
വിവരണം
കര്‍ഷക സമരം മുന്നോട്ടു നീങ്ങുന്നതിനോടൊപ്പം സമര മുഖത്ത് നിന്നുള്ള നിരവധി വാര്‍ത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ സമരവുമായി ബന്ധപ്പെട്ടത് എന്ന നിലയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ നിങ്ങള്‍ക്കെല്ലാം വാട്ട്സ് അപ്പിലൂടെയോ ഫെസ്ബുക്കിലൂടെയോ ലഭിച്ചിട്ടുണ്ടാകാം.
ടാങ്കര്‍ ഘടിപ്പിച്ച ഒരു ട്രാക്റ്റര്‍ രണ്ടു സ്ത്രീകളുടെ മേല്‍ പാഞ്ഞു കയറുന്നതും ആള്‍ക്കൂട്ടം ഓടിയടുക്കുന്നതും പരിക്കേറ്റ സ്ത്രീകളെ ശുശ്രൂഷിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍. ട്രാക്റ്ററിന്‍റെ ഡ്രൈവര്‍ അത് പാര്‍ക്ക് ചെയ്ത ശേഷം ഓടിയടുക്കുന്ന ദൃശ്യങ്ങളും കാണാം.
വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:
സുക്കർ എന്റെ എക്കൗണ്ട് ബാൻ ചെയ്താൽ എനിക്ക്
തൈര് ആണ്.😡
ഭോഗിയുടെ യുപിയിൽ കർഷക സ്ത്രീകൾക്ക് മുകളിലൂടെ ട്രാക്ടർ കയറ്റുന്ന ക്രൂരമായ കാഴ്ച്ച😢
സഹോദരങ്ങളേ നിങ്ങൾ എനിക്ക് ലൈക്ക് തന്നില്ലെങ്കിലും വേണ്ടില്ല ..നമുക്ക് വേണ്ടി പൊരുതുന്ന കർഷകർക്ക് വേണ്ടിയെങ്കിലും ഇതൊന്ന് ഷെയർ ചെയ്യാമോ 🙏
കാണട്ടെ ലോകം ..
സംഘി നരഭോജികളുടെ ഈ ഭരണ കൂട ഭീകരത 😡
എന്നാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് വിശദമായി അന്വേഷിച്ചു. ഇത് മറ്റൊരു സന്ദര്‍ത്തിലെതാണെന്നും വ്യക്തമായി. വിശദാംശങ്ങള്‍ ഇങ്ങനെ:
വസ്തുതാ വിശകലനം
ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ നിരവധിപ്പേര്‍ വീഡിയോ യു പിയില്‍ നിന്നുമുള്ളതാണ് എന്ന വിവരണത്തോടെ നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നതായി കണ്ടു.
ഞങ്ങള്‍ സംഭവത്തിന്റെ വിവിധ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ പ്രമുഖ മാധ്യമമായ എ.എന്‍.ഐ. ന്യുസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു.
വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ: ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലാണ് സംഭവം നടന്നത്. പഞ്ചാബിലെ അമൃത്സറില്‍ വല്ല എന്ന് സ്ഥലത്ത് വെള്ള ടാങ്കര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറി രണ്ടു സ്ത്രീകള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകള്‍ കാര്‍ഷിക സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ആയിരുന്നുവെന്ന് വല്ല പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ സഞ്ജീവ് കുമാര്‍ അറിയിച്ചു. ഡ്രൈവറെ നാട്ടുകാര്‍ പിടികൂടുകയും പോലീസ് അയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഗുരുദ്വാരയില്‍ സംഘടിച്ചിട്ടുള്ള സമര വേദിയിലേയ്ക്ക് പോവുകയായിരുന്നു സ്ത്രീകളുടെ കൂട്ടം.
ഒരു ദൃക്സാക്ഷിയുടെ വാക്കുകള്‍ പ്രകാരം സ്ത്രീകളുടെ സംഘത്തില്‍ 50-60 പേരുണ്ടായിരുന്നു. കര്‍ഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് സമരമുഖത്തെയ്ക്ക് പോവുകയായിരുന്നു അവര്‍. ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവറെ തടഞ്ഞു വയ്ക്കുകയും പോലീസിനെ വിളിച്ചു വരുത്തുകയുമാണുണ്ടായത്.” പരിക്കേറ്റവരെ ഗുരു രാംദാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റു മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
പഞ്ചാബ് അമൃത്സറിലെ വല്ല എന്ന സ്ഥലത്ത് നിന്നും ഗുരുദ്വാരയിലെയ്ക്ക് കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ച ഒരു സംഘം സ്ത്രീകളുടെ ഇടയിലേയ്ക്ക് വാട്ടര്‍ ടാങ്കര്‍ പാഞ്ഞു കയറിയതിന്‍റെ വീഡിയോയാണ് യുപിയില്‍ നിന്നുള്ളതാണ് എന്ന വിവരണത്തോടെ പ്രചരിക്കുന്നത്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പഞ്ചാബ് അമൃതസറിലെ വല്ലയില്‍ നിന്നും കര്‍ഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പുറപ്പെട്ട ഒരു സംഘം സ്ത്രീകള്‍ക്കിടയിലേയ്ക്ക് വാട്ടര്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ടു സ്ത്രീകള്‍ മരിക്കുകയും ഒന്നു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവം തെറ്റായ വിവരണത്തോടെ പ്രചരിക്കുകയാണുണ്ടായത്.

Title:യുപിയിൽ കർഷക സ്ത്രീകൾക്ക് മുകളിലൂടെ ട്രാക്ടർ കയറ്റുന്ന ക്രൂരമായ കാഴ്ച്ച’ എന്ന തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയുടെ സത്യമറിയൂ…
Fact Check By: Vasuki SResult: False
