
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം AI171 മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ച് കത്തുന്ന ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് അഹമ്മദാബാദിൽ നടന്ന വിമാന അപകടവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു കെട്ടിടം കത്തുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “എയർ ഇന്ത്യ വിമാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ച് കത്തുന്ന ദൃശ്യം. വിമാനം തകർന്ന് വീണതിനെതുടർന്ന് കോളേജ് ഹോസ്റ്റലിൽ നിന്നും ജീവൻ രക്ഷിക്കാനായി താഴേക്ക് ചാടുന്നവർ ”.
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ അഹമ്മദാബാദ് വിമാനാപകടത്തിൻ്റെതല്ല എന്ന് മനസിലായി. ഈ വീഡിയോ 10 ജൂൺ 2025ന് അതായത് അഹമ്മദാബാദ് വിമാനാപകടത്തിന് 2 ദിവസം മുൻപാണ് ഈ വീഡിയോ Xൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ ഡൽഹിയിലെ ദ്വാരകയിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൻ്റെതാണ്. തീയിൽ നിന്ന് രക്ഷപെടാൻ ഒരു വ്യക്തിയും അദ്ദേഹത്തിൻ്റെ രണ്ട് മക്കളും കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മരിച്ചു എന്നാണ് പോസ്റ്റ് പറയുന്നത്. വീഡിയോയുടെ മുകളിൽ എൻ.ഡി.ടി.വിയുടെ ലോഗോ നമുക്ക് കാണാം. ഞങ്ങൾ എൻ.ഡി.ടി.വിയിൽ ഈ സംഭവത്തിനെ കുറിച്ചുള്ള വാർത്ത കണ്ടെത്തി. എൻ.ഡി.ടി.വിയുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം.
വാർത്ത അനുസരിച്ച് 10 ജൂൺ 2025ന് ഡൽഹിയിലെ ദ്വാരകയിൽ ഒരു കെട്ടിടത്തിൻ്റെ 9, 10 നിലകളിൽ തീപിടിത്തമുണ്ടായി. ഈ സമയത് യഷ് യാദവ് എന്ന 35 കാരൻ തൻ്റെ രണ്ട് മക്കൾക്കൊപ്പം അവരുടെ വീടിൻ്റെ ബാൽക്കണിയിൽ കുടുങ്ങി. വേഗത്തിൽ പകരുന്ന തീയിൽ നിന്ന് രക്ഷപെടാൻ യാദവും അദ്ദേഹത്തിൻ്റെ 10 വയസ് പ്രായമുള്ള രണ്ട് മക്കളും ബാൽക്കണിയിൽ നിന്ന് ചാടി. പക്ഷെ ആശുപത്രിയിൽ ഇവരെ എത്തിച്ചപ്പോൾ ഡോക്ടർമാർ ഇവർ മരിച്ചതായി പ്രഖ്യാപിച്ചു.
നിഗമനം
എയർ ഇന്ത്യ വിമാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ച് കത്തുന്ന ദൃശ്യം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഡൽഹിയിലുണ്ടായ ഒരു തീപിടിത്തത്തിൻ്റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഡൽഹിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ഇടിച്ച മെഡിക്കൽ കോളേജ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False
