
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഇടയ്ക്കിടെ വാർത്തകളിലും വിവാദങ്ങളിലും ഇടംപിടിക്കാറുണ്ട്. ജെഎൻയുവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
വീഡിയോയിൽ ഉയര്‍ന്ന ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്ന ഒരു വ്യക്തി വിദ്യാർഥികളെ ശകാരിക്കുന്നതായി കാണാം. വിദ്യാർത്ഥികളും തിരിച്ച് ഉച്ചത്തിൽ പ്രതികരിക്കുന്നുണ്ട്. ഒടുവിൽ വിദ്യാര്‍ഥികളില്‍ ഒരാളെ പിടികൂടി പോലീസുകാർ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം. ഇവിടെ ബഹളമുണ്ടാക്കാൻ നിങ്ങൾക്ക് ആരാണ് അനുവാദം തന്നതെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്. ഡൽഹിയിലെ ജെഎൻയുവിൽ നടന്ന സംഘര്‍ഷമാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഇതാണ് സിവിൽ സർവീസുകാരൻ. ഇതാവണം സിവിൽ സർവീസുകാരൻ.
Delhi JNU വിലെ പട്ടിഷോ പൊളിച്ചടുക്കുന്നു.”
എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത് ജെഎൻയുവിൽ നിന്നുള്ളതല്ല, മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ നിന്നുള്ളതാണ് എന്ന് കണ്ടെത്തി
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകള്‍ ആക്കിയ ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ വീഡിയോ പലരും പങ്കുവച്ചിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു. സംഭവം ജിവാജി സര്‍വകലാശാലയിലെതാണെന്നും ഉദ്യോഗസ്ഥന്‍ കളക്റ്ററുടെ ചുമതലയുള്ള ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കൌശലേന്ദ്ര വിക്രം സിംഗ് ആണെന്നും ചില പോസ്റ്റുകള്‍ പറയുന്നു. ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ ലഭിച്ചു.
ഇന്ത്യ ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ: “ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ നാഷണൽ സ്റ്റുഡന്‍റ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രവർത്തകർക്കൊപ്പം നിരവധി വിദ്യാർത്ഥികള്‍ ചൊവ്വാഴ്ച രാവിലെ ഓൺലൈൻ പരീക്ഷ മതി എന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി.
പരീക്ഷയ്ക്ക് തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കി ഈ വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും ഓഫ്‌ലൈൻ മോഡിനെതിരെ മുദ്രാവാക്യം വിളിച്ച് കോളിളക്കം സൃഷ്ടിച്ചു. പ്രതിഷേധകര്‍ എൻഎസ്യുഐ അഡ്മിനിസ്ട്രേറ്റീവ് ഗേറ്റിന്‍റെ പൂട്ട് തകർത്തു. എന്നാൽ, വാർത്ത പുറത്തുവന്നയുടൻ ഗ്വാളിയോർ കളക്ടർ കൗശലേന്ദ്ര വിക്രം സിംഗ് സ്ഥലത്തെത്തി വിദ്യാർത്ഥികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ചു. സംഭവത്തിന്‍റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്.
എന്താണ് കാര്യമെന്നും എന്തിനാണ് സമരം ചെയ്യുന്നതെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് ചോദിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇതോടെയാണ് സമരത്തിന് നേതൃത്വം നൽകിയ എൻഎസ്‌യുഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശിവരാജ് യാദവ് കലക്ടറുമായി വാക്കേറ്റം നടത്തിയത്.”
ഈ സംഭവമാണ് ജെഎൻയുവിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. യഥാർത്ഥത്തിൽ ഈ വീഡിയോയുമായി ജെഎന്‍യുവിന് യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ പ്രചാരണം തെറ്റാണ്. വീഡിയോ ദൃശ്യങ്ങൾ ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നുള്ളതല്ല. ഓണ്‍ലൈന്‍ പരീക്ഷ നടത്തിപ്പിനെ ചൊല്ലി മധ്യപ്രദേശിലെ ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിലെ വിദ്യാർത്ഥികളും ജില്ലാ മജിസ്ട്രേറ്റും തമ്മിലുള്ള വാഗ്വാദത്തിന്‍റെ ദൃശ്യങ്ങളാണിത്. വീഡിയോയ്ക്ക് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിനെതിരെ നടപടിയെടുക്കുന്ന ദൃശ്യങ്ങള്‍ ജെഎന്‍യുവില്‍ നിന്നുള്ളതല്ല, സത്യമറിയൂ…
Fact Check By: Vasuki SResult: Partly False
