പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ മണിപ്പൂരില്‍ ജനങ്ങള്‍ ആട്ടി ഓടിച്ചു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മണിപ്പൂരിലെതല്ല എന്ന് കണ്ടെത്തി. എന്താണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു കൂട്ടം ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നതായി നമുക്ക് കേള്‍ക്കാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മണിപ്പൂരിൽ കുത്തിതിരിപ്പിനായെത്തിയ രാഹുൽ ഗാന്ധിയെ ആട്ടി വിടുന്ന മണിപ്പൂരുകാർ !

രാഹുലിന്‍റെ പ്രകോപനപരമായ കുത്തിത്തിരുപ്പ് പ്രസംഗങ്ങൾ പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ മണിപ്പൂരിൽ നിന്ന് മടങ്ങിപ്പോകാൻ പ്രദേശവാസികൾ ആവശ്യപ്പെടുകയായിരുന്നു

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ANI പ്രസിദ്ധികരിച്ച ഔദ്യോഗിക ട്വീറ്റ് ലഭിച്ചു. ANI ഈ വീഡിയോ ട്വീറ്റ് ചെയ്തത് ജനുവരി 21നാണ്.

Embed Tweet

Archived Link

ANIയുടെ ട്വീറ്റ് പ്രകാരം ജനുവരിയില്‍ അസമിലെ നയ്ഗാവില്‍ ഭാരത്‌ ജോഡോ ന്യായ് യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി വന്നിരുന്നു. ഈ സമയത്ത് ഒരു കൂട്ടം ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം നടത്തി. ‘രാഹുല്‍ ഗാന്ധി ഗോ ബാക്ക്’, ‘അനീതി യാത്ര’ എന്നി പോസ്റ്ററുകള്‍ പ്രതിഷേധകര്‍ കാണിച്ചു എന്നും വാര്‍ത്ത‍യില്‍ പറയുന്നു.

NDTVയുടെ വാര്‍ത്ത‍ പ്രകാരം ജനുവരി 21ന് രാഹുല്‍ ഗാന്ധി അസമിലെ അംബാഗണിന്‍റെ അടുത്ത് രുപോഹി എന്ന സ്ഥലത്ത് ഒരു ഹോട്ടലിന്‍റെ അടുത്ത് നിന്ന്. ഈ സമയത്താണ് ചിലര്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്‌ എം.എല്‍.എ. രാകിബുല്‍ ഹസ്സനുമെതിരെ മുദ്രാവാക്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. ഇതിനു ശേഷം രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ നിന്ന് പുറത്ത് കൊണ്ട് പോയി.

ഞങ്ങള്‍ വീഡിയോ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോയില്‍ ഒരു കട ശ്രദ്ധയില്‍പ്പെട്ടു. പൂജ ഗിഫ്റ്റ് ഷോപ്പ് എന്ന ഈ കട ഞങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ അന്വേഷിച്ചു. അംബഗന്‍, അസമില്‍ ഞങ്ങള്‍ക്ക് ഈ പേരുള്ള കട ഗൂഗിള്‍ മാപ്പില്‍ കണ്ടെത്തി. ഈ കടയുടെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.

ഈ കടയെ വീഡിയോയില്‍ കാണുന്ന കടയുമായി താരതമ്യം നടത്തിയാല്‍ നമുക്ക് ഈ രണ്ട് കടകളും ഒന്നുതന്നെയാണ് എന്ന് വ്യക്തമാകുന്നു. പൂജ ഗിഫ്റ്റ് സ്റ്റോര്‍ എന്ന കട, അതിന്‍റെ സമീപം ഗുരുകുല്‍ ഗ്ലോബല്‍ അകാദമിയുടെ ബോര്‍ഡ്‌ അതെ പോലെയുണ്ട്. അങ്ങനെ ഈ സംഭവം നടന്ന സ്ഥലം അസമില്‍ തന്നെയാണ് എന്ന് വ്യക്തമാകുന്നു.

നിഗമനം

മണിപ്പൂരില്‍ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ ആട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ജനുവരിയില്‍ അസമില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അസമിലെ വീഡിയോ പ്രചരിപ്പിച്ച് മണിപ്പൂര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ ഓടിപ്പിച്ചു എന്ന വ്യാജപ്രചാരണം...

Written By: Mukundan K

Result: False