
വിവരണം
archived link | facebook post nizar padiyath |
യുപി യിൽ പശു ഇറച്ചി തിന്നു എന്ന് പറഞ്ഞ് ഈ ചെറുപ്പക്കാരനെ തല്ലിക്കൊന്നു ബിജെപി.
ഒരു യുവാവ് നിലത്തു കിടക്കുന്ന ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന സന്ദേശമാണിത്. Nizar Padiyath എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 24 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ വസ്തുത നമുക്ക് പരിശോധിച്ചു നോക്കാം
വസ്തുതാ പരിശോധന
ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ഞങ്ങൾ Yandex വഴി തിരച്ചിൽ നടത്തി.

അവിടെ നിന്നും രണ്ടു വാർത്താ പോർട്ടലുകളുടെ ലിങ്കുകൾ ലഭിച്ചു. അവ രണ്ടും തമിഴ് ഭാഷയിലുള്ളതാണ്. ഞങ്ങൾ അത് bing translate ഉപയോഗിച്ച് പരിഭാഷപ്പെടുത്തി.

കൂടാതെ തമ്മിൽ നാട്ടുകാരനായ ഒരാളുടെ സഹായം തേടുകയും ചെയ്തു. വാർത്ത ഇതാണ്. 2015 ജനുവരി 27 ന് തമിഴ് നാട്ടിലെ കരൂരിൽ പ്ലസ് റ്റൂ വിദ്യാർത്ഥിയെ മദ്യപിച്ച് അബോധാവസ്ഥയിൽ ബസ്റ്റാൻഡിനരികെ കണ്ടെത്തി. പ്രായപൂർത്തിയാകാത്തതുകൊണ്ട് വിദ്യാർത്ഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിദ്യാർത്ഥി സ്‌കൂൾ യൂണിഫോമിലായിരുന്നു. 17 വയസ്സുള്ള വിദ്യാർത്ഥി പ്ലസ് വണ്ണിൽ പഠിക്കുന്ന മറ്റു രണ്ടു വിദ്യാർത്ഥികളുമൊത്ത് മദ്യപിക്കുകയും റോഡിൽ ബോധംകെട്ടു വീഴുകയുമാണുണ്ടായത് എന്നാണ് വാർത്തയിൽ വിവരിക്കുന്നത്.

പിന്നീട് സഹപാഠികൾ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ വന്നു കുട്ടിയെ ഏറ്റെടുക്കുകയുമാണുണ്ടായത്. കുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്. വാർത്തയിൽ അഭിപ്രായമായി തമിഴ് നാട് മദ്യ കോർപ്പറേഷന്‍റെ നിയന്ത്രണമില്ലാത്ത വിൽപ്പനയെ കുറ്റപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്രീയ മയക്കുമരുന്ന് നിർമാർജന ദിനത്തിൽ വിശേഷ വാർത്തയായി തമിഴിലെ പ്രമുഖ മാധ്യമങ്ങളായ errimalai.com എന്ന വെബ്‌സൈറ്റും അതിനെ അവലംബിച്ച് pathrikai.com എന്ന വെബ്‌സൈറ്റും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ oneindia തമിഴ് പതിപ്പിലും വാർത്ത വന്നിരുന്നു.
അവയുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.
archived link | TamilOneIndia.com |
archived link | Errimalai.com |
archived link | Patrikai.com |
മദ്യപിച്ചു ലക്കുകെട്ട കുട്ടി റോഡിൽ ബോധം കെട്ടുവീണപ്പോൾ ആരോ ചിത്രമെടുക്കുകയും പിന്നീട് ഇത് വാർത്തയാകുകയുമായിരുന്നു. അല്ലാതെ പശുവിന്റെ പേരിൽ ഉത്തർ പ്രദേശിൽ കൊല്ലപ്പെട്ട ആരുടെയും ചിത്രമല്ല യാഥാർത്ഥത്തിലിത്.
നിഗമനം
ഈ പോസ്റ്റിൽ പ്രചരിപ്പിക്കുന്നത് വ്യാജമായ വസ്തുതയാണ്. ചിത്രത്തിന് അതിൽ ആരോപിക്കുന്ന കാര്യവുമായി യാതൊരു ബന്ധവുമില്ല. ഇത്തരം വാർത്തകളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് പ്രീയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ ഫേസ്‌ബുക്ക്

Title:ഉത്തർ പ്രദേശിൽ പശു ഇറച്ചി കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നോ …?
Fact Check By: Deepa MResult: False
