
വിവരണം
എ പി അബ്ദുള്ള കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത വാര്‍ത്ത ഇന്നലെ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. അതിനുശേഷം പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. അത് ഇങ്ങനെയാണ്. അബ്ദുള്ളക്കുട്ടിയുടെ യോഗ്യത ബിജെപി അധ്യക്ഷനേ അറിയൂ… ബിജെപിയിൽ പുകയുന്ന അമർഷം പരസ്യമാക്കി കുമ്മനം

റിപ്പോർട്ടർ ചാനൽ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് സത്യമല്ലെന്നും വ്യാജ പ്രചാരണം മാത്രമാണെന്നും മനസ്സിലായിട്ടുണ്ട്. വാർത്തയുടെ വിശദാംശങ്ങളും ഞങ്ങളുടെ അന്വേഷണത്തിന്റെ വിശദാംശങ്ങളും ഇവിടെ പരിശോധിക്കാം
വസ്തുതാ വിശകലനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: മുതിർന്ന നേതാക്കളെ തഴഞ്ഞുവെന്നും അതിലെ അസംതൃപ്തി കുമ്മനം പരസ്യമാക്കി എന്നുമാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ ഉള്ളടക്കം.
ഈ പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാനായി ഞങ്ങൾ കുമ്മനം രാജശേഖരന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും പേഴ്സണൽ സ്റ്റാഫ് അംഗം ആനന്ദ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് തെറ്റായ പ്രചാരണമാണ്. റിപ്പോർട്ടർ ചാനൽ മാത്രമാണ് ഈ രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ഇത്തരം വ്യാജ വാർത്തകളെ അവഗണിക്കാനാണ് തീരുമാനം. അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടില്ല. മറിച്ച് അബ്ദുള്ളക്കുട്ടി എന്തുകൊണ്ടും യോഗ്യനാണ് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. പറഞ്ഞതിന്റെ വീഡിയോ മാധ്യമങ്ങളില്‍ വന്നിരുന്നു. പൂർണ്ണമായും വ്യാജ പ്രചാരണമാണ് കുമ്മനം രാജശേഖരന്റെ പേരിൽ നടത്തുന്നത്.”
മനോരമ ചാനൽ പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ നൽകുന്നു.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന് വ്യക്തമായിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തെരെഞ്ഞെടുത്തിൽ അസംതൃപ്തനാണ് എന്ന മട്ടിൽ കുമ്മനം രാജശേഖരൻ ഒരിടത്തും പ്രസ്താവന നടത്തിയിട്ടില്ല. കുമ്മനം രാജശേഖരന് ഇതേപ്പറ്റി നടത്തിയ പ്രസ്താവനയുടെ വീഡിയോ ലഭ്യമാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. എ പി അബ്ദുള്ളക്കുട്ടിയുടെ യോഗ്യത ദേശീയ അധ്യക്ഷന്‍ മാത്രമേ അറിയൂ എന്നും ഭാരവാഹിത്വ പുനഃസംഘടനയിൽ അസംതൃപ്തനാണെന്നും കുമ്മനം രാജശേഖരൻ പ്രസ്താവന നടത്തിയിട്ടില്ല.

Title:അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷൻ ആക്കിയതിൽ കുമ്മനം അതൃപ്തി പ്രകടിപ്പിച്ചു എന്ന പ്രചാരണം തെറ്റാണ്…
Fact Check By: Vasuki SResult: False
