
കേരളത്തില്‍ 72.07% വോട്ടിംഗ് നടന്നുവെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. വോട്ടിംഗിനിടെ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി വാര്‍ത്തകളുണ്ട്. ഈ പശ്ചാത്തലത്തില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ ധരിച്ച ഒരു വ്യക്തിയെ ചിത്രത്തില്‍ കാണാം. ചിത്രത്തിനൊപ്പമുള്ള വിവരണം ഇങ്ങനെ: “പർദ്ദ ധരിച്ചെത്തി മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട് കൊടുവള്ളി ബൂത്തിൽ വെച്ചാണ് പിടിയിലായത്. അസ്മ മൻസിൽ റഫീഖാണ് പിടിയിലായത്. യൂത്ത് ലീഗിൻറ്റെ സജീവ പ്രവർത്തകനാണ് റഫീഖ്.”

എന്നാല്‍ യാതൊരു ബന്ധവുമില്ലാത്ത പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ഉള്‍പ്പെടുത്തി ന്യൂസ് മിനിറ്റ് എന്ന മാധ്യമം 2023 ഓഗസ്റ്റ് 17 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു.

കൊച്ചി ലുലുമാളില്‍ ശുചിമുറിയില്‍ ഒളിക്യാമറ വെച്ചുവെന്ന കേസില്‍ പിടിയിലായ 23 വയസ്സുള്ള യുവാവാണ് ചിത്രത്തില്‍ കാണുന്ന വ്യക്തി. “കൊച്ചിയിലെ മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ സ്ത്രീ വേഷം കെട്ടി രഹസ്യമായി ക്യാമറ ഘടിപ്പിച്ച 23 കാരനെ കളമശ്ശേരി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. കൊച്ചി ഇൻഫോപാർക്കിൽ ടെക്കിയായി ജോലി നോക്കുന്ന കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ അഭിമന്യുവാണ് കുളിമുറിക്ക് സമീപം സെക്യൂരിറ്റിയുടെ പിടിയിലായത്.
ചൊവ്വാഴ്ച കൊച്ചിയിലെ ലുലു മാളിൽ കയറിയ അഭിമന്യു പിന്നീട് മാളിൽ കയറിയ ശേഷം ബുർഖ ധരിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന്, സ്ത്രീകളുടെ ശുചിമുറിയിൽ കടന്ന ഇയാൾ ക്യാമറ ഘടിപ്പിച്ച മൊബൈൽ ഫോൺ ശുചിമുറിക്കുള്ളിൽ വെച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്.” എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം.
സംഭവത്തെ കുറിച്ചുള്ള വീഡിയോ റിപ്പോര്‍ട്ടുകളും ലഭ്യമാണ്.
കൊച്ചി സിറ്റി പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ വോട്ടറെ പിടികൂടി എന്ന വാര്‍ത്ത വീശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രത്തില്‍ പര്‍ദ്ദ ധരിച്ച വ്യക്തിയെ കൊച്ചി ലുലുമാളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ചതിന് 2023 ഓഗസ്റ്റ് 17 ന് പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയുടെ ചിത്രമാണിത്. മരിച്ചയാളുടെ പേരില്‍ കള്ള വോട്ട് ചെയ്യാനായി പര്‍ദ്ദ ധരിച്ചെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍റെ ചിത്രമാണിത് എന്നത് തെറ്റായ പ്രചരണമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മരിച്ച സ്ത്രീയുടെ പേരില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…
Fact Check By: Vasuki SResult: False
