
പാമ്പുകളെ ദൈവമായി കണ്ട് ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ, ഇവിടെ നാഗങ്ങള്‍ക്കായി പേരുകേട്ട ക്ഷേത്രങ്ങളുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചില പ്രചരണങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വൈറല്‍ പ്രചരണം നടക്കുന്നുണ്ട്.
പ്രചരണം
ഒരു സ്വർണ്ണ നിറത്തിലുള്ള പാമ്പിനെയാണ് പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നത്. ഇത് യഥാർത്ഥ സ്വർണ്ണ പാമ്പാണെന്നാണ് അവകാശപ്പെട്ട് ഒപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കുംഭമാസത്തിലെ ആയില്യം: അപൂര്‍വമായി കാണപെടുന്ന സ്വർണ്ണ നാഗം ഒന്നു ഷെയർ ചെയ്തു നോക്കു നിങ്ങളുടെ ഒരു ആഗ്രഹം സഫലമാകും “ഓം നാഗരാജായ നമഃ”

ഞങ്ങളുടെ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. ചിത്രത്തിൽ കാണുന്ന പാമ്പിനെ ഫോട്ടോഷോപ്പ് ചെയ്ത് നിർമ്മിച്ചതാണ്.
വസ്തുത ഇതാണ്
വിശദാംശങ്ങള്‍ക്കായി ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ designcrowd എന്ന വെബ്‌സൈറ്റിൽ ഞങ്ങൾ ഈ ഫോട്ടോ കണ്ടെത്തി. അവര്‍ നടത്തിയ ഫോട്ടോ മല്‍സരത്തില്‍ പങ്കെടുത്ത് മന്ദാരക് എന്ന ഗ്രാഫിക് ഡിസൈനർ സൃഷ്ടിച്ചതാണ് ഈ ചിത്രം.

ഞങ്ങൾ യഥാര്‍ത്ഥ ചിത്രത്തിനായി തിരഞ്ഞപ്പോള്‍ മെക്സിക്കന്‍ ബ്ലാക്ക് സ്നേക്ക് ഇനത്തില്‍ പെട്ട ഒരു പാമ്പിന്‍റെ ചിത്രം ലഭിച്ചു.
ചില വെബ്‌സൈറ്റുകളിൽ ഞങ്ങൾ ഈ ചിത്രം കണ്ടെത്തി. എന്നാൽ യഥാര്‍ത്ഥ പാമ്പിന്‍റെ നിറം സ്വർണ്ണമല്ല, കറുപ്പാണ്. ലഭ്യമായ വിവരണമനുസരിച്ച്, ഇത് മെക്സിക്കൻ ബ്ലാക്ക് കിംഗ് സ്നേക്ക് ആണ്.
സ്ഥിരീകരണത്തിനായി ഞങ്ങൾ കേരള യൂണിവേഴ്സിറ്റി സുവോളജി വിഭാഗം മേധാവി ഡോ. ജി പ്രസാദുമായി സംസാരിച്ചു. അദ്ദേഹം വിശദമാക്കിയത് ഇങ്ങനെ: “ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്വർണ്ണ പാമ്പുകൾ കാണപ്പെടുന്നു. അത്തരത്തിലുള്ള സുവർണ്ണ പാമ്പുകളിൽ ഒന്നാണ് ചേനത്തണ്ടന്‍ എന്നൊക്കെ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന അണലി. എന്നാൽ ചിത്രത്തിലെ പാമ്പ് മെക്സിക്കൻ ബ്ലാക്ക് സ്നേക്ക് ആണ്. ഈ ഇനം പാമ്പുകള്‍ സ്വർണ്ണ നിറത്തിൽ കാണപ്പെടുന്നില്ല.
മെക്സിക്കന്‍ ബ്ലാക്ക് സ്നേക്കിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഓണ്‍ലൈനില്‍ ധാരാളം ലഭിക്കും.

കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, സ്വർണ്ണ പാമ്പുകളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ ഞങ്ങൾ കണ്ടെത്തി.
പോസ്റ്റിലെ ചിത്രവും യഥാര്‍ത്ഥ ചിത്രവും താഴെ കൊടുത്തിരിക്കുന്നു.

നിഗമനം
പോസ്റ്റിലെ സ്വര്‍ണ്ണ പാമ്പിന്‍റെ ചിത്രം ഫോട്ടോഷോപ്പാണ്. യഥാര്‍ഥത്തില്‍ ഉള്ളതല്ല. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ശരിക്കുമുള്ള സ്വര്‍ണ്ണ നാഗമെന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്.
ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചിത്രത്തിൽ കാണുന്ന സ്വർണ്ണ പാമ്പിനെ ഡിജിറ്റലായി നിർമ്മിച്ചതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
