ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ലോകത്തോട് വിടപറഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കരിന്‍റെ അവസാന വാക്കുകള്‍ എന്ന പേരില്‍ ഒരു ചിത്രവും കുറിപ്പും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ലതാ മങ്കേഷ്കര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരിക്കുമ്പോഴുള്ള ഒരു ചിത്രവും അവര്‍ ജീവിതത്തില്‍ നിന്നും മനസിലാക്കിയ ആത്മീയ ചിന്തകള്‍ എന്ന തരത്തിലുള്ള ഒരു കുറിപ്പുമാണ് പ്രചരിക്കുന്നത്.



FB പോസ്റ്റ് | Archived link

എന്നാല്‍ ഈ കുറിപ്പ് ലതാ മങ്കേഷ്കറുടെതല്ലെന്നും ചിത്രം അവരുടെ അവസാന നാളിലേതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഇതേ കുറിപ്പ് നാലു വര്‍ഷം മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അന്തരിച്ച പ്രശസ്ത അന്താരാഷ്‌ട്ര മോഡല്‍ കിർസൈദ റോഡ്രിഗ്‌സ് തന്‍റെ മരണത്തിനു തൊട്ടു മുമ്പ് പങ്കുവച്ച ആത്മീയ ചിന്തയാണിത്. അവരുടെ വാക്കുകള്‍ ഒന്നുകൂടി വിപുലീകരിച്ചാണ് കുറിപ്പായി പ്രചരിപ്പിച്ചത്.


അര്‍ബുദത്തോട് മല്ലടിച്ച് 2018 സെപ്റ്റംബറിലാണ് കിര്‍ദൈസ ലോകത്തുനിന്ന് വിടവാങ്ങിയത്. ഫാഷൻ ബ്ലോഗർ ആയിരുന്ന കിർസൈദ റോഡ്രിഗസ് ഡൊമിനിക്കൻ റിപ്പബ്ലിക്കിലാണ് ജനിച്ചത്. റോഡ്രിഗസ് ലാറ്റിന ബ്ലോഗിംഗ് കമ്മ്യൂണിറ്റിയിലെ ഫാഷന്റെ ഒരു മുൻ‌നിരക്കാരിയായിരുന്നു കിർസൈദ. 2017 നവംബറിലാണ് അവർക്ക് വയറ്റില്‍ കാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. രോഗം മറച്ചു വയ്ക്കാതെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഫേസ്‌ബുക്ക് പേജിലും അവർ രോഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ പങ്കുവച്ചു. മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ തന്‍റെ രോഗാവസ്ഥയിലുള്ള ചിത്രങ്ങളും മുടങ്ങാതെ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു.

ഏഴു പതിറ്റാണ്ട് ലോകം മുഴുവനുള്ള ആസ്വാദകര്‍ക്ക് സ്വരമാധുരി കൊണ്ട് ആനന്ദം നല്‍കിയ, ഭാരത് രത്ന നല്‍കി ഇന്ത്യ ആദരിച്ച, ലതാ മങ്കേഷ്കര്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തി 2022 ഫെബ്രുവരി ആറിനാണ് മരണത്തിന് കീഴടങ്ങിയത്. മരണ സമയത്ത് അവര്‍ എന്തെങ്കിലും തരത്തിലുള്ള ആത്മീയ ചിന്ത പങ്കുവെച്ചതായി ഒരിടത്തും റിപ്പോര്‍ട്ടുകളില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ലതാ മങ്കേഷ്ക്കറിന്‍റെ അവസാന വാക്കുകള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് 2018 ല്‍ അന്തരിച്ച അന്താരാഷ്ട്ര ഫാഷന്‍ ബ്ലോഗര്‍ കിർസൈദ റോഡ്രിഗസ് ലോകത്തോട് പങ്കുവച്ച അവസാന വാക്കുകളാണ്. ലതാ മങ്കേഷ്ക്കറുമായി ഈ കുറിപ്പിന് യാതൊരു ബന്ധവുമില്ല.