റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ കുഴഞ്ഞു വീണ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മരിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം   

Misleading Social

റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ ഗവർണ്ണറുടെ പ്രസംഗത്തിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കുഴഞ്ഞു വീണ്‌ മരിച്ചു എന്ന് അവകാശപ്പെട്ട് കേരള പോലീസിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.    

പ്രചരണം

InstagramArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയിൽ നമുക്ക് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേകറിൻ്റെ പ്രസംഗത്തിനിടെ വേദിയിൽ അദ്ദേഹത്തിൻ്റെ സമീപം നിൽക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീഴുന്നതായി കാണാം. ബോധം നഷ്ടപെട്ട ആ ഉദ്യോഗസ്ഥനെ പോലീസുകാർ അവിടെ നിന്ന് കൊണ്ട് പോകുന്നതും നമുക്ക് കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ [പറയുന്നത് ഇങ്ങനെയാണ്: “തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു മരിച്ചു”   

എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ  സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് മാതൃഭൂമി പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. 26 ജനുവരി 2025ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന റിപ്പബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് ആണ് കുഴഞ്ഞു വീണത് എന്ന് വാർത്തയിൽ നിന്ന് മനസിലാകുന്നു. പക്ഷെ ഈ സംഭവത്തിൽ അദ്ദേഹം മരിച്ചു എന്നത് തെറ്റാണ്. 

മാതൃഭൂമി വാർത്ത പ്രകാരം വെയിലേറ്റാണ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണത്. ഉദ്യോഗസ്ഥന് വേദിക്ക് സമീപമുള്ള ആംബുലൻസിൽ പ്രാഥമിക ശുശ്രൂഷ നല്‍കി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് അവരുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച വാർത്തയിലും ഈ കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വെയിലേറ്റ് കുഴഞ്ഞു വീണ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് ആംബുലൻസിൽ പ്രാഥമിക ശുശ്രൂഷ നേടി വേദിയിലേക്ക് തിരിച്ചെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സലാം ഹൈദ്രോസ് പറയുന്നു, “വേദിയ്ക്ക് അടത്തുള്ള ആംബുലൻസിൽ പ്രാഥമിക ചികിത്സ നേടി 5 മിനിറ്റ് റസ്റ്റ് എടുത്തതിന് ശേഷം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് തിരിച്ച് വേദിയിൽ എത്തി.” ആരോഗ്യത്തിന് പ്രശ്നമില്ല എന്ന് തോംസൺ ജോസ് റിപ്പോർട്ടർ ഹൈദ്രോസിനോട് പറഞ്ഞതായും വാർത്തയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിഗമനം

സമൂഹ മാധ്യമങ്ങളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ ഗവർണ്ണറിൻ്റെ പ്രസംഗത്തിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കുഴഞ്ഞു വീണ്‌ മരിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ കുഴഞ്ഞു വീണ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മരിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം

Written By: Mukundan K  

Result: Misleading