
ഇസ്രയേലിന്‍റെ വ്യോമപാതാ വിലക്ക് ലംഘിച്ച് ചൈന ഗാസയ്ക്ക് സഹായമെത്തിക്കുന്ന ദൃശ്യങ്ങളെന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
യുദ്ധവിമാനങ്ങള്‍ പറക്കുന്നതും വിമാനങ്ങളില്‍നിന്നും ഭക്ഷണപ്പൊതികളും മറ്റും താഴേയ്ക്ക് ഇട്ടുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുദ്ധവിമാനങ്ങളില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ചൈന ഭരണകൂടത്തിന്‍റെ പ്രവൃത്തിയാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇസ്രായേലിന്റെ വ്യോമപാത നിരോധനം ലംഘിച്ചുകൊണ്ട് ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ചൈന. ”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണെന്നും പഴയ പല വീഡിയോകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വീഡിയോയാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പല വീഡിയോകള്‍ സംയോജിപ്പിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തമാകും. കാരണം ഇതിലെ പല ഷോട്ടുകളിലും ക്ലാരിറ്റി വ്യത്യാസമാണ്. വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പിരമിഡിന് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറക്കുന്നതിന് സമാനമായ ദൃശ്യങ്ങള്‍ പല ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ 2025 മെയ് ആദ്യവാരം പങ്കുവച്ചിട്ടുണ്ട്.
ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം ഈജിപ്ത്, ചൈന വ്യോമസേനകള്‍ ഈജിപ്തിലെ ഗിസ പിരമിഡിന് മുകളില്‍ നടത്തിയ വ്യോമാഭ്യാസം എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
Ahmed.attarr എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും മെയ് 2ന് സമാന അടിക്കുറിപ്പോടെ ഇതേ വീഡിയോ പങ്കുവെച്ചതായികാണാം.
ഈ സൂചനകള്‍ ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. റോയിട്ടേഴ്സ് മെയ് ആദ്യവാരം നടത്തിയ സംയുക്ത വ്യോമാഭ്യാസത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്..
പ്രസ്തുത വ്യോമാഭ്യാസം സംബന്ധിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം ഏപ്രിലില്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് ലഭ്യമാണ്. അതായത്, വീഡിയോയിലെ ആദ്യ ഭാഗം പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ ചൈന ഗാസയ്ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്ന ദൃശ്യങ്ങളല്ല.
വീഡിയോയിലെ മറ്റു ദൃശ്യങ്ങള്‍ നോക്കിയപ്പോള്‍ വിമാനത്തില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ താഴേക്ക് ഇട്ടുനല്‍കുന്ന സമാന വീഡിയോ ഗെറ്റി ഇമേജസ് വെബ്സൈറ്റില്‍ കണ്ടെത്തി. ഗാസയ്ക്ക് യുഎന്‍ 2024 ഒക്ടോബറില്‍ നല്‍കിയ സഹായത്തിന്‍റെതാണ് ഈ ദൃശ്യങ്ങള്‍.
ഗാസയിലേക്ക് ഈയടുത്ത് വ്യോമമാര്‍ഗം ചൈന സഹായമെത്തിച്ചതുമായി വിശ്വസനീയമായ വാര്‍ത്തകള്‍ ഒന്നും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. ചൈനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഗാസയ്ക്ക് ചൈന സഹായം ലഭ്യമാക്കിയത് 2025 ഫെബ്രുവരിയിലാണ്. എന്നാല്‍ ഇതും വ്യോമമാര്‍ഗമായിരുന്നില്ല.
ഗാസയ്ക്ക് അവസാനം സഹായം ലഭിച്ചത് 2025 മാര്‍ച്ചിലാണെന്ന് യൂനിസെഫ് X ഹാന്റിലില്‍ വ്യക്തമാക്കുന്നു.
നിഗമനം
പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇസ്രയേല്‍ വിലക്ക് ലംഘിച്ച് ചൈന വ്യോമമാര്‍ഗം ഗാസയ്ക്ക് സഹായമെത്തിച്ചുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ ആദ്യഭാഗം ചൈന, ഈജിപ്ത് വ്യോമസേനകള്‍ ഈജിപ്തിലെ ഗിസ പിരമിഡിന് മുകളിലൂടെ നടത്തിയ വ്യോമാഭ്യാസത്തിന്‍റെതാണ്. തുടര്‍ന്നുള്ള ഭാഗം ഗാസയ്ക്ക് യുഎന്‍ 2024 ഒക്ടോബറില്‍ നല്‍കിയ സഹായത്തിന്‍റെതാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇസ്രയേല്‍ വിലക്ക് ലംഘിച്ച് ഗാസയ്ക്ക് ചൈനയുടെ സഹായം..? പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
Written By: Vasuki SResult: False
