മുമ്പ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മാത്രമാണ് രാജ്യത്ത് ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പരിരക്ഷ നൽകി വന്നിരുന്നത്. പിന്നീട് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് എന്ന പേരില്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൊതുജനങ്ങൾക്കായി ആവിഷ്കരിച്ചു. രാജ്യമൊട്ടാകെ കോടിക്കണക്കിന് പേർ പദ്ധതിയിൽ അംഗത്വമെടുത്തു. ഇപ്പോൾ ഈ പദ്ധതിയെക്കുറിച്ച് ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു കാണും.

പ്രചരണം

ദേശീയ ആരോഗ്യ അതോറിറ്റി പൊതുജനങ്ങൾക്കായി നൽകുന്ന ഹെൽത്ത് കാർഡിന്‍റെ ചിത്രത്തോടൊപ്പം ഒരു ശബ്ദ സന്ദേശമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഈ കാർഡ് ഇല്ലാത്തവർ എത്രയും വേഗം അംഗത്വം എടുക്കണമെന്നും അഞ്ച് ലക്ഷംവരെ ഇൻഷ്വറൻസ് കവറേജ് ലഭിക്കാൻ ഈ കാർഡ് ആശുപത്രികളിൽ കാണിച്ചാൽ മതിയാകും എന്നുമാണ് സന്ദേശത്തിൽ നൽകിയിട്ടുള്ളത്.

അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്നും 50 രൂപ അപേക്ഷാ ഫീസായി ഈടാക്കും എന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

archived linkFB post

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്നും ഈ കാർഡ് ഉപയോഗിച്ച് ഇൻഷുറൻസ് പരിരക്ഷയും സൗജന്യ ചികിത്സയും ലഭിക്കില്ല എന്നും ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.

വസ്തുത ഇതാണ്

ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി ഇൻഷുറൻസ് ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് ഓരോ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ചികിത്സയ്ക്കായി ലഭിക്കുന്നതാണ്. ബിപിഎൽ കാർഡുകാർക്ക് പൂർണമായും സൗജന്യമായും മറ്റുള്ളവർക്ക് നാമമാത്ര ഫീസ്‌ ഈടാക്കിയുമാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ നൽകുന്നത്. ഇതേ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആയുഷ്മാൻ ഭാരതിന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഇനി എന്താണ് പോസ്റ്റിലെ വീഡിയോയിൽ നൽകിയിരിക്കുന്ന ആരോഗ്യ ഹെൽത്ത് കാർഡ് എന്ന് നോക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് അതോറിറ്റി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഹെൽത്ത് ഐഡി. ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുതായി നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. കാർഡ് ഉടമയുടെ രോഗ വിവരങ്ങളും ആരോഗ്യ വിവരങ്ങളും മരുന്നുകളുടെ വിവരങ്ങളും ഹെൽത്ത് ഐഡിയിൽ ഉണ്ടായിരിക്കും. രാജ്യത്ത് ഏതൊരിടത്ത് ചികിത്സക്ക് പോയാലും രോഗിയുടെ ആരോഗ്യ വിവരങ്ങള്‍ അനായാസം ഡോക്ടര്‍ക്ക് ലഭ്യമാകാന്‍ പദ്ധതി ഉപകരിക്കും.

കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ്. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കേരള സിഇഒ ഡോ.രത്തൻ കേല്‍ക്കാറുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെനിന്നും ഉദ്യോഗസ്ഥർ ഞങ്ങൾക്കു നൽകിയ വിശദീകരണം ഇങ്ങനെയാണ്: “ഇത് തീർച്ചയായും തീർത്തും തെറ്റിധാരണ സൃഷ്ടിക്കുന്ന ഒരു പ്രചരണമാണ്. ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ മാത്രമേ ഹെൽത്ത് ഐഡിയില്‍ ഉണ്ടാവുകയുള്ളൂ. ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ കാര്‍ഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് ഓൺലൈനായി ആർക്കും എടുക്കാവുന്നതാണ്. പണച്ചെലവുകൾ ഒന്നുമില്ല.”

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ആണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. കേന്ദ്രസർക്കാർ വ്യക്തിഗത തലത്തിൽ ആരോഗ്യവിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനായി പുറത്തിറക്കിയ ഹെൽത്ത് ഐഡി ആണ് സൗജന്യ ചികിത്സ ക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേരിൽ പ്രചരിക്കുന്നത്. സർക്കാരിനെ സൗജന്യ ചികിത്സയ്ക്കുള്ള പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളെല്ലാം കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഹെല്‍ത്ത് ഐഡി ആണിത്... സൌജന്യ ചികിത്സയ്ക്കുള്ളതല്ല...

Fact Check By: Vasuki S

Result: False