ഇസ്കോണ്‍ ക്ഷേത്രത്തിലെ മനോഹരമായ ചലിക്കുന്ന പെയിന്‍റിംഗ്- വീഡിയോ എ‌ഐ നിര്‍മ്മിതം… 

Altered

ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. വിദേശികളടക്കമുള്ള ഹൈന്ദവ വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും വിശ്വാസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇസ്കോണ്‍ ക്ഷേത്രത്തിലെ മനോഹരമായ ഒരു പെയിന്‍റിംഗിന്‍റെ പ്രത്യേകത വര്‍ണിച്ചുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ചലിക്കുന്നതായി തോന്നുന്ന തരത്തിലുള്ള മനോഹരമായ പെയിന്‍റിംഗുകളുടെ വീഡിയോ ആണ് ഇസ്കോണ്‍ ക്ഷേത്രത്തിലേത് എന്നവകാശപ്പെട്ട് പ്രചരിക്കുന്നത്. “ഇത് പ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിലെ ഒരു പ്രത്യേക തുണിയിൽ 3d – 4d പെയിൻ്റിംഗ് ആണ്. പാട്ടിനനുസരിച്ച് മാറുന്ന ഭാവം കാണുക. ഇത് ഇലക്ട്രോണിക്, ഡിജിറ്റൽ പ്രോഗ്രാമിംഗിലെ ഒരു വിസ്മയമാണ്…..അവിശ്വസനീയമാണ്.._ആൻഡ് അമേസിംഗ്”

FB postarchived link

എന്നാല്‍  എ‌ഐ സാങ്കേതികത ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്തിയ നിശ്ചല ചിത്രങ്ങളാണിത് എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രങ്ങളില്‍ ചിലതിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2009 മുതല്‍ ഈ ചിത്രങ്ങള്‍ പ്രചാരത്തിലുണ്ട് എന്ന് കാണാന്‍ കഴിഞ്ഞു. ISKON Desire Tree എന്ന പേരില്‍ ഇസ്കോണ്‍ വിശ്വാസികള്‍ക്കിടയില്‍ ഒരു സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുണ്ട്. അതിലാണ് വൈറല്‍ വീഡിയോയില്‍ കാണുന്ന ‘ചലിക്കുന്ന’ ദൃശ്യങ്ങളുടെ ‘നിശ്ചല ചിത്രങ്ങള്‍’ കൊടുത്തിരിക്കുന്നത്. 2009 മാര്‍ച്ച് 18 നാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. 

പിന്‍ററസ്റ്റ്  എന്ന സാമൂഹ്യ മാധ്യമത്തിലും ഇതേ ചിത്രങ്ങള്‍ നിരവധിപ്പേര്‍ പങ്കുവച്ചിട്ടുണ്ട്. 

എന്നാല്‍ പലരും ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ച് ഇസ്കോണ്‍ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചലിക്കുന്ന ചിത്രങ്ങള്‍ എന്ന പേരിലാണ്. 

കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തില്‍ എ‌ഐയുടെ സ്വാധീനം പരിശോധിക്കുന്ന ചില ടൂളുകള്‍ ഇപയോഗിച്ച്  ചിത്രം പരിശോധിച്ചു നോക്കി. എ‌ഐ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട് എന്ന ഫലങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. 

ഹഗിങ് ഫേസ് ഫലങ്ങള്‍ 55% എ‌ഐ നിര്‍മ്മിതമാണിതെന്ന് സൂചിപ്പിക്കുന്നു: 

ഈസ് ഇറ്റ് എ‌ഐ ഫലങ്ങള്‍ 81% എ‌ഐ നിര്‍മ്മിതമാണ് ചിത്രമെന്ന് കാണിക്കുന്നു: 

എ‌ഐ ഇമേജ് ഡിറ്റക്റ്റര്‍ ഫലങ്ങള്‍ 55% എ‌ഐ സാധ്യത ശരിവയ്കുന്നു: 

കൂടുതല്‍ അറിയാനായി ഞങ്ങള്‍ സംസ്ഥാന പോലീസ് വിഭാഗം  ഹൈടെക്ക് സെല്ലുമായി ബന്ധപ്പെട്ടു. നിശ്ചല ചിത്രങ്ങള്‍ ചലിപ്പിക്കുന്ന തരം സോഫ്റ്റ് വെയറുകളും മൊബൈല്‍ ആപ്പുകളും ഇപ്പോള്‍ ലഭ്യമാണ്. സാങ്കേതിക പരിഞ്ഞാണം ഇല്ലാത്തവര്‍ക്ക് പോലും ഇവയുടെ സഹായത്തോടെ നിശ്ചല ചിത്രങ്ങള്‍ കൊണ്ട് ചലിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ അനായാസം സൃഷ്ടിക്കാന്‍ സാധിക്കും എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.  

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളില്‍ കാണുന്ന ഇസ്കോണ്‍ ക്ഷേത്രത്തിലെ ഒരു പ്രത്യേക തുണിയിൽ ചെയ്ത 3d-4d പെയിന്‍റിംഗ് എന്ന തരത്തില്‍ കൊടുത്തിരിക്കുന്ന വീഡിയോ എ‌ഐ നിര്‍മ്മിതമാണ്, യഥാര്‍ത്ഥമല്ല.