
വിവരണം
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച ബ്രഹത് പദ്ധതികളില്‍ ഒന്നായിരുന്നു ഗംഗാനദി ശുചീകരണം. പദ്ധതിയെ ഒരു ദേശീയ ദൗത്യമാക്കി പ്രഖ്യാപിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. 1000 കോടി വിനിയോഗിച്ചാണു പദ്ധതി പൂര്‍ത്തീകരണം ലക്ഷ്യമിട്ടത്. എന്നാല്‍ നിലവില്‍ ഗംഗാനദി ശുചീകരണ പദ്ധതി പൂര്‍ത്തീകരിച്ചോ ഇല്ലയോ എന്ന് തുടങ്ങിയ ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതെസമയം ഇപ്പോള്‍ വൈറലാകുന്നതു പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രീയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഗംഗാ യാത്ര ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ബാബു കെ.എന്‍.എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പ്രചരിച്ച ഒരു ചിത്രത്തിന്‍റെ ഉള്ളടക്കമാണ് ഇപ്പോള്‍ വൈറല്‍ ആയിട്ടുള്ളത്. 2009 സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലത്ത് യുപിഎ സര്‍ക്കാരിന്‍റെ ഭരണത്തിലെ ഗംഗാ നദിയുടെ അവസ്ഥയും നിലവില്‍ മോദി സര്‍ക്കാരിന്‍റെ കാലത്തെ ഗംഗയുടെ അവസ്ഥയും തമ്മിലുള്ള താരതമ്യമാണു പോസ്റ്റിന്‍റെ ഉള്ളടക്കം. ആദ്യ ചിത്രത്തില്‍ മാലിന്യം അടിഞ്ഞ് കൂടി പൂര്‍ണമായി മലിനമായ ഗംഗയും രണ്ടാമത്തെ ചിത്രത്തില്‍ മോദി സര്‍ക്കാര്‍ ശുചീകരണം നടത്തി എന്ന് അവകാശപ്പെടുന്ന ഗംഗയില്‍ നിന്നും പ്രിയങ്ക ഗാന്ധി കൈക്കുമ്പിളില്‍ വെള്ളം കോരി കുടിക്കുന്നതുമാണ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊഫൈലില്‍ പ്രചരിച്ച ചിത്രത്തിന് 14,000ല്‍ അധികം ഷെയറും 1,600ല്‍ അധികം ലൈക്കും ലഭിച്ചിട്ടുണ്ട്.
പോസ്റ്റിന്‍റെ തലക്കെട്ട് : “മോദി എന്തു ചെയ്തു എന്ന് ഈ ചിത്രം പറഞ്ഞുതരും !”
എന്നാല്‍ ആദ്യ ചിത്രം 2009ലെ ഗംഗാനദിയുടെ മലിനമായ അവസ്ഥയുടെ നേര്‍ക്കാഴ്ച്ച തന്നെയാണോ? രണ്ടാമത്തെ ചിത്രത്തിലുള്ളത് മോദി ഭരണത്തില്‍ ശുചീകരിച്ച ഗംഗാനദി തന്നെയാണോ? വസ്തുത എന്താണെന്നതു പരിശോധിക്കാം.
വസ്തുത വിശകലനം
എന്നാല്‍ മോദിയുടെ ഗംഗാ ശുചീകരണ പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച ഗംഗയുടെ ചിത്രമല്ല പോസ്റ്റില്‍ കാണിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രം 2012 മാര്‍ച്ച് 12ന് SURFAS-ing എന്ന വേബ്സൈറ്റില്‍ പ്രത്യക്ഷമായിട്ടുണ്ട്. മാത്രമല്ല ഈ ചിത്രം ഹരിദ്വാറില്‍ നിന്നുമുള്ളതാണ്. ഹരിദ്വാറിലെ പ്രശസ്തമായ ‘ഹർ കി പൗരി മന്ദിരം’ (Har Ki Pauri) ചിത്രത്തില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. അതായത് 2012ല്‍ യുപിഎ ഭരണകാലത്തുള്ള ഗംഗയുടെ ഹരിദ്വാർ തീരത്തെ ചിത്രമാണ് മോദി സര്‍ക്കാര്‍ ശുചീകരിച്ചെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
ആദ്യ ചിത്രം 2009 ല്‍ എഎഫ്‌പിക്ക് വേണ്ടി പ്രകാശ് സിംങ് എന്ന ഫോട്ടോഗ്രാഫര്‍ പകർത്തിയതാണ്. മാലിന്യം അടിഞ്ഞുകൂടിയ വാരണസീയിലെ ഗംഗാ തീരത്തിന്‍റെ വൃത്തിഹീനമായ ചിത്രമാണിത്. GettyImages എന്ന വെബ്‌സൈറ്റില്‍ ചിത്രം ലഭ്യമാണ്.

ചിത്രത്തില്‍ പ്രിയങ്കാ ഗാന്ധി വെള്ളം കൈക്കുമ്പിളില്‍ കുടിക്കുന്നത് യഥാര്‍ത്ഥ ചിത്രം തന്നെയാണ്. എന്നാല്‍ ഇത് ത്രിവേണി സംഗമ സ്ഥാനത്താണെന്ന് മാത്രം. ഈ ചിത്രം ക്രോപ്പ് ചെയ്താണ് ഫെയ്ബുക്ക് പ്രചരണങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്. News18 ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച (March 19, 2019) വാര്‍ത്തയില്‍ പ്രിയങ്കാഗാന്ധിയുടെ ഗംഗായാത്രയുടെ കുറെയധികം ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗംഗയിലെ പുണ്യജലം കുടിക്കുന്ന ആചാരം കാലങ്ങളായി നിലനിന്നുവരുന്നതാണ്. അത് മലിനമായ കാലത്തും ആളുകള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ശുചീകരിച്ച ഗംഗയില്‍ നിന്നും ഗംഗാജലം കുടിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് പേജില്‍ അപ്‍ലോഡ് ചെയ്തതെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല.
യഥാര്‍ത്ഥ ചിത്രം

നിഗമനം
പോസ്റ്റിലെ ചിത്രങ്ങള്‍ മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നുള്ളവയാണ്. ആദ്യ ചിത്രം 2009 ഏപ്രില്‍ 5 ന് വാരണസി, രണ്ടാമത് 2012 ല്‍ ഹരിദ്വാർ, പ്രീയങ്ക വെള്ളം കൈക്കുമ്പിളില്‍ കുടിക്കുന്ന ക്രോപ്പ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം 2019 മാർച്ച് മാസത്തിലെയും ആണ്. ഇവയെല്ലാം പല വെബ്‌സൈറ്റില്‍ പല ഡേറ്റുകളില്‍ ലഭ്യമായ തെളിവുകളാണ്. വസ്തുതകളുടെ യാത്ഥാർഥ്യം മനസിലാക്കുമ്പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണ്ണമായി വ്യാജമാണെന്ന് ഉറപ്പിക്കാം.

Title:മോദി സര്‍ക്കാര്‍ ശുചീകരിച്ച ഗംഗയുടെ വൃത്തി കണ്ടാണോ പ്രിയങ്ക ഗാന്ധി കൈക്കുമ്പിളില്‍ ഗംഗാജലം കോരി കുടിച്ചത്?
Fact Check By: Harishankar PrasadResult: False

Thanks for the clarification.