
11 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ കുഞ്ഞിനെ മരിക്കുന്നതിന് മുമ്പ് കെട്ടിപിടിച്ച് സ്നേഹിക്കുന്ന ഒരു അമ്മ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ വീഡിയോയില്‍ നമുക്ക് ഒരു അമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതായി കാണാം. വാത്സല്യം നിറഞ്ഞ ഈ ദൃശ്യത്തിന്റെ പിന്നാലെ ഈ സ്ത്രി മരിക്കുന്നുവെന്നും കുട്ടിയുടെ അച്ഛന് അത് കണ്ട് കരയുന്നുവെന്നും വീഡിയോയില്‍ വാദിക്കുന്നുണ്ട്. വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ഓപ്പറേഷൻ കഴിഞ്ഞ് 7 മണിക്കൂർ നീണ്ടുനിന്ന യഥാർത്ഥ ചിത്രം…💔മരിച്ചുപോയ അമ്മയുടെ കയ്യിൽ ഒരു നവജാത ശിശു. വലതുവശത്തു ഒരു ഡോക്ടർ കരയുന്നു, അമ്മയ്ക്ക് ഗുരുതരമായ രോഗം ഉണ്ടായിരുന്നു.കുഞ്ഞിന് ജനിക്കാൻ കഴിയുമായിരുന്നില്ല..11 വർഷമായിട്ടുള്ള കാത്തിരിപ്പാണ് ആ അമ്മയുടേത് 💔ഒന്നെങ്കിൽ കുട്ടിയെ അല്ലെങ്കിൽ അമ്മയെ രക്ഷിക്കുക…. ഡോക്ടർ 7 മണിക്കൂർ പരമാവധി ശ്രമിച്ചിട്ടും കുട്ടിയേയും അമ്മയെയും ഒരുമിച്ച് രക്ഷിക്കാനായില്ല 🥀അവസാനം ആ അമ്മ തന്നോട് ആവശ്യപ്പെട്ടത് നടപ്പിലാക്കാൻ ഡോക്ടർ തീരുമാനിച്ചു, അതായത് ആ അമ്മയുടെ ജീവൻ പണയപ്പെടുത്തി കുട്ടിയെ രക്ഷിക്കുക 💔,ആ അമ്മ പ്രസവശേഷം കുഞ്ഞിനെ അവസാനമായി മടിയിലിരുത്തി ചുംബിക്കുകയും,ആലിംഗനം ചെയ്യുകയും പിന്നെ ഒരു ചെറു പുഞ്ചിരിയോടെ ആ അമ്മ തന്റെ കുഞ്ഞിനെ നോക്കി കണ്ണുകളടച്ചു 🥺ആ അമ്മയുടെ ജീവൻ നിലക്കുന്നു 💔
ആ അമ്മ തന്റെ സ്വന്തം ജീവൻ നൽകി ആ മകനെ രക്ഷിച്ചു 💔🥀”
ഈ അടികുറിപ്പ് വെച്ച് ഇതേ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വീഡിയോയെ കുറിച്ച് വാദിക്കുന്നത് സത്യമാണോ അതോ അല്ലയോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് ഞങ്ങള്‍ വീഡിയോയെ വിവിധ കീ ഫ്രെമുകളായി വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അമ്മയുടെയും കുഞ്ഞിന്റെയും ഇതേ ദൃശ്യങ്ങള്‍ റഷ്യന്‍ സാമുഹ മാധ്യമ വെബ്സൈറ്റ് VKയില്‍ ലഭിച്ചു. വീഡിയോയില്‍ സ്ത്രി തന്റെ ഇപ്പോള്‍ ജനിച്ച കുഞ്ഞിനെ സ്നേഹിക്കുന്നു.
ഒറിജിനല്‍ വീഡിയോ- Vk.ru | Archived Link
വീഡിയോയില്‍ റഷ്യന്‍ ഭാഷയിലാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ജെ.എന്‍.യുവിന്റെ ഫോറീന്‍ ലാംഗ്വേജ് വിഭാഗവുമായി ബന്ധപെട്ടു. അവര്‍ ഈ വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണം കേട്ട് പറഞ്ഞത്. “വീഡിയോയില്‍ പുതുതായി അമ്മയായ സ്ത്രി തന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്. മറ്റൊന്നുമില്ല”
വീഡിയോയില്‍ അവസാനം കാണുന്ന രണ്ട് ചിത്രങ്ങള്‍ ഇതിനു മുന്നേയും തെറ്റായ വിവരണത്തോടെ വൈറല്‍ ആയിരുന്നു. അന്ന് ഞങ്ങള്‍ ഇതിന്റെ സത്യാവസ്ഥ താഴെ നല്കിയ റിപ്പോര്‍ട്ടില്‍ പ്രസിദ്ധികരിച്ചിരുന്നു.
കുഞ്ഞിന് ജന്മം നല്കിയ ശേഷം ഈ അമ്മ മരണപ്പെട്ടോ?
ആദ്യത്തെ ചിത്രം ഒരു തുര്‍ക്കി ഫോട്ടോഗ്രാഫി ഫെസ്ബൂക്ക് പേജ് 2015 ഡിസംബറില്‍ പ്രസിദ്ധികരിച്ചതാണ്. പോസ്റ്റിന്റെ അടിക്കുറിപ്പില്‍ എഴുതിയ പ്രകാരം പ്രസവിച്ച അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ ആണിത്. ഇതില്‍ അമ്മ പ്രസവത്തിനിടെ മരിച്ചു എന്നതിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. കുടാതെ ഈ ചിത്രത്തിന് മുകളില്‍ നല്കിയ വീഡിയോയുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാകുന്നു.

പോസ്റ്റ് കാണാന്‍- Facebook | Archived Link
മറ്റേ ഫോട്ടോ 2017ല്‍ ഒസ്ഗെ മെട്ടിന് എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രമാണ്. ഈ ചിത്രത്തില്‍ കാണുന്ന വ്യക്തിയുടെ ഭാര്യ മരിച്ചിട്ടില്ല എന്ന് അവര്‍ അവരുടെ ഇന്‍സ്റ്റാ അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലിങ്ക്-Instagram
ഈ ചിത്രത്തിന് മുകളിലെ ചിത്രവും വീഡിയോയുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അസംബന്ധിതമായ വീഡിയോയും ചിത്രങ്ങളും ചേര്‍ത്ത് വ്യാജ പ്രചരണമാണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നത്.

Title:അമ്മ സ്വന്തം ജീവന് ബലി കൊടുത്ത് ജന്മം നല്കിയ കുഞ്ഞിനെ അവസാനമായി ലാളിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
