ലഡാക്കില്‍ ജെന്‍ സീ പ്രക്ഷോഭ സൂത്രധാരനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…

False വര്‍ഗീയം സാമൂഹികം

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെടുകയുണ്ടായി. സംഘർഷത്തിൽ 22 പോലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ അക്രമങ്ങളില്‍ ലഡാക്കിൽ കെട്ടിടങ്ങളും വാഹനങ്ങളും കത്തിക്കുകയും തെരുവു സംഘര്‍ഷങ്ങളുമുണ്ടാവുകയും ചെയ്തു. 

സെപ്റ്റംബര്‍ 24ന് LAB ആഹ്വാനം ചെയ്ത ബന്ദാണ് ആക്രമാസക്തമായത്. അതിനിടെ ലഡാക്ക് സംഘര്‍ഷത്തിലെ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യമാണെന്ന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് സമരത്തിന്‍റെ സൂത്രധാരനെയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ വീഡിയോ ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കാശിപൂരില്‍ നിന്നുള്ള പഴയ വീഡിയോ ആണിത്. 

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങളുടെ  ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലഭ്യമായി. ഉത്തരാഖണ്ഡിലെ കാശിപൂരില്‍ നിന്നുള്ള വീഡിയോയാണിതെന്ന് പോസ്റ്റുകളില്‍ പറയുന്നു. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഹിന്ദി മാധ്യമമായ ദൈനിക് ഡയറിയുടെ ഫേസ്ബുക്ക് പേജില്‍ 2025 സെപ്റ്റംബര്‍ 23ന് ഇതേ വീഡിയോ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് കണ്ടു. കാശിപൂരില്‍ നടന്ന ‘ ഐ ലവ് മുഹമ്മദ്’ എന്ന റാലിക്കിടെ പൊലീസിനെ മര്‍ദ്ദിച്ച നദീം അഖ്തര്‍ എന്നയാളെ അറസ്റ്റ് ചെയ്യുന്നതായാണ് വീഡിയോയിലെ വിവരണം. മറ്റ് ഏഴ് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ടോപ് ഖബര്‍.കോംകസ്തൂരി ന്യൂസ് തുടങ്ങിയ ഹിന്ദി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറല്‍ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തി റിപ്പോര്‍ട്ടുകളുണ്ട്.  അനുമതിയില്ലാതെ ‘ഐ ലവ് മുഹമ്മദ്’ എന്ന റാലി സംഘടിപ്പിച്ച് കലാപം സൃഷ്ടിച്ചതിന് ഭരണകൂടം കര്‍ശന നടപടി എടുത്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സെപ്റ്റംബര്‍ 21ന് രാത്രിയില്‍ മൊഹല്ല അലിഖാനിലാണ് അനധികൃതമായി റാലി നടത്തിയത്. റാലി തടയാനെത്തിയ പൊലീസിനു നേരെ കൈയ്യേറ്റമുണ്ടായി. ഇതേ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം, പൊലീസ് എന്നിവര്‍ ഇടപെട്ട് നടപടി എടുത്തത്. 500ലേറെ പേര്‍ക്കെതിരെ കേസെടുത്തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. 

ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വീഡിയോയുടെ അവസാന ഭാഗത്ത് അറസ്റ്റിലായ ആളെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുവരുന്നതിന് പിന്നില്‍ കാണുന്ന കെട്ടിടത്തില്‍ ‘കാശിപൂര്‍’ എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ സ്ഥലമാണ് കാശിപൂര്‍. 

ഉത്തരാഖണ്ഡില്‍ നടന്ന ‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധങ്ങളെ കുറിച്ച്  കുടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. 

സെപ്റ്റംബര്‍ 4 ന് കാണ്‍പൂരിലെ റാവത്പൂരില്‍ നടന്ന നബിദിന (ബറാവാഫത്ത്) റാലിക്കിടെയാണ് വിവാദം ആരംഭിച്ചത്. റാലി കടന്നുപോകുന്ന വഴിയില്‍ ഒരു സംഘം ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനര്‍ സ്ഥാപിച്ചു. നബിദിനത്തിന്‍റെ പേരില്‍ ‘പുതിയ പാരമ്പര്യം’ അവതരിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രാദേശിക ഹിന്ദു ഗ്രൂപ്പുകള്‍ നിന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നീടാണ് ‘ഐ ലവ് മുഹമ്മദ്’ വിഷയം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചത്. പലയിടത്തും ഇത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. 

നിഗമനം 

ലഡാക്കില്‍ നടക്കുന്ന ജെന്‍ സീ പ്രക്ഷോഭത്തിന്‍റെ സൂത്രധാരനെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉത്തരാഖണ്ഡില്‍ നടന്ന ‘ഐ ലവ് മുഹമ്മദ്’ റാലിയില്‍ പൊലീസിനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തപ്പോഴുള്ള ദൃശ്യങ്ങളാണ്. ലഡാക്കുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലഡാക്കില്‍ ജെന്‍ സീ പ്രക്ഷോഭ സൂത്രധാരനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…

Fact Check By: Vasuki S 

Result: False

Leave a Reply