തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ ശരിയത്ത് നിയമം ഇന്ത്യന്‍ ഭരണഘടനയെ ക്കാളും മികച്ചതാണെന്ന് പ്രഖ്യാപിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഈ പ്രചരണം നടത്തുന്നത്.

പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ എം.പി. പ്രതാപന്‍ ഇത്തരമൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ടി.എന്‍. പ്രതാപന്‍റെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ കാണാം. ഈ വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ശരിയത്ത് നിയമങ്ങളാണ് ഇന്ത്യന്‍ ഭരണഘടനായിലും മികിച്ചതെന്നും അതാണ്‌ ഞാന്‍ ഇഷ്ടപെടുന്നത്തെന്നും – ടി.എന്‍. പ്രതാപന്‍

വീഡിയോയില്‍ നമുക്ക് ടി.എന്‍. പ്രതാപന്‍ ഇസ്ലാമിനെ സ്തുതിക്കുന്നത് കേള്‍ക്കാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഇത്തവണ തൃശൂരിലെ കൃസ്തുമത വിശ്വാസികൾ വോട്ട് ചെയ്യുബോൾ ഇവന്റെ മുസ്ലീം മതപ്രഭാഷണം ഓർമ്മയിൽ ഉണ്ടായിരിക്കണം ഇവന്റെയൊക്കെ ധൈര്യത്തിലാണ് കുന്തിരിക്കവും അവിലും മലരും കരുതി വച്ചോളിൻ എന്ന് പറയാനുള്ള ആർജവം കാണിക്കുന്നത് സുഡുക്കൾ😎

എന്നാല്‍ വീഡിയോയില്‍ അദ്ദേഹം എവിടെയെങ്കിലും ഇത്തരമൊരു പ്രസ്താവന നടത്തുന്നുണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയിലെ പ്രസംഗം ഞങ്ങള്‍ മുഴുവന്‍ കേട്ടു. പ്രസംഗത്തിനിടെ ടി.എന്‍. പ്രതാപന്‍ എവിടെയും ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ മികച്ചത് ശരിയത്താണെന്ന് പറയുന്നതായി കേള്‍ക്കാനാകുന്നില്ല. അദ്ദേഹം വിശുദ്ധ ഖുറാനെ ഭരണഘടനയുമായി താരതമ്യം ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹം ഖുറാന്‍ ഏതെങ്കിലും ഭരണഘടനയേക്കാള്‍ മികച്ചതാണെന്ന് എവിടെയും പറയുന്നില്ല. ഇതേ പോലെ അദ്ദേഹം ഖുറാനെ മാര്‍ക്സിസ്വവുമായും താരതമ്യം ചെയ്യുന്നുണ്ട്. ഖുറാനില്‍ സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും, സമത്വത്തെ കുറിച്ചും, സമ്പത്ത് വ്യവസ്ഥയെ കുറിച്ചും, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും കൂടാതെ ദാരിദ്ര്യത്തെ കുറിച്ചും ആയിരം വര്‍ഷങ്ങള്‍ മുമ്പ് പറഞ്ഞിട്ടുണ്ട് എന്നാണ് പ്രതാപന്‍ പറയുന്നത്.

ഈ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. നമുക്ക് ഈ വീഡിയോ താഴെ കാണാം.

ഈ പ്രസംഗം അദ്ദേഹം നടത്തിയത് കെ.എന്‍.എം. മാര്‍ക്കസുദ്ദാവയുടെ (K.N.S. Markazudawa) എട്ടാമത്തെ സംസ്ഥാന സദസ്സിലാണ്. ഈ പരിപാടി നടന്നത് 2020ലാണ്. വീഡിയോയില്‍ 8 മിനിറ്റ് 30 സെക്കന്‍റിന് ശേഷം പ്രതാപന്‍ പറയുന്നു, “ആധുനിക മനുഷ്യന്‍റെ ലോകത്തില്‍ ആദ്യത്തെ സമ്പൂര്‍ണ ഭരണഘടന ഏതാണ്? ഇന്ത്യന്‍ ഭരണഘടനയല്ല! യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതെങ്കിലും രാജ്യങ്ങളിലെ ഭരണഘടനയല്ല. അമേരിക്കയുള്‍പ്പടെ ലോകത്തിലെ ഏതെങ്കിലും ജനാധിപത്യ രാജ്യങ്ങളിലെതല്ല. വോട്ട് അവകാശത്തോട് കുടി, പാര്‍ലമെന്‍റിലൂടെ ലോകപ്രതിനിധികള്‍ തെരെഞ്ഞെടുക്കപെടുന്ന രാജ്യത്തിലുമല്ല ആദ്യത്തെ ഭരണഘടനയുണ്ടായത്. ലോകത്തില്‍ ആദ്യമായി ഒരു മനുഷ്യന്‍റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ജന്മമെടുക്കുന്ന മുതല്‍, പരലോകത്തില്‍ ദൈവത്തിന്‍റെ അടുത്ത് പോകുന്നവരെയുള്ള മുഴവന്‍ കാര്യങ്ങള്‍ രേഖപെടുത്തിയ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ മനുഷ്യന്‍റെ ഭരണഘടനയാണ് വിശുദ്ധ ഖുറാന്‍...

അങ്ങനെ ടി.എന്‍. പ്രതാപന്‍ ഖുറാന്‍ ലോകത്തെ ആദ്യത്തെ ഭരണഘടനയാണ് എന്ന് പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയോ മറ്റേതെങ്കിലും രാജ്യത്തിന്‍റെ ഭരണഘടനയെ ക്കാളും ഖുറാനോ അഥവാ ഇസ്ലാമിക നിയമങ്ങളായ ശരിയത്തോ മികച്ചതാണെന്ന തരത്തില്‍ ഒന്നും പറയുന്നില്ല. ഖുറാനെയും ഇസ്ലാമിനെ കുറിച്ചുള്ള തന്‍റെ ഇഷ്ടത്തെയും അതിന്‍റെ കാരണങ്ങളെ കുറിച്ചുമാണ് എം.പി. ടി.എന്‍. പ്രതാപന്‍ പറയുന്നത്.

ഞങ്ങളുടെ പ്രതിനിധി തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപനുമായി ബന്ധപെട്ടു. ഈ പ്രചരണത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “പൂര്‍ണമായും തെറ്റായ പ്രചാരണമാണിത്. ഞാന്‍ ഇത്തരത്തില്‍ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പരിപാടിയില്‍ ഞാന്‍ ഖുറാനിനെ കുറിച്ചാണ് പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ മികച്ചത് ശരിയത്താണ് എന്ന തരത്തില്‍ യാതൊരു പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല. തെരെഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ എനിക്കെതിരെ നടത്തുന്ന വ്യാജപ്രചരണമാണിത്.”

നിഗമനം

തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ ശരിയത്തിനെ ഇന്ത്യന്‍ ഭരണഘടനയെ കാലും മികച്ചതായി പ്രഖ്യാപിച്ചു എന്നത് തെറ്റായ പ്രചരണമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പരിപാടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ തെറ്റായി നടത്തുന്ന പ്രചരണമാണിത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ശരിയത്ത് നിയമം ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ മികച്ചതെന്ന് തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ പറഞ്ഞുവെന്ന് വ്യാജപ്രചാരണം...

Written By: Mukundan K

Result: Misleading