
സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാൽ തുടരാൻ കഴിയാത്തതിനാൽ സിപിഐഎം പുതിയ സെക്രട്ടറിയായി എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനെ പാർട്ടി നിയോഗിച്ച വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നിരുന്നു. ഇതിനു ശേഷം അദ്ദേഹത്തെ പറ്റി ഒരു പ്രചരണം സൂക്ഷ്മ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
എം വി ഗോവിന്ദന്‍റെ വീടിന്‍റെ ചിത്രമാണ് എന്നവകാശപ്പെട്ട് കൊട്ടാരസദൃശ്യമായ ഒരു വീടിന്‍റെ ചിത്രമാണ് നല്‍കിയിട്ടുള്ളത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “പുതിയ സീപീയെം സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ മാസ്റ്ററുടെ കണ്ണൂർ സിറ്റിയുടെ ഹൃദയ ഭാഗത്തുള്ള വീട്.
ഓസ്ട്രേലിയൻ ഐറ്റി മേഖല നിയന്ത്രിക്കുന്ന ഓസ്ട്രാക്ക് കമ്പനിയുടെ 34% ഷയറുകൾ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയുടേത്. ന്യൂയോർക്കിലെ മൻഹാട്ടൺ ദ്വീപിലെ ഏഴു ലക്ഷ്വറി വില്ലകൾ ഗോവിന്ദൻ മാസ്റ്ററുടെ മകന്റെ സ്വന്തം.
ഗോവിന്ദൻ മാസ്റ്ററെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. അറിയാവുന്നവർക്ക് ഇവിടെ കൊണ്ടെ തൂക്കാം.”

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ പ്രസ്തുത വീടിന് എം വി ഗോവിന്ദൻ മാസ്റ്ററുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് വയനാട്ടിൽ നിന്നുമുള്ള ഗൾഫ് വ്യവസായി അറക്കൽ ജോയിയുടെ വീടാണ് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. അറക്കൽ ജോയി വീട് നിർമ്മിച്ചതും പിന്നീട് ഇതിൽ താമസിക്കാൻ നിയോഗമില്ലാതെ ജീവിതം സ്വയം അവസാനിപ്പിച്ചതും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മനോരമ ഓൺലൈൻ 2020 മെയ് 3 പ്രസിദ്ധീകരിച്ച അറക്കൽ ജോയിയെക്കുറിച്ചുള്ള പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇതേ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റില്‍ നല്കിയ ചിത്രത്തിലും മനോരമയുടെ വാട്ടര്‍ മാര്‍ക്ക് ദൃശ്യമാണ്.

വയനാട് മാനന്തവാടിയിൽ നിന്നുമുള്ള അറയ്ക്കൽ ജോയി ദുബായ് ആസ്ഥാനമായുള്ള ഇന്നോവ ഗ്രൂപ്പ് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ആയിരുന്നു. ബിസിനസ് പ്രതിസന്ധി മൂലം അദ്ദേഹം 2020 ഏപ്രിൽ 23ന് തന്നെ ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു. അറക്കൽ ജോയി പ്രസ്തുത വീട് നിർമ്മിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ യൂട്യൂബിൽ വീടിനെക്കുറിച്ച് പോസ്റ്റ്ചെയ്ത ഒരു വീഡിയോ താഴെ കാണാം:
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ എം വി ഗോവിന്ദൻ മാസ്റ്ററുമായി സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “പൂർണ്ണമായും തെറ്റായ പ്രചരണമാണിത്. എനിക്ക് ആ വീടുമായി യാതൊരു ബന്ധവുമില്ല. ഇതൊക്കെ രാഷ്ട്രീയ എതിരാളികൾ വെറുതെ ചമച്ചുണ്ടാക്കുന്നതാണ്. അറക്കൽ ജോയിയുടെ വീട് എങ്ങനെയാണ് എന്‍റെ വീടാകുന്നത്?”
തെറ്റായ വാർത്തയാണ് എം പി ഗോവിന്ദൻ മാസ്റ്ററുടെ പേരില്‍ പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ചിത്രത്തിൽ കാണുന്നത് എം വി ഗോവിന്ദൻ മാസ്റ്ററുടെ വീടല്ല. വയനാട്ടിൽ നിന്നുമുള്ള ഗൾഫ് വ്യവസായി ആയിരുന്ന ആത്മഹത്യ ചെയ്ത അറക്കൽ ജോയിയുടെ വീടാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
