാശവാദം തെറ്റാണ്. വീഡിയോയിൽ കാണുന്ന വനിത കളക്ടറല്ല. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറും ജില്ലാ വികസന കൗൺസിൽ വൈസ് പ്രസിഡന്‍റുമാണ്.

നിഗമനം

വീഡിയോയ്‌ക്കൊപ്പം നടത്തിയ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിൽ കാണുന്ന വനിതാ ഉദ്യോഗസ്ഥ കർണാടകയില്‍ നിന്നുള്ള കലക്ടറല്ല; ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ജില്ലാ വികസന കൗൺസിലിന്‍റെ വൈസ് ചെയർപേഴ്സണാണ്. കര്‍ണ്ണാടകയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബൂര്‍ഖ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കര്‍ണ്ണാടകയിലെ കളക്ടര്‍ -ദൃശ്യങ്ങളിലുള്ളത് കാശ്മീരിലെ കൌണ്‍സിലറാണ്, സത്യമറിയൂ…

Written By: Vasuki S

Result: False