
വിവരണം
സിവില്‍ സര്‍വീസസ് പരീക്ഷ 2012 ല്‍ 65 മത്തെ റാങ്ക് നേടി പാസായി കളക്റ്ററായി ജോലി നോക്കുന്ന ആനീസ് കണ്‍മണി വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിച്ചത് ഈയടുത്ത കാലത്താണ്. കര്‍ണ്ണാടകത്തിലെ കുടക് ജില്ലയില്‍ നടത്തിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു അത്. നിലവില്‍ കുടക് ജില്ലയുടെ ഡപ്യുട്ടി കമ്മീഷണറാണ് ആനീസ് കണ്‍മണി.
ഇപ്പോള്‍ ആനീസ് കണ്‍മണിയുടെ പേരില്‍ ഒരു വീഡിയോ വൈറലായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം നിങ്ങളും കണ്ടിരിക്കാം. “തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സ് ആയിരുന്ന ആനീസ് ജോയി എന്ന ഈ മലയാളി പെൺകുട്ടി , പിന്നീട് സിവിൽ സർവീസിൽ പ്രവേശിച്ചു , കർണ്ണാടകയിലെ കുടക് ജില്ലയിൽ കലക്ടറുടെ ചുമതല ഏറ്റെടുത്തു , ആരോഗ്യ രംഗത്തെ തൻ്റെ പരിചയം മുതലാക്കി കുടക് ജില്ലയെ കോവിഡ് മുക്തമാക്കി..
ഈ സഹോദരിക്ക് എല്ലാവിധ ആശംസകളും..🥰🥰” എന്ന വിവരണത്തോടൊപ്പം ഒരു വീഡിയോയുമുണ്ട്. കോട്ട് ധരിച്ച പുരുഷന്മാരും സ്ത്രീകളും കാല്‍ തൊട്ടു വണങ്ങിയും കുറേയേറെ സ്ത്രീകൾ റോസാപൂക്കള്‍ നല്‍കിയും പൂക്കള്‍ വിതറിയും ഒരു യുവതിയെ സ്വീകരിക്കുന്ന രംഗമാണ് വീഡിയോയില്‍ കാണുന്നത്.
എന്നാല്‍ ഇതൊരു തെറ്റായ പ്രചരണമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ പ്രചാരണത്തിന്റെ വസ്തുത അറിയാനായി വീഡിയോ വിവിധ കീ ഫ്രെയിമുകളാക്കിയ ശേഷം അതില്‍ ഒരെണ്ണം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ഈ വീഡിയോ എട്ടു മാസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരിയില്‍ യുട്യൂബില്‍ ഇതേ വീഡിയോ MD ADIL FAYAZ എന്ന ചാനലില്‍ നിന്നും അപ്ലോഡ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി. MD ADIL FAYAZ MBNR GO DIAMOND ROYAL TIGER TEAM MAHABUBNAGAR എന്ന് മാത്രമാണ് വീഡിയോയില്‍ വിവരണം നല്‍കിയിട്ടുള്ളത്. ഇതേ ചാനലില്‍ ഈ യുവതിയുടെ മറ്റു രണ്ടു വീഡിയോകള്‍ കൂടി നല്‍കിയിട്ടുണ്ട്. അതില്‍ നാസിയ എന്നാണ് യുവതിയുടെ പേര് എന്ന് പറയുന്നത്. ഇതിലെ വിവരങ്ങള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോള്‍ സേഫ് ഷോപ്പ് എന്ന ഡയറക്റ്റ് മാര്‍ക്കറ്റിംഗ് നെറ്റ് വര്‍ക്കിന്റെതാണ് എന്ന് വ്യക്തമായി. തുടര്‍ന്ന് ഞങ്ങള്‍ കമ്പനിയുടെ ഡല്‍ഹി ഓഫീസിലെ ഒരു ജീവനക്കാരനോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. ഈ യുവതി കമ്പനിയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുവെന്നും അതിനായി സംഘടിപ്പിച്ച അനുമോദന യോഗത്തിന്‍റെ ഭാഗമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി ആനീസ് കണ്‍മണിയുടെ കരിയര്‍ പ്രൊഫൈല്‍ ശ്രദ്ധിച്ചാല്‍ അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെ നഴ്സിംഗ് ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് എന്ന് നല്‍കിയിട്ടുണ്ട്. നാല് വര്‍ഷത്തെ നേഴ്സിംഗ് പഠനത്തിന് ശേഷം ഒരു വര്‍ഷം ഇന്റേൺഷിപ്പ് ചെയ്തു. അക്കാലയളവില്‍ സിവില്‍ സര്‍വീസസിനെ പറ്റി ചിന്തിക്കുകയും അതിനായി പഠനം ആരംഭിക്കുകയും ചെയ്തുവെന്ന് വിക്ടേഴ്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആനീസ് കണ്‍മണി പറയുന്നുണ്ട്.
ആനീസ് കണ്‍മണിയുടെ ചിത്രം ഇതാണ്:

പോസ്റ്റിലെ വീഡിയോയില്‍ നല്‍കിയ യുവതിയുടെ ചിത്രം ശ്രദ്ധിക്കുക:

ഇരുവര്‍ക്കും സമാനതകള്‍ ഒന്നും തന്നെയില്ല. ആനീസ് കണ്‍മണിയുടെതാണ് എന്ന പേരില്‍ വെറുതേ ഈ വീഡിയോ പ്രചരിപ്പിക്കുകയാണ്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോയിലുള്ള യുവതി ആനീസ് കണ്‍മണിയല്ല. ഓണ്‍ലൈന്‍ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ തൊഴില്‍ നേട്ടത്തില്‍ അഭിനന്ദിക്കുന്ന മറ്റ് ജീവനക്കാര്‍ വീഡിയോ ആണിത്.

Title:വൈറല്‍ വീഡിയോ ദൃശ്യങ്ങളിലുള്ളത് ആനീസ് കണ്‍മണി ജോയ് IAS അല്ല, മറ്റൊരു യുവതിയാണ്…
Fact Check By: Vasuki SResult: Partly False
