
വിവരണം
Interesting videos എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലെ പുറംതൊലിയുള്ള ചക്കകൾ ഉണ്ടായി കിടക്കുന്ന ഒരു പ്ലാവിന്‍റെ ദൃശ്യങ്ങളുള്ള വീഡിയോയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പ്ലാവിന്‍റെ ഇലകൾ കാഴ്ചയിൽ സാധാരണ പ്ലാവിന്‍റെ ഇലകൾ പോലെ തന്നെയാണുള്ളത്.

archived link | Fb post |
ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളൂ ആണ്. ചക്കയുടെ ഗുണങ്ങൾ വിവിധ ഗവേഷങ്ങളിലൂടെ തെളിയിച്ചതിനെ പറ്റി വാർത്തകൾ വന്നിരുന്നു.അകത്ത് ചുവന്ന നിറത്തിലുള്ള ചുളകളുള്ള ചെമ്പരത്തി വരിക്ക എന്നറിയപ്പെടുന്ന ചക്ക മലയാളികൾക്ക് പരിചിതമാണ്. എന്നാൽ ചുവന്ന പുറംതൊലിയുള്ള ചക്കയെപ്പറ്റിയുള്ള വാർത്തകൾ ഇതുവരെ കണ്ടിട്ടില്ല. കാഴ്ചയിൽ മനോഹരമായി തോന്നുന്ന ഈ ചക്കയെപ്പറ്റി നമുക്ക് കൂടുതൽ അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ വീഡിയോ invid ടൂളുപയോഗിച്ചു ഫ്രയിമുകളായി വേർതിരിച്ച ശേഷം ഒരു ഫ്രയിമിന്റെ ചിത്രം ഉപയോഗിച്ച് google reverse image ചെയ്തു നോക്കി. എന്നാൽ സമാന ചിത്രങ്ങൾ ലഭ്യമായില്ല. തുടർന്ന് ഞങ്ങൾ ഇതുസംബന്ധിച്ച ചില കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. എന്നാൽ ചുവന്ന ചുളകളുള്ള ചക്കയെ കുറിച്ചല്ലാതെ ചുവന്ന പുറംതൊലിയുള്ള ചക്കയെപ്പറ്റിയുള്ള വിവരണങ്ങളൊന്നും ലഭ്യമല്ല.
കേരളത്തിലെയും ബാംഗ്ലൂരിലെയും പ്രമുഖ ചക്ക കർഷകനും ഗവേഷകനുമായ കൊല്ലം സ്വദേശി ‘ജാക്ക് അനിൽ’ എന്നറിയപ്പെടുന്ന അനിലുമായി ഞങ്ങൾ ഇതേപ്പറ്റി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് “ഇതേ പോലുള്ള നിരവധി ചിത്രങ്ങൾ പലരും സംശയ നിവാരണത്തിനായി അയച്ച് തരാറുണ്ട്. എന്നാൽ ഇത്തരം ഒരു ചക്ക ഇതുവരെ ലോകത്ത് കണ്ടെത്തിയതായി കേട്ടിട്ടില്ല. ചക്കയുടെ ഒരുപാട് വ്യത്യസ്ത ജനുസ്സുകൾ ഞങ്ങൾ കൃഷി ചെയ്യുന്നുണ്ട്. അകത്ത് ചുവന്ന ചുളകളുള്ള ചക്കകളുണ്ട്. വീഡിയോയിലെ ചക്ക ചായം തേച്ച് വ്യത്യാസപ്പെടുത്തിയതാണ്. പോസ്റ്റ് കണ്ടിരുന്നു.”
ചുവന്ന ചുളകളുള്ള ചക്കയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന ചില മാധ്യമങ്ങളുടെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു
archived link | deccan herald |
archived link | itfnet |
മലേഷ്യയിലെ തേന്‍വരിക്കയുടെ വീഡിയോയാണ് ചുവടെ:
കാഴ്ചയില്‍ സമാനത തോന്നുന്ന മറ്റൊരു ഫലത്തിന്‍റെ ചിത്രം ഞങ്ങള്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ ചൈനീസ് കുക്കുമ്പര്‍ എന്നാണ് ഇതിന് പേരുള്ളത്.

archived link | amazingplanetnews |
തുടർന്ന് ഞങ്ങൾ കേരളം കാർഷിക സർവകലാശാലയുടെ പോമോളജി വിഭാഗവുമായി ബന്ധപ്പെട്ടു. അവിടെ വകുപ്പ് മേധാവി പ്രൊഫസർ ഷീല പറഞ്ഞത് അകത്തു ചുവന്ന ചുളകളുള്ള ചക്കകളാണ് പൊതുവെ കണ്ടുവരുന്നത്. “ഞങ്ങളുടെ അറിവിൽ ഇത്തരം ഒരു ചക്കയെ കുറിച്ച് കേട്ടറിവില്ല. കേരളം കാർഷിക യൂണിവേഴ്സിറ്റിയുടെ വിഭാഗമായ കൊട്ടാരക്കരയിലെ സദാനന്ദപുരത്തു പ്രവർത്തിക്കുന്ന കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം സിന്ദൂർ എന്നയിനം ചുവന്ന നിറമുള്ള ചക്ക വികസിപ്പിച്ച് എടുത്തിട്ടുണ്ട്.” കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ഞങ്ങൾ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു. അവർ അവിടെ വികസിപ്പിച്ചെടുത്ത സിന്ദൂര്‍ എന്ന ചക്കയെപ്പറ്റി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.
അകത്ത് ചുവന്ന നിറമുള്ള ചക്കയാണ് സിന്ദൂര്‍ ഇനം. അതിന്റെ പുറംതൊലി സാധാരണ ചക്കയുടേത് പോലെ തന്നെ പച്ച നിറത്തിലാണ് കാണപ്പെടുന്നതെന്നും അധികാരികൾ വ്യക്തമാക്കി. ചുവന്ന പുറംതൊലിയുള്ള ചക്ക ലോകത്തൊരിടത്തും ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് അവർ പറഞ്ഞത്. ഗവേഷണ സ്ഥാപനം എന്ന നിലയിൽ ഇത്തരം ഒരു ചക്ക വിഭാഗത്തെപ്പറ്റി കേട്ടിട്ടേയില്ല.
വീഡിയോ വ്യക്തമായി ശ്രദ്ധിക്കുക. പ്രാരംഭ ദിശയിലുള്ള രണ്ടു ചക്കകൾ ഇതിൽ പച്ച നിറത്തിൽ കാണാൻ സാധിക്കുന്നുണ്ട്. മറ്റുള്ള ചക്കകൾ ചുവന്ന നിറം തേച്ച് രൂപമാറ്റം വരുത്തിയതായിരിക്കാം എന്ന് അനുമാനിക്കുന്നു. വീഡിയോയിൽ നിന്നും കണ്ടെത്തിയ നിറം പുരട്ടാത്ത ചക്കയുടെ ചിത്രം വായനക്കാരുടെ അറിവിലേക്കായി ഇവിടെ നൽകുന്നു.

നിഗമനം
വീഡിയോയിൽ നൽകിയിരിക്കുന്നത് ചക്കയുടെ വ്യാജമായ ദൃശ്യങ്ങളാണ്. ഇത്തരത്തിൽ ചുവന്ന നിറത്തിലുള്ള പുറംതൊലിയുള്ള ചക്ക ലോകത്ത് എവിടെയെങ്കിലും കണ്ടെത്തിയതായി ഇതുവരെ വിവരങ്ങളില്ല. കൊട്ടാരക്കരയിലുള്ള ചക്ക ഗവേഷണം നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനം ഇത്തരത്തിൽ ഒരു ചക്കയുടെ അസ്തിത്വം നിഷേധിച്ചിട്ടുണ്ട്. വ്യാജ വീഡിയോയാണ് ഇതെന്ന് ചക്ക കർഷകനായ അനിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ വ്യാജ വീഡിയോ പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു
