
ഇസ്രയേലിനെതിരെ പ്രതിഷേധിക്കാന്‍ പലസ്തീന്‍ മുസ്ലിങ്ങള്‍ ഒരു കഴുതയെ ഇസ്രയേലിന്‍റെ ദേശിയ പതാക ഉടുപ്പിച്ച് പിന്നിട് തീകൊളുത്തി എന്ന തരത്തില്‍ രണ്ട് ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യ ചിത്രത്തില്‍ ഒരു കഴുതയെ ഇസ്രയേലിന്‍റെ ദേശിയ പതാക ഉടുപ്പിച്ച് കൊണ്ട് പോകുന്ന കാഴ്ച നമുക്ക് കാണാം. അടുത്ത ചിത്രത്തില്‍ ഒരു കഴുതയുടെ മൃതദേഹം കത്തുന്നത് നമുക്ക് കാണാം. ചിത്രങ്ങളെ കുറിച്ച് വാചകത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “പലസ്തീനിലെ മുസ്ലിങ്ങള്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കാന്‍ ഒരു കഴുതയെ ഇസ്രയേലിന്‍റെ ദേശിയ പതാക ഉടുപ്പിച്ച് തീ കൊളുത്തി കൊന്നു.”
എന്നാല്‍ സത്യത്തില്‍ പലസ്തീനികള്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കാന്‍ ഒരു നിരപരാധിയായ മൃഗത്തെ ഇപ്രകാരം കൊടും ക്രൂരതയോടെ കൊന്നുവോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ രണ്ട് ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ആദ്യ ചിത്രം ഞങ്ങള്‍ക്ക് ഇസ്രയേലിലെ ഒരു വെബ്സൈറ്റ് Ynetnews.comല്‍ ലഭിച്ചു. ഈ ചിത്രം ഇസ്രയേലിനെതിരെ പലസ്തീനികളുടെ പ്രതിഷേധം എന്ന തരത്തിലാണ് 2018ല്‍ പ്രസിദ്ധികരിച്ചത്. ഈ വാര്‍ത്തയില്‍ ഈ കഴുതയെ തീകൊളുത്തി പ്രതിഷേധകര്‍ കൊന്നു എന്ന തരത്തില്‍ യാതൊരു വിവരവും നല്‍കിയിട്ടില്ല.

വാര്‍ത്ത വായിക്കാന്‍ – Ytnews | Archived Link
ഈ പ്രതിഷേധത്തിന്‍റെ വീഡിയോയും ലഭ്യമാണ്. രാഫ് സാഞ്ചെസ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരുന്നു.
രണ്ടാമത്തെ ചിത്രവും പലസ്തീനിലെ തന്നെയാണ് പക്ഷെ ഈ ചിത്രം ആദ്യത്തെ ചിത്രത്തെക്കാളും പഴയതാണ്. ചിത്രത്തില്‍ കാണുന്ന കഴുത 2014ല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വിമാനാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഈ കഴുതയെ പിന്നിട് പലസ്തീനികള്‍ തീ വെച്ചു. അലാമി എന്ന സ്റ്റോക്ക് വെബ്സൈറ്റില്‍ ചിത്രം 2014 മുതല്‍ ലഭ്യമാണ്.

View Photo Here – Alamy | Archived Link
ഈ ചിത്രങ്ങളെ കുറിച്ച് 2018ല്‍ തുര്‍ക്കിയിലെ ടെയിട്ട് എന്ന പ്രസ്ഥാനം ഫാക്റ്റ് ചെക്ക് നടത്തി ഈ പ്രചരണം തെറ്റാണെന്ന് സ്ഥാപിച്ചിരുന്നു.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. രണ്ട് ഫോട്ടോകളില്‍ കാണുന്ന സംഭവങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ആദ്യ ഫോട്ടോ 2018ല്‍ ഗാസയില്‍ നടന്ന ഒരു പ്രതിഷേധത്തിന്‍റെതാണ് അടുത്ത ചിത്രം 2014 വ്യോമാക്രമണത്തില്‍ മരിച്ച ഒരു കഴുതയുടെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇസ്രയേലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കഴുതയെ തീകൊളുത്തി കൊന്നുവെന്ന് വ്യാജപ്രചരണം…
Fact Check By: K. MukundanResult: Misleading
