രമ്യ ഹരിദാസിന്‍റെ ഈ ചിത്രം എപ്പോഴത്തേതാണ്…?

രാഷ്ട്രീയം | Politics

വിവരണം 

Sreekumar Mp‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്നും ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. 

“അടിമുടി മാറി പെങ്ങളൂട്ടി…” എന്ന അടിക്കുറിപ്പുമായി രമ്യ ഹരിദാസ് പുതുമയുള്ള മറ്റൊരു വസ്ത്രം ധരിച്ച ചിത്രം നൽകിയിട്ടുണ്ട്. എംപിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം രമ്യ ഹരിദാസ് പതിവിനു വിപരീതമായി വ്യത്യസ്തതയുള്ള വേഷങ്ങൾ ധരിച്ചു തുടങ്ങി എന്നാണ്  പോസ്റ്റിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.

archived linkFB post

രമ്യ ഹരിദാസിന്‍റെ വസ്ത്രധാരണം ചർച്ച ചെയ്യേണ്ട വിഷയമല്ല. ഏതു വസ്ത്രം ധരിക്കാനും രമ്യ  ഹരിദാസിന് ഏതൊരു ഇന്ത്യൻ പൗരനെയും പോലെ അവകാശമുണ്ട്. അവരുടെ വ്യത്യസ്തമായ ചിത്രം “അടിമുടി മാറി…” എന്ന വാദഗതിയുമായി  പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥിതിക്ക് ഈ ചിത്രത്തിന്‍റെ വിശദാംശങ്ങൾ നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഈ ചിത്രം ഞങ്ങൾ google reverse image ഉപയോഗിച്ച് പരിശോധിച്ചു നോക്കി. എന്നാൽ യാതൊരു ഫലങ്ങളും ലഭ്യമായില്ല. രമ്യ ഹരിദാസിന്റെ ഫേസ്‌ബുക്ക് പേജിൽ ഞങ്ങൾ തിരഞ്ഞു. ചിത്രത്തെപ്പറ്റിയുള്ള സൂചനകൾ ഒന്നും പേജിൽ നൽകിയിട്ടില്ല.  തുടർന്ന് ഞങ്ങൾ ചിത്രത്തെക്കുറിച്ച് അറിയാനായി രമ്യ ഹരിദാസുമായി നേരിട്ട് സംസാരിച്ചു. “2012 ജനുവരി ഫെബ്രുവരി മാസങ്ങളിലായി ജപ്പാനിൽ നടന്ന ഷിപ് ഫോർ വേൾഡ് യൂത്ത്‌ എന്ന പരിപാടിയിൽ പങ്കെടുത്ത വേളയിലുള്ള ചിത്രമാണിത്. വിവിധ റാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. ഓരോ രാജ്യങ്ങളിൽ നിന്നുള്ളവരും സാംസ്കാരിക വിനിമയത്തിന്‍റെ ഭാഗമായി വസ്ത്രങ്ങൾ മാറി ധരിക്കുന്ന ഒരു സെഗ്മെന്റ് പരിപാടിക്കിടയിൽ ഉണ്ടായിരുന്നു. ജാപ്പനീസ് വസ്തമാണ് എനിക്ക് അണിയാൻ ലഭിച്ചത്. അതിന്റെ ചിത്രമാണിത്. ഇപ്പോഴുള്ളതല്ല. 2012 ലേതാണ്.” ഇങ്ങനെയാണ് രമ്യ ഹരിദാസ് ഞങ്ങളുടെ പ്രതിനിധിയോട് നൽകിയ വിശദീകരണം 

തുടർന്ന് ഞങ്ങൾ ഷിപ്പ് ഫോർ വേൾഡ് യൂത്  പ്രോഗ്രാമിന്‍റെ വിശദാംശങ്ങൾ ഓൺലൈനിൽ തിരഞ്ഞു.  ഗ്ലോബൽ യൂത്ത് ലീഡേഴ്സ് ഡവലപ്മെന്റ് പ്രോഗ്രാം എന്നും അറിയപ്പെടുന്ന ഷിപ്പ് ഫോർ വേൾഡ് യൂത്ത് (എസ്‌ഡബ്ല്യുവൈ) പ്രോഗ്രാം ജാപ്പനീസ് സർക്കാർ സംഘടിപ്പിക്കുകയും പൂർണമായും ധനസഹായം നൽകുകയും ചെയ്യുന്ന ഒരു അതുല്യമായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പദ്ധതിയാണ്. ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രോഗ്രാമുകളിലൊന്നായ SWY ൽ ലോകമെമ്പാടുമുള്ള 250 ഓളം യുവാക്കൾ അന്താരാഷ്ട്ര സഹകരണത്തെയും ധാരണയെയും കുറിച്ച് മനസിലാക്കാനായി ക്ഷണിക്കപ്പെടുന്നു. രണ്ട് മാസ കാലയളവിൽ, സാംസ്കാരിക സംവേദനക്ഷമതയും മതിപ്പും വളർത്തുന്നതിനും രാജ്യങ്ങൾക്കിടയിൽ ശാശ്വത സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങളിൽ  പങ്കെടുക്കുന്നവർ ഏർപ്പെടുന്നു. മിക്ക പരിപാടികളും ക്രൂയിസ് ലൈനറായ നിപ്പോൺ മാരുവിൽ നടത്തുന്നു. 

archived link

 2012 ലെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട  ഇന്ത്യൻ അതിഥികളുടെ കൂട്ടത്തിൽ രമ്യ ഹരിദാസിന്‍റെ ചിത്രം സംഘാടകർ അവരുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ  പരിപാടിയിലെ അതിഥികളിൽ ഒരാൾ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ രമ്യ ഹരിദാസിനെ കാണാം.

archived linkFB post

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ആരാണ് പോസ്റ്റ് ചെയ്തത് എന്ന് വ്യക്തമല്ല. എന്നാൽ ഇത് എംപിയായ ശേഷമുള്ള ചിത്രമല്ല എന്ന് രമ്യ ഹരിദാസ് തന്നെ വിശദീകരണം നൽകിയിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം രമ്യ ഹരിദാസ് എംപിയായ ശേഷമുള്ളതല്ല. 2012 ൽ ജപ്പാനിൽ നടന്ന ഷിപ് ഫോർ വേൾഡ് യൂത്ത്‌ എന്ന പരിപാടിയിൽ പങ്കെടുത്ത വേളയിലുള്ളതാണ്. അതിനാൽ തെറ്റിദ്ധരിക്കപ്പെട്ട് ചിത്രം പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:രമ്യ ഹരിദാസിന്‍റെ ഈ ചിത്രം എപ്പോഴത്തേതാണ്…?

Fact Check By: Vasuki S 

Result: False