മണ്ഡലക്കാലമായതോടെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് ശബരിമല പുല്ലുമേടില്‍ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പന്‍മാര്‍ മരിക്കാനിടയായ ദുരന്തം നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലാത്തായിരുന്നു എന്നാരോപിച്ച് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

പ്രചരണം

വിവരണത്തിനൊപ്പം 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ് എന്ന 24 ന്യൂസ് കൊടുത്ത വാർത്തയുടെ സ്ക്രീൻഷോട്ട് നല്കിയിട്ടുണ്ട്. മകരജ്യോതി ദര്‍ശിച്ച് രാത്രി 8 മണിയോടെ മലയിറങ്ങിയ തീര്‍ത്ഥാടകര്‍ തിക്കിലും തിരക്കിലും പെട്ട് മരിക്കാനിടയായ സംഭവം 2011 ലായിരുന്നു നടന്നത്. 102 അയ്യപ്പന്‍മാര്‍ അന്ന് മരിച്ചുവെന്നാണ് കണക്കുകള്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് ദുരന്തം എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉമ്മൻ ചാണ്ടി ഭരണകാലത്ത് തിക്കിലും തിരക്കിലും പെട്ട് ഒന്നും രണ്ടു മല്ല 102 ശബരിമല തീർത്ഥാടകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്...!!!

അന്നു പോലും ഇടത് പക്ഷത്ത് നിന്ന് വർഗീയ മുതലെടുപ്പിന് ആരും ശ്രമിച്ചില്ല...!!!

ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് അഭൂതപൂർവ്വമായ തിരക്കാണ്. ഭൂപ്രകൃതി ദുഷ്കരമാണ്. വളരെ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു എന്നത് തീർത്ഥാടകരെ സംബന്ധിച്ചു വിഷമകരമാണ്. പക്ഷെ അതാരുടെയും കുറ്റമല്ലല്ലോ...!!!!

ചരിത്രത്തിലെ ഏറ്റവും മോശമായ മുന്നൊരുക്കം എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങളും കോൺഗ്രസ് - സംഘി സഖ്യവും കുത്തിത്തിരിക്കുമ്പോൾ ചാണ്ടി സാർ കാലത്തെ കൂട്ടമരണങ്ങളിൽ പോലും മുതലെടുപ്പ് നടത്താൻ നോക്കാത്തവരാണ് ഇടത്പക്ഷം എന്നത് ചരിത്രമാണ്...!!!”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും പുല്ലുമേട് ദുരന്തം നടന്ന സമയത്ത് മുഖ്യമന്ത്രി ആയിരുന്നത് ഉമ്മന്‍ ചാണ്ടി ആയിരുന്നില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

പുല്ലുമേട് ദുരന്തത്തെ കുറിച്ച് മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ ദുരന്തം നടന്ന വര്‍ഷം 2011 ആണ് എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. 2011 ജാനുവരി 15 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ: "മകരജ്യോതിദര്‍ശനംകഴിഞ്ഞ് പുല്ലുമേട്-വള്ളക്കടവ് കാനനപാതയിലൂടെ ശബരിമലത്തീര്‍ഥാടകര്‍ മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 102 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 44 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്നു. പാലക്കാട് സ്വദേശി പത്മനാഭന്‍, കുന്ദംകുളം ബാലന്‍ മകന്‍ സതീശന്‍, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കൃഷ്ണപ്രശാന്തന്‍, മലപ്പുറം വേങ്ങര സ്വദേശി പട്ടേല്‍ കോരുക്കുട്ടി (60), എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഇവര്‍.

മരിച്ചവരില്‍ 90 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 27 തമിഴ്‌നാട് സ്വദേശികളും 25 കര്‍ണാടക സ്വദേശികളും 16 ആന്ധ്രാ സ്വദേശികളും ഉള്‍പ്പെടുന്നു. 12 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. മരിച്ചവരിലേറെയും തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സ്വദേശികളാണ്. ശ്രീലങ്കയില്‍ നിന്നുള്ള ഒരാള്‍ മരിച്ചവരിലുണ്ട്."

ദുരന്ത സമയത്ത് മുഖ്യമന്ത്രിയായിരുന്നത് വി‌എസ് അച്ചുതാനന്ദന്‍ ആയിരുന്നു. മുഖ്യമന്ത്രി വി‌എസ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചതായി വാര്‍ത്തകളുണ്ട്.

കേരള നിയമ സഭയുടെയും പൊതു ഭരണ വകുപ്പിന്‍റെയും ഡാറ്റ പ്രകാരം 2006 മേയ് 18 മുതൽ 2011 മേയ് 14 വരെ സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ ആയിരുന്നു മുഖ്യമന്ത്രി. അതായത് പുല്ലുമേട് ദുരന്ത സമയത്ത് ഉമ്മന്‍ ചാണ്ടി ആയിരുന്നില്ല മുഖ്യമന്ത്രി എന്നര്‍ത്ഥം.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശബരിമല പുല്ലുമേട് കാനനപാതയില്‍ 2011 ല്‍ 102 തീര്‍ത്ഥാടകര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച ദുരന്ത സമയത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്നത് വി‌എസ് അച്ചുതാനന്ദന്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടി ആയിരുന്നു അക്കാലത്തെ മുഖ്യമന്ത്രി എന്ന പ്രചരണം തെറ്റാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ശബരിമല പുല്ലുമേട് ദുരന്തമുണ്ടായ സമയത്ത് ഉമ്മന്‍ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി എന്ന പ്രചരണം തെറ്റാണ്...

Written By: Vasuki S

Result: MISLEADING